
ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ പുതിയ നീക്കവുമായി ആംപിയർ. ഗ്രീവ്സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ ആംപിയർ ഇനി ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കും കടക്കുകയാണ്. 2025ലെ ഇന്ത്യ മൊബിലിറ്റി എക്സ്പോയിൽ അവതരിപ്പിച്ച സൈബർ കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ പതിപ്പിനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ഓല, റിവോൾട്ട്, ഓബെൻ തുടങ്ങിയ കമ്പനികളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകളോട് മത്സരിക്കാനായിരിക്കും പുതിയ മോഡൽ എത്തുക. ഒറ്റ ചാർജിൽ ഏകദേശം 200 കിലോമീറ്റർ റേഞ്ച് നൽകുന്ന വലിയ ബാറ്ററി പായ്ക്കാണ് സൈബറിൽ പ്രതീക്ഷിക്കുന്നത്.
ആംപിയർ സൈബറിന്റെ ഡിസൈനിന് ഇന്ത്യയിൽ പേറ്റന്റ് ലഭിച്ചതായാണ് വിവരം. കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച കൺസെപ്റ്റ് മോഡലിനോട് ഏറെ സാമ്യമുള്ളതാണ് പേറ്റന്റ് ഡിസൈൻ. വ്യത്യസ്തവും ഭാവിയിലേക്ക് നോക്കിയുള്ളതുമായ രൂപകൽപ്പനയാണ് സൈബറിന്റെ പ്രധാന പ്രത്യേകത. സ്ട്രീറ്റ്-നേക്കഡ് മോട്ടോർസൈക്കിൾ ശൈലിയിലുള്ള വാഹനത്തിൽ ഇന്ധന ടാങ്ക് ഇല്ലാത്തതിനാൽ മുൻഭാഗം മുതൽ പിൻ സബ്ഫ്രെയിം വരെ നീളുന്ന ഒറ്റ ബോഡി പാനലാണ് നൽകിയിരിക്കുന്നത്.
ആംപിയർ ലോഗോയും പേരും ഉൾപ്പെടുത്തിയ മസ്കുലാർ ടാങ്ക് ആവരണമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഹെഡ്‌ലൈറ്റിന് മുകളിലുള്ള ഫ്ലൈസ്‌ക്രീനിലും സമാനമായ ബ്രാൻഡിങ് കാണാം. ടേൺ ഇൻഡിക്കേറ്ററുകൾക്ക് പുറമെ വിംഗ്‌ലെറ്റ് പോലുള്ള ഘടകങ്ങളും ഡിസൈനിന്റെ ഭാഗമാണ്. പൂർണമായും എൽഇഡി ഹെഡ്‌ലൈറ്റാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ലോ ബീമിന്റെയും ഹൈ ബീമിന്റെയും ഉയരം ക്രമീകരിക്കാൻ രണ്ട് ഡയലുകളും കൺസെപ്റ്റ് മോഡലിൽ നൽകിയിരുന്നു.
ചാർജിങ് പോർട്ട് മോട്ടോർസൈക്കിളിന്റെ മുകളിലാണ് നൽകിയിരിക്കുന്നത്. സാധാരണ ഇന്ധന മോട്ടോർസൈക്കിളുകളിൽ ഇന്ധനം നിറയ്ക്കുന്ന ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ബാറ്ററിക്ക് ചുറ്റുമുള്ള പ്രത്യേക കേസിങ്ങും ശ്രദ്ധേയമാണ്. ഇരുവശത്തും എയർ ഇൻടേക്കുകൾക്ക് സമാനമായി തോന്നുന്ന ഹീറ്റ് സിങ്ക് രൂപകൽപ്പനയും നൽകിയിട്ടുണ്ട്. ബാറ്ററിയും മോട്ടോറും ലിക്വിഡ് കൂൾഡ് സംവിധാനമുള്ളതായിരിക്കും എന്നാണ് സൂചന.
10 കിലോവാട്ട് വരെ, അതായത് ഏകദേശം 13.5 ബിഎച്ച്പി വരെ പവർ നൽകുന്ന മിഡ് മൗണ്ടഡ് ഇലക്ട്രിക് മോട്ടോറായിരിക്കും സൈബറിന്റെ മറ്റൊരു പ്രധാന സവിശേഷത. ചെയിൻ ഡ്രൈവ് വഴിയാണ് പിൻ ചക്രത്തിലേക്ക് മോട്ടോറിന്റെ ശക്തി കൈമാറുക. ഏകദേശം 200 കിലോമീറ്റർ റേഞ്ച് നൽകാൻ ശേഷിയുള്ള വലിയ ബാറ്ററി പാക്കായിരിക്കും വാഹനത്തിൽ ഉപയോഗിക്കുകയെന്നാണ് പ്രതീക്ഷ.
സ്പ്ലിറ്റ് സീറ്റുകൾ, സ്പ്ലിറ്റ് ഗ്രാബ് റെയിലുകൾ, സിംഗിൾ പീസ് സ്ട്രീറ്റ്-സ്റ്റൈൽ ഹാൻഡിൽബാർ എന്നിവ സൈബറിന്റെ ഡിസൈനിന്റെ ഭാഗമാണ്. പിൻഭാഗത്ത് വ്യത്യസ്‍തമായ എക്സ് ആകൃതിയിലുള്ള എൽഇഡി ടെയിൽലൈറ്റുകളും നൽകിയിട്ടുണ്ട്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഗൂഗിൾ മാപ്പ് പിന്തുണയും ലഭിക്കുന്ന ചെറിയ തിരശ്ചീന ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും കൺസെപ്റ്റിൽ ഉണ്ടായിരുന്നു. ഈ സംവിധാനം പ്രൊഡക്ഷൻ മോഡലിലും എത്തുമെന്നാണ് പ്രതീക്ഷ.
മുൻവശത്ത് യുഎസ്‍ഡി ഫോർക്കുകളും പിന്നിൽ മോണോ ഷോക്കും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും കട്ടിയുള്ള ടയറുകളും ഉൾപ്പെടെയുള്ള പ്രീമിയം ഘടകങ്ങളും സൈബറിൽ പ്രതീക്ഷിക്കുന്നു. നിലവിൽ ആംപിയർ സൈബറിന്റെ വിലയോ കൃത്യമായ ലോഞ്ച് തീയതിയോ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്നാൽ വിപണിയിലെത്തുമ്പോൾ ഓല, റിവോൾട്ട്, ഓബെൻ തുടങ്ങിയ ബ്രാൻഡുകളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്കായിരിക്കും സൈബർ പ്രധാനമായും വെല്ലുവിളി ഉയർത്തുക. ഇലക്ട്രിക് സ്‍കൂട്ടർ വിഭാഗത്തിൽ നാല് ലക്ഷം വാഹനങ്ങൾ നിർമ്മിച്ചെന്ന നേട്ടത്തിന് പിന്നാലെയാണ് ആംപിയർ മോട്ടോർസൈക്കിൾ വിഭാഗത്തിലേക്കും ചുവടുവയ്ക്കുന്നത്. പുതിയ മോഡൽ എത്തിയാൽ ഇന്ത്യൻ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.