ബിഗ് ബോസില്‍ വരും ദിവസങ്ങളിൽ ലാലേട്ടന്‍റെ കൂടുതൽ 'വേഷ'ങ്ങളുണ്ടാവുമോ? അവതാരങ്ങൾ പിറവിയെടുക്കുമോ?

By Sunitha DevadasFirst Published Feb 16, 2020, 1:23 PM IST
Highlights

ഡോ. സണ്ണിയും ആടുതോമയും കടന്ന് ലാലേട്ടന്‍റെ പകര്‍ന്നാട്ടങ്ങള്‍
ബിഗ് ബോസ് റിവ്യൂ : സുനിതാ ദേവദാസ്

ഇത്തരത്തിൽ നടൻ എന്നതിനപ്പുറം ലാലേട്ടൻ അവതാരകനാവുമ്പോൾ അതിനു വല്ലാത്തൊരു സൗന്ദര്യവും കൗതുകവുമുണ്ട്. വരും ദിവസങ്ങളിൽ ലാലേട്ടന്റെ കൂടുതൽ പകർന്നാട്ടങ്ങളുണ്ടാവട്ടെ... പല അവതാരങ്ങൾ ഉണ്ടാവട്ടെ...

 

നമ്മുടെ പ്രിയപ്പെട്ട ലാലേട്ടനെക്കുറിച്ച് അദ്ദേഹത്തെ വളരെ അടുത്തറിയാവുന്ന ഒരാൾ പറഞ്ഞ ഒരു കാര്യമുണ്ട്. ലാലേട്ടൻ ഒരു സിംഹത്തെ പോലെയാണ്. എല്ലാ കാര്യങ്ങളും ഓക്കെയാണെങ്കിൽ, പ്രശ്നങ്ങളൊന്നുമില്ല എന്ന തോന്നലുണ്ടെങ്കിൽ കാട്ടിലെ രാജാവായി തലയെടുപ്പോടെ ഇങ്ങനെ രാജകീയമായി കൈ തലയ്ക്കു കുത്തി ചരിഞ്ഞു കിടക്കും.  

ആ കിടപ്പ് കാണുമ്പോ നമ്മളൊക്കെ ഓർക്കും ആഹാ എന്ന്. എന്നാൽ, എവിടെയോ എന്തോ പ്രശ്നമുണ്ടോ എന്നൊരു തോന്നൽ ഉണ്ടായാൽ മതി ശ്രദ്ധാലുവാകും. ചാടി എഴുന്നേൽക്കും. ചുറ്റും നോക്കും. ചുഴിഞ്ഞു നോക്കും. ആ പ്രശ്നമുണ്ടാവാതെ നോക്കിയാൽ എല്ലാവര്‍ക്കും കൊള്ളാം എന്ന്.

ഇന്നലെ ആ സിംഹം ഒന്ന് സട  കുടഞ്ഞുണർന്നു ചുറ്റും നോക്കി. എവിടെയോ എന്തോ തകരാറുണ്ടെന്നു തോന്നിയിട്ടാവും.

ബിഗ് ബോസിൽ ലാലേട്ടൻ പകർന്നാട്ടം നടത്തിയ ദിവസമായിരുന്നു. സത്യത്തിൽ ലാലേട്ടന് പല മുഖങ്ങളുണ്ട്, പല ഭാവങ്ങളുണ്ട്, പല അവതാരങ്ങളുണ്ട്. സാധാരണ ദിവസങ്ങളിൽ ലാലേട്ടൻ ടി പി ബാലഗോപാലൻ എം എ യും കിലുക്കത്തിലെ ജോജിയുമൊക്കെയാണ്.

മറ്റുള്ളവരുടെ വികാരങ്ങളെയും വിചാരങ്ങളെയും മനസിലാക്കുന്ന എമ്പതിയുള്ള സിമ്പതിയുള്ള എല്ലാത്തിനെയും സ്നേഹത്തോടെയും കരുണയോടെയും കണ്ട്  കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് എന്ന് പറയുന്ന ലാലേട്ടൻ. മിക്കവാറും ദിവസങ്ങളിൽ ലാലേട്ടൻ ബിഗ് ബോസ് അവതാരകനായി എത്തുന്നത് അങ്ങനെയാണ്.

