
2025 ജൂൺ മാസത്തിൽ ബജാജ് ഓട്ടോയുടെ വിൽപ്പന കണക്കുകൾ പുറത്തുവന്നു. കമ്പനി മൊത്തം 3,60,806 യൂണിറ്റ് വിൽപ്പന റിപ്പോർട്ട് ചെയ്തു, കഴിഞ്ഞ വർഷം ഇതേ മാസത്തിൽ രേഖപ്പെടുത്തിയ 3,58,477 യൂണിറ്റുകളെ അപേക്ഷിച്ച് ഒരു ശതമാനം നേരിയ വർധനവാണ് ഇത്. കയറ്റുമതിയാണ് വളർച്ചയ്ക്ക് ആക്കം നൽകിയത്. കയറ്റുമതി 21 ശതമാനം വർദ്ധിച്ചപ്പോൾ, ആഭ്യന്തര വിൽപ്പന ഈ മാസത്തിൽ 13 ശതമാനം കുറഞ്ഞു.
ഇരുചക്ര വാഹന വിഭാഗത്തിൽ, ആഭ്യന്തര വിൽപ്പന 2024 ജൂണിൽ 1,77,207 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞ മാസം 1,49,317 യൂണിറ്റുകളായി കുത്തനെ ഇടിഞ്ഞു. 16 ശതമാനമാണ് ഇടിവ്. അതേസമയം കയറ്റുമതി മുൻ വർഷത്തെ 1,26,439 ൽ നിന്ന് 1,49,167 യൂണിറ്റുകളായി ഉയർന്നു. കയറ്റുമതിയിൽ 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. അങ്ങനെ, ഈ മാസത്തെ സംയോജിത ഇരുചക്ര വാഹന വിൽപ്പന 2,98,484 യൂണിറ്റുകളായി. അതേസമയം വാണിജ്യ വാഹനങ്ങളുടെ ആഭ്യന്തര വിൽപ്പന 39,143 യൂണിറ്റായി മാറ്റമില്ലാതെ തുടർന്നു.കയറ്റുമതി 2024 ജൂണിൽ 15,587 യൂണിറ്റുകളിൽ നിന്ന് 2025 ജൂണിൽ 23,179 ആയി ഉയർന്നു. ഈ സംഖ്യകൾ ഈ മാസത്തെ മൊത്തം വാണിജ്യ വാഹന വിൽപ്പന 62,322 യൂണിറ്റുകളായി ഉയർത്തി.
രണ്ട് വിഭാഗങ്ങളും ഒരുമിച്ച് ചേർത്താൽ, ബജാജ് ഓട്ടോയുടെ 2025 ജൂണിലെ ആഭ്യന്തര വിൽപ്പന 1,88,460 യൂണിറ്റുകളാണ്. കഴിഞ്ഞ വർഷം ഇത് 2,16,451 യൂണിറ്റുകളായിരുന്നു. മൊത്തം കയറ്റുമതി 1,42,026 ൽ നിന്ന് 1,72,346 യൂണിറ്റുകളായി ഉയർന്നു. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ബജാജിന്റെ ഇരുചക്ര വാഹനങ്ങളുടെയും വാണിജ്യ വാഹനങ്ങളുടെയും സംയോജിത വിൽപ്പന 11,11,237 യൂണിറ്റുകളായി. ഇത് 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയ 11,02,056 യൂണിറ്റുകളെ അപേക്ഷിച്ച് ഒരുശതമാനം മാത്രമാണഅ വർധനവ്.
ഇരുചക്ര വാഹന വിഭാഗത്തിൽ, ഈ പാദത്തിലെ ആഭ്യന്തര വിൽപ്പന 5,29,344 യൂണിറ്റുകളായി, കഴിഞ്ഞ വർഷം ഇത് 5,82,497 യൂണിറ്റുകളായിരുന്നു. ഇതേ വിഭാഗത്തിലെ കയറ്റുമതി 14 ശതമാനം ഉയർന്ന് 4,19,447 യൂണിറ്റിലെത്തി, 3,68,420 ൽ നിന്ന്. ഇതിന്റെ ഫലമായി ത്രൈമാസത്തിൽ ആകെ 9,48,791 ഇരുചക്ര വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടു. 2025 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 9,50,917 യൂണിറ്റുകൾ വിറ്റിരുന്നു.
അതേസമയം, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 1,62,446 യൂണിറ്റുകളായി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7 ശതമാനം വർധന. ആഭ്യന്തര വിൽപ്പന കഴിഞ്ഞ വർഷത്തെ 1,08,124 ൽ നിന്ന് 1,05,464 യൂണിറ്റായി നേരിയ തോതിൽ കുറഞ്ഞപ്പോൾ കയറ്റുമതി 32 ശതമാനം വർധിച്ച് 43,015 ൽ നിന്ന് 56,982 യൂണിറ്റായി. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ, ബജാജിന്റെ ആഭ്യന്തര വിൽപ്പന 8 ശതമാനം ഇടിഞ്ഞ് 6,34,808 യൂണിറ്റായി, കയറ്റുമതി 16 ശതമാനം ഉയർന്ന് 4,76,429 യൂണിറ്റായി എന്നാണ് റിപ്പോട്ടുകൾ.