
ഇന്ത്യയിൽ പുതിയ എസ്ആർ 175 പുറത്തിറക്കാൻ ഇറ്റാലിയൻ ടൂവീലർ ബ്രാൻഡായ അപ്രീലിയ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സ്‍കൂട്ടറിന്‍റെ വലുതും ശക്തവുമായ പതിപ്പ് ഇതിനകം ഡീലർഷിപ്പുകളിൽ എത്തിത്തുടങ്ങി എന്നാണ് റിപ്പോർട്ടുകൾ. ഇത് സ്‍കൂട്ടറിന്‍റെ ഔദ്യോഗിക ലോഞ്ച് ഉടൻ ഉണ്ടാകുമെന്ന് സൂചന നൽകി. നിലവിൽ രാജ്യത്ത് വിൽപ്പനയിലുള്ള എസ്ആർ 160 ന് പകരമായി എസ്ആർ 175 എത്തുമെന്നും പ്രതീക്ഷിക്കുന്നു.
ഡീലർഷിപ്പിൽ നിന്നുള്ള അപ്രീലിയ എസ്ആർ 175 ന്റെ ചിത്രങ്ങൾ സൂചിപ്പിക്കുന്നത് 160 സിസി പതിപ്പിൽ നിന്നാണ് അതിന്റെ ഡിസൈൻ പ്രചോദനം കൂടുതലും ലഭിക്കുന്നത് എന്നാണ്. എസ്ആർ കുടുംബത്തിന്റെ സ്‌പോർട്ടി ഡിഎൻഎയ്ക്ക് അനുസൃതമായി മൊത്തത്തിലുള്ള ഡിസൈൻ നിലനിൽക്കുന്നു. ഒപ്പം അപ്രീലിയ RS 457, ടുവോണോ 457 പോലുള്ള വലിയ ബൈക്കുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഗ്രാഫിക്സും കളർ സ്‍കീമുകളും ഉപയോഗിക്കുന്നു. എസ്ആർ 160 ന്‍റെ സ്ലീപ്പ്, സ്‌പോർട് ഡിസൈൻ ഇതിൽ തുടരുന്നു. അപ്രീലിയ ആർഎസ് 457, ട്യൂണോ 457 മോട്ടോർസൈക്കിളുകളിൽ നിന്നുള്ള കളർ തീമും ലഭിക്കുന്നു. സ്റ്റൈലിംഗ് ഇപ്പോഴും ഷാർപ്പും സ്‍പോട്ടിയുമായി തോന്നുന്നു. പഴയ എൽസിഡി യൂണിറ്റിന് പകരമായി പുതിയ ടിഎഫ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഉൾപ്പെടുത്തിയതാണ് ഒരു പ്രധാന നവീകരണം. ഈ ഡിസ്പ്ലേ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയോടൊപ്പം വിശാലമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുമെന്നും റൈഡറുടെ ഡിജിറ്റൽ അനുഭവം മെച്ചപ്പെടുത്തുമെന്നും പ്രതീക്ഷിക്കുന്നു.
അപ്രീലിയ എസ്ആർ 175 ന്റെ അടിസ്ഥാന ഘടകങ്ങളെക്കുറിച്ച് ബ്രാൻഡ് ഇതുവരെ ഒരു വിവരവും വ്യക്തമാക്കിയിട്ടില്ല. എങ്കിലും, അതിന്റെ ചെറിയ പതിപ്പിന്‍റെ അതേ സസ്‌പെൻഷൻ, ടയറുകൾ, ഫ്രെയിം, മറ്റ് ഹാർഡ്‌വെയർ ഘടകങ്ങൾ എന്നിവ ഇതിൽ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 175 സിസി എയർ-കൂൾഡ് എഞ്ചിൻ ആയിരിക്കും കരുത്ത് പകരുന്നത്. ഈ എഞ്ചിൻ ഏകദേശം 13 bhp കരുത്തും 14 Nm പീക്ക് ടോർക്കും സൃഷ്‍ടിക്കും.
ഫ്രണ്ടിൽ ഡിസ്‍കും പിന്നിൽ ഡ്രം ബ്രേക്ക് സജ്ജീകരണവുമാണ് ബ്രേക്കിംഗ് ഡ്യൂട്ടികൾ കൈകാര്യം ചെയ്യുന്നത്. പഴയ മോഡലിന് സമാനമായി 14 ഇഞ്ച് വീലുകളും വാഹനത്തിൽ ലഭിച്ചേക്കും. അപ്രീലിയ എസ്ആർ 175 ന്റെ കൃത്യമായ ഫീച്ചർ ലിസ്റ്റ് ലോഞ്ച് അടുക്കുമ്പോൾ പുറത്തുവിടും. എസ്ആർ 175 ന്റെ പൂർണ്ണ സവിശേഷതകളും വകഭേദങ്ങൾ തിരിച്ചുള്ള വിലയും അപ്രീലിയ ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെച്ചപ്പെട്ട എഞ്ചിൻ, ആധുനിക ഡിസ്പ്ലേ, സ്പോർട്ടി അപ്പീൽ എന്നിവയാൽ എസ്ആർ 175 പെർഫോമൻസ് സ്‍കൂട്ടർ വിഭാഗത്തിൽ ശക്തമായ ഒരു എതിരാളിയാകാൻ സാധ്യതയുണ്ട്.