ഇതൊന്നും ശരിയല്ല, നിങ്ങളുടെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് എന്നതിനപ്പുറത്തേക്ക് ലാലേട്ടൻ അങ്ങനെ പോകാറില്ല. കഴിഞ്ഞ ആഴ്ച മഞ്ജു, രജിത് കുമാറിന് കുഷ്ഠരോഗികളുടെ മനസാണ് എന്ന് പറഞ്ഞപ്പോഴാണ് ലാലേട്ടൻ ആദ്യമായി ആറാം തമ്പുരാനായി മുണ്ടും മടക്കി കുത്തി ഇറങ്ങിയത്. ഇങ്ങനെ വായിൽ തോന്നിയത് പറയാൻ നിങ്ങളൊക്കെ ആരാണാവോ എന്ന് ലാലേട്ടൻ ജൂബ്ബയുടെ കൈ മടക്കി കൊണ്ട് ചോദിച്ചപ്പോൾ വീട് ഒരു നിമിഷം നിശ്ചലമായി.

എന്നാൽ വളരെ  പെട്ടെന്ന് ലാലേട്ടൻ പകർന്നാട്ടം നടത്തി മണിച്ചിത്രത്താഴിലെ സണ്ണിയായി മാറി. നിങ്ങളുടെ ഓരോരുത്തരുടെയും ഉള്ളിലിരിപ്പ് ഒക്കെ എനിക്ക് അറിയാം. എന്നെ കൊണ്ടത് മുഴുവൻ പറയിപ്പിക്കരുത് എന്ന് പറയുന്ന സണ്ണി.

എന്നാൽ, ഈ ആഴ്ച ലാലേട്ടൻ ആട് തോമയായും മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും സണ്ണിയായും പകർന്നാടി നിറഞ്ഞു നിന്നു. വഴി മാറെടാ മുണ്ടക്കൽ ശേഖരാ എന്ന് പറഞ്ഞു മാനം മുട്ടി നിന്ന ലാലേട്ടന് മുന്നിൽ  മത്സരാര്‍ത്ഥികള്‍ നിഷ്പ്രഭരായി നിറം മങ്ങി നിന്ന് പോയ ദിവസമായിരുന്നു ഇന്നലെ.

കഴിഞ്ഞ ആഴ്ച ഫുക്രുവും രജിത് കുമാറും തമ്മിലുണ്ടായ വാക്കുതർക്കവും കയ്യാങ്കളിയും ലാലേട്ടൻ ചോദിച്ചത് മംഗലശ്ശേരി നീലകണ്ഠനായിട്ടാണ്. അങ്ങനെ ചോദിച്ചോണ്ടിരിക്കുമ്പോൾ തലയാട്ടി കൊണ്ടിരുന്ന ഫുക്രുവിന്  നേരെ ലാലേട്ടൻ ആടുതോമയായി വെട്ടിത്തിരിഞ്ഞു. മുണ്ടു പറിച്ചു അവന്റെ തലയിലിട്ടു കൂമ്പിനിടിച്ചു. നീ തലയാട്ടേണ്ട, നിന്നോടാണ് പറയുന്നത് എന്ന് പറഞ്ഞു.

രജിത് കുമാറിനോടും കടുപ്പിച്ചു തന്നെ അദ്ദേഹത്തിന്റെ വീടിനുള്ളിലെ ഏകാന്ത കളിയും ഒറ്റപ്പെടൽ സ്ട്രാറ്റജിയും ശരിയല്ല എന്ന് പറഞ്ഞു. പ്രായം എന്നത് വെറുമൊരു നമ്പർ ആണെന്നും അതിനു പ്രിവിലേജ് അവകാശപ്പെടാനില്ലെന്നും ഓർമിപ്പിച്ചു. വീട് മുഴുവൻ നിശബ്ദമായി പോയി ഒരു നിമിഷം..

അടുത്ത നിമിഷം ജസ്ലയുടെ നേരെ സ്റ്റീഫൻ നെടുമ്പള്ളിയായി വെട്ടിത്തിരിഞ്ഞു. കഴുത്തിന് ചവിട്ടി പിടിച്ചു തന്നെ താക്കീത് ചെയ്തു. ഇനി ഭക്ഷണം വലിച്ചെറിഞ്ഞാൽ ചവിട്ടിക്കൂട്ടും എന്ന്.

