
ഇന്ത്യൻ ഓട്ടോമൊബൈൽ ഭീമനായ ബജാജ് ഓട്ടോയ്ക്ക് വരും മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പൂർണ്ണമായും നിർത്തേണ്ടി വന്നേക്കാം എന്ന് റിപ്പോർട്ട്. ഇലക്ട്രിക് വാഹന നിർമ്മാണത്തിന് ആവശ്യമായ അപൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതിക്ക് ചൈന ഏർപ്പെടുത്തിയ നിരോധനമാണ് ഇതിന് പിന്നിലെ മുഖ്യ കാരണം. 2025 ഓഗസ്റ്റിൽ കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനം പൂർണ്ണമായും നിർത്തേണ്ടിവരുമെന്ന് ബജാജ് ഓട്ടോ എംഡി രാജീവ് ബജാജ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ. അപൂർവ എർത്ത് മാഗ്നറ്റുകളുടെ കയറ്റുമതി നിരോധിച്ചതിനാൽ, മോട്ടോറുകൾ നിർമ്മിക്കാൻ ആവശ്യമായ അസംസ്‍കൃത വസ്‍തുക്കൾ കൃത്യസമയത്ത് ലഭ്യമല്ല എന്ന് കമ്പനി പറയുന്നു.
ബജാജ് ഓട്ടോ നിലവിൽ ചേതക് ഇലക്ട്രിക് സ്‍കൂട്ടറും അടുത്തിടെ പുറത്തിറക്കിയ ഗോഗോ ഇ-റിക്ഷയും നിർമ്മിക്കുന്നുണ്ട്. എന്നാൽ അപൂർവ എർത്ത് മാഗ്നറ്റുകളുടെ വിതരണം നിർത്തിയതിനാൽ, നിലവിലുള്ള സ്റ്റോക്ക് തീർന്നാലുടൻ ഉത്പാദനം നിർത്താൻ നിർബന്ധിതരാകുമെന്ന് കമ്പനി പറയുന്നു. സ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ, ഓഗസ്റ്റ് മാസം കമ്പനിക്ക് പൂജ്യം ഉത്പാദന മാസം ആയേക്കാം എന്നാണ് റിപ്പോർട്ടുകൾ.
തങ്ങളുടെ ആവശ്യകത വളരെ വലുതാണെന്നും അപൂർവ എർത്ത് മാഗ്നറ്റുകളുടെ ലഭ്യതക്കുറവ് വളരെയധികം ബാധിച്ചിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസിനോട് സംസാരിക്കുന്നതിനിടെ രാജീവ് ബജാജ് പറഞ്ഞു. ഇലക്ട്രിക് വാഹന മോട്ടോറുകളിൽ ഉപയോഗിക്കുന്ന 90 ശതമാനം കാന്തങ്ങളും ചൈനയിൽ നിന്നാണ് വരുന്നതെന്ന് രാജീവ് ബജാജ് പറഞ്ഞു. ചൈനയുടെ പുതിയ നയം കാരണം, നിരവധി ഇന്ത്യൻ വാഹന കമ്പനികളുടെ വിതരണ ശൃംഖലയെ ബാധിച്ചിട്ടുണ്ട്. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത്, ബദലുകൾ കണ്ടെത്തുന്നതിൽ കമ്പനികളെ സഹായിക്കുന്നതിന് നയത്തിൽ വ്യക്തതയും സ്ഥിരതയും നൽകണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു.
അതേസമയം ഈ പ്രതിസന്ധി ബജാജിൽ മാത്രം ഒതുങ്ങുന്നതല്ല. ടിവിഎസ്, ആതർ തുടങ്ങിയ കമ്പനികളും ഈ പ്രതിസന്ധി നേരിടുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്യുന്നു. ഉടൻ ഒരു പരിഹാരം കണ്ടെത്തിയില്ലെങ്കിൽ, അതിന്റെ ഫലം ഉപഭോക്താക്കളിലേക്കും എത്തും. ഇത് രാജ്യത്തെ ഇലക്ട്രിക് വാഹനങ്ങളുടെ ലഭ്യതയെയും വിലയെയും ബാധിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നു.
നിർണായക ധാതുക്കളുടെ മേലുള്ള ചൈനയുടെ നിയന്ത്രണം ആഗോള വാഹന നിർമ്മാതാക്കളെയാകെ കുഴപ്പത്തിലാക്കിയിട്ടുണ്ട്. അപൂർവ എർത്ത് മാഗ്‍നറ്റുകൾക്കുള്ള കയറ്റുമതി നിയന്ത്രണങ്ങളെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകൾ ഉയർന്നുവരുന്നു. ഈ പ്രശ്‍നങ്ങൾ വേഗത്തിൽ പരിഹരിച്ചില്ലെങ്കിൽ ഉൽപ്പാദന കാലതാമസത്തിനും തടസങ്ങൾക്കും കാരണമാകുമെന്ന് പല കമ്പനികളും മുന്നറിയിപ്പ് നൽകുന്നു.