വെറും 499 രൂപ മാത്രം, ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച് ഒല

By Web TeamFirst Published Jul 15, 2021, 8:47 PM IST
Highlights

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജൂലൈ: വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഒല ഡോട്ട് കോം എന്ന കമ്പനി വെബ്‍സൈറ്റ് വഴി 499 രൂപ അടച്ച് ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്‍പീഡ്, ഏറ്റവും വലിയ ബൂട്ട് സ്പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ ആക്കുമെന്ന് കമ്പനി പറയുന്നു.  എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും.

വരാനിരിക്കുന്ന ഇലക്ട്രിക് വാഹന ശ്രേണിയിലെ, ആദ്യനിര ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇവി വിപ്ലവവും ആരംഭിക്കുകയാണെന്ന് ഒല ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. ഇവിയിലെ ലോക നേതൃത്വത്തിനുള്ള അവസരവും സാധ്യതയും ഇന്ത്യയിലുണ്ട്, ഒലയിലൂടെ ഈ ചുമതലക്ക് നേതൃത്വം നല്‍കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിഇഎസിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്നൊവേഷന്‍ അവാര്‍ഡ്, ജര്‍മന്‍ ഡിസൈന്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ നിരവധി അഭിമാനകരമായ പുരസ്‌കാരങ്ങള്‍ ഒല സ്‌കൂട്ടര്‍ ഇതിനകം സ്വന്താക്കിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ ടീസര്‍ ചിത്രങ്ങളും വീഡിയോകളും ഒല നേരത്തെ പുറത്തിറക്കിയിരുന്നു.

ഒലയുടെ ഇരുചക്ര വാഹന നിര്‍മാണ ഫാക്ടറി തമിഴ്‍നാട്ടില്‍ 500 ഏക്കര്‍ സ്ഥലത്താണ് ഒരുങ്ങുന്നത്. ലോകത്തിലെ ഏറ്റവും വലുതും നൂതനവും സുസ്ഥിരവുമായ  ഇരുചക്ര വാഹന നിര്‍മാണ ഫാക്ടറിയായിരിക്കും ഇതെന്നാണ് കമ്പനി പറയുന്നത്. പ്രതിവര്‍ഷം 20 ലക്ഷം യൂണിറ്റ് ഉത്പാദന ശേഷിയോടെ ആദ്യ ഘട്ടം ഉടന്‍ തന്നെ പ്രവര്‍ത്തന സജ്ജമാവും. അടുത്ത വര്‍ഷത്തോടെ ഫാക്ടറിയുടെ ഉത്പാദന ശേഷി ഒരു കോടിയെന്ന സമ്പൂര്‍ണ ശേഷിയിലേക്ക് ഉയര്‍ത്തുമെന്നും ഒല വ്യക്തമാക്കുന്നു.

click me!