അപ്പോഴാണ് മൂലക്ക് എല്ലാവരെയും ഉപദേശിച്ചു കൊണ്ടിരുന്ന ആര്യ ലാലേട്ടന്റെ ശ്രദ്ധയിൽ പെട്ടത്. ഒറ്റ നിമിഷം കൊണ്ട് ലാലേട്ടൻ വിൻസന്‍റ് ഗോമസായി ആര്യയ്ക്ക് മുന്നിലെത്തി. ഗുണ്ടാ സംഘങ്ങളെയും ഗ്യാങ്ങുകളെയും ഗാങ് ലീഡർമാരെയും നിർദ്ദയമായി കൈകാര്യം ചെയ്യാനും നിലക്ക് നിർത്താനുമറിയുന്ന വിൻസന്‍റ് ഗോമസ്.

മറ്റുള്ളവരെ ഉപദേശിക്കുന്നത് സ്വന്തം കാര്യത്തിലും പ്രവർത്തികമാക്കണമെന്നു പറഞ്ഞു. ടെലി ബ്രാൻഡിങ്ങിൽ രജിത്തിനെ അകാരണമായി അപമാനിക്കുന്നത് ശരിയായില്ലെന്നു പറഞ്ഞു. ഈ കളിയൊക്കെ നമ്മൾ എന്നേ വിട്ട സീൻ ആണെന്നും എന്നെ കൊണ്ട് തോക്ക് എടുപ്പിക്കരുതെന്നും വിൻസന്‍റ് ഗോമസ് ഓർമിപ്പിച്ചു.

ഉടൻ ആറാം തമ്പുരാനായി രജിത് കുമാറിന് നേരെ ഇതൊക്കെ ഒരു ബ്ലാക്ക് ഹ്യൂമർ ആയി എടുത്തു കൂടെ എന്നും ഫുക്രു കുട്ടിക്കളി കളിക്കുമ്പോൾ രണ്ടു മിനിറ്റ് ക്ഷമിച്ചു കൂടെ എന്നും... അപ്പൊ തന്നെ ഫുക്രുവിന്റെ നേരെ തിരിഞ്ഞു തന്മാത്രയിൽ ഉത്തരവാദിത്തമുള്ള രക്ഷിതാവായി, മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നോണം എന്ന് പറഞ്ഞു.

അപ്പൊ തന്നെ സണ്ണിയായും മംഗലശ്ശേരി നീലകണ്ഠനായും കാർത്തികേയനായും രജിത്തിന്‌ നേരെ തിരിഞ്ഞു ഇവിടെ സീനിയർ എന്നൊന്നുമില്ല, കുടുംബത്തിലെ വലിയ ആൾ എന്നൊന്നും ഭാവിക്കേണ്ടതില്ലെന്നും അങ്ങനെ ലോകത്തു വലിയൊരാൾ എന്നൊരാൾ ഇല്ലെന്നും താക്കീത് ചെയ്തു. കോളേജിൽ കുട്ടികളെ പഠിപ്പിക്കുന്നത് കൊണ്ട് താൻ പറയുന്നത് എല്ലാവരും കേൾക്കണമെന്ന മനസുള്ള ആളായി തോന്നുന്നുണ്ടോ, പ്രായത്തിലൊന്നും ഒരു കാര്യവുമില്ല, പ്രായം കുറവുള്ള എത്രയോ പ്രതിഭകളുണ്ട്, എന്നൊക്കെ സൈക്കോളജിക്കലായും അതേസമയം നിർദേശമായും പറഞ്ഞു...

ലാലേട്ടൻ മംഗലശേരി നീലകണ്ഠനും സണ്ണിയും ആടുതോമയും വിൻസന്‍റ് ഗോമസുമായി മാറിയപ്പോൾ ആര്യ മാപ്പ് പറയുന്നു, ഫുക്രു മാപ്പ് പറയുന്നു, രജിത് കുമാർ തിരുത്തുന്നു, ജസ്ല മര്യാദക്കാരിയാവുന്നു. പ്രേക്ഷകർക്ക് സന്തോഷം നൽകിയ ഒരു എപ്പിസോഡായിരുന്നു ഇന്നലത്തേത്.

ലാലേട്ടൻ മിക്കപ്പോഴും ബിഗ് ബോസിൽ പ്രത്യക്ഷപ്പെടുന്നത് ഒരു കുസൃതിയുമായിട്ടാണ്. ഇന്നലെത്തന്നെ ജസ്ലയോട് നാഗവല്ലി മനോഹരി എന്ന് പറയുന്ന ആ കുസൃതി. സെൻസ് വേണം, സെന്‍സിറ്റിവിറ്റി വേണം, സെന്‍സിബിലിറ്റി വേണം എന്ന് പറയുന്ന ആ കുസൃതി. ഇന്ന് വാലന്‍റൈൻസ് ഡേ ആശംസിച്ചപ്പോഴുള്ള കുസൃതി. എന്നിട്ട് ചരിഞ്ഞുള്ള ഒരു നിർത്തവും ചിരിയും.

ഇടക്ക് ലാലേട്ടൻ ഫിലോസഫിയും പിന്നെ ചില അതീന്ദ്രീയ കാര്യങ്ങളും പറയുന്ന ആളാവും. വിസ്മയത്തുമ്പത്തിലെ ശ്രീകുമാറാവും. ഇന്ന് തന്നെ മഞ്ചു ഉഴിഞ്ഞിട്ടതിനെക്കുറിച്ചു ലാലേട്ടൻ ആസ്ട്രൽ കോമ്പിങ് ഓർമിപ്പിച്ചു.

ഇത്തരത്തിൽ നടൻ എന്നതിനപ്പുറം ലാലേട്ടൻ അവതാരകനാവുമ്പോൾ അതിനു വല്ലാത്തൊരു സൗന്ദര്യവും കൗതുകവുമുണ്ട്. വരും ദിവസങ്ങളിൽ ലാലേട്ടന്റെ കൂടുതൽ പകർന്നാട്ടങ്ങളുണ്ടാവട്ടെ... പല അവതാരങ്ങൾ ഉണ്ടാവട്ടെ...

ലാലേട്ടൻ ഇങ്ങനെ എല്ലാ ആഴ്ചയും പകർന്നാട്ടം നടത്തിയാൽ ബിഗ് ബോസ് ഷോ തന്നെ അടിപൊളിയാവും. എന്താടോ വാര്യരെ നന്നാവാത്തത് എന്ന് ഓരോരുത്തരോടും ചോദിക്കണം. തീർക്കാൻ കണക്കുകൾ ബാക്കിവയ്ക്കുന്ന സ്വഭാവം എനിക്കില്ല എന്ന്, ഈ ആഴ്ച തന്നെ ഞാൻ നിങ്ങളുടെയൊക്കെ പപ്പും പൂടയും പറിക്കും എന്ന് പേടിപ്പിക്കണം. ഈ ഹരിക്കുമ്പഴും ഗുണിക്കുമ്പഴും ഉത്തരം ശരിയാണെന്ന് തോന്നിയാലും ഒന്നൂടെ ഹരിച്ചും ഗുണിച്ചും നോക്കുന്നത് നല്ലതല്ലേന്നു വീണ്ടും വീണ്ടും ഇവരോട് ചോദിക്കണം. ഞാൻ കണ്ടു. കിണ്ടി... കിണ്ടി എന്ന് ഇവരോട് ഓരോ സംഭവവും ചോദിക്കണം. നാണിപ്പിക്കണം.

അല്ലെങ്കിൽ മത്സരാർത്ഥികളുടെ വിചാരം അവരുടെ തോന്ന്യാസമാണ് ഷോ, ഇവിടെ ചോദിക്കാനും പറയാനുമൊന്നും ആളില്ല, കയ്യൂക്കുള്ളവൻ കാര്യക്കാരൻ, ആ ലാലേട്ടൻ വരും, മോളെ, മോനെ എന്നൊക്കെ വിളിച്ചു കുറുമ്പിത്തിരി കൂടുന്നുണ്ട് എന്ന് പറഞ്ഞു പോകും എന്നാണ്.

ലാലേട്ടൻ ആ ധാരണ തിരുത്തിയ ദിവസമായിരുന്നു ഇന്നലെ. ലാലേട്ടൻ എപ്പഴും ഇങ്ങനെ പകർന്നാടുന്നത് കാണാനാണ് പ്രേക്ഷകർക്ക് ഇഷ്ടം. എന്നിട്ട് പോകുമ്പോ പറയണം 'മൈ ഫോൺ നമ്പർ ഈസ് 2255... ഇവർ ഇവിടെ തോന്ന്യാസം കാണിക്കുക ആണെങ്കിൽ എന്നെ വിളിച്ചു പറയണം' എന്ന്. ഇവരെ നന്നാക്കാൻ വേണ്ടി ലാലേട്ടൻ ഒരു മനോരോഗചികിത്സകനും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ ഒക്കെ സഞ്ചരിക്കേണ്ടി വരും എന്നാണു ഷോ കണ്ടിട്ട് തോന്നുന്നത്.

എങ്കിൽ ബിഗ് ബോസിൽ ഫെയർ പ്ലേ ഉണ്ടാവും. 

click me!