
ഇന്ത്യയിൽ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ ജിഎസ്‍ടി നിരക്ക് അടുത്തിടെ 28 ശതമാനത്തിൽ നിന്നും 40 ശതമാനമായി വർദ്ധിപ്പിച്ചു. ഈ വർദ്ധനവിനെത്തുടർന്ന്, ഐക്കണിക്ക് അമേരിക്കൻ ടൂവീലർ ബ്രാൻഡായ ഹാർലി-ഡേവിഡ്‌സൺ X440 ന്റെ വില ഏകദേശം 20,000 രൂപയോളം വർദ്ധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ കമ്പനി ഇപ്പോൾ അവരുടെ ഉപഭോക്താക്കൾക്ക് കാര്യമായ ആശ്വാസം നൽകി. X440 മോഡലിന്റെ ജിഎസ്‍ടിയുമായി ബന്ധപ്പെട്ട വർദ്ധനവ് ഹാർലി-ഡേവിഡ്‌സൺ ഏറ്റെടുക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. X440 ന്‍റെ എക്സ്-ഷോറൂം വില 2.40 ലക്ഷം രൂപയിൽ മാറ്റമില്ലാതെ തുടരുമെന്നും കമ്പനി വ്യക്തമാക്കി.
ഹീറോ മോട്ടോകോർപ്പും ഹാർലി-ഡേവിഡ്‌സണും തമ്മിലുള്ള പങ്കാളിത്തത്തിൽ നിർമ്മിച്ച ഈ ബൈക്ക് കഴിഞ്ഞ രണ്ട് പാദങ്ങളിലായി മികച്ച വിൽപ്പനയാണ് നേടുന്നത്. മോശം വിൽപ്പന കാരണം അതിന്റെ സഹോദര മോഡലായ ഹീറോ മാവ്‌റിക് 440 നിർത്തലാക്കപ്പെട്ടു. X440 ന്റെ വില ഉയർത്തുന്നത് ഉത്സവ സീസണിലെ വിൽപ്പനയെ നേരിട്ട് ബാധിക്കുമെന്ന് കമ്പനി തിരിച്ചറിഞ്ഞു. അതിനാൽ ഉപഭോക്താക്കളിൽ അധിക ഭാരം ഒഴിവാക്കാൻ നികുതി ഭാരം വഹിക്കാൻ ഹീറോ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. അതേസമയം ഈ വില ദീർഘകാലത്തേക്ക് ലഭ്യമാണോ അതോ ഏതാനും മാസങ്ങൾ മാത്രമാണോ എന്നതിനെക്കുറിച്ച് ഹീറോ മോട്ടോകോർപ്പ് ഇതുവരെ പ്രസ്‍താവനയൊന്നും ഇറക്കിയിട്ടില്ല. എങ്കിലും ഈ തീരുമാനം ഉപഭോക്താക്കൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് ഉറപ്പാണ്.
ഹാർലി-ഡേവിഡ്‌സൺ X440: സ്പെസിഫിക്കേഷനുകൾ
ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ചാണ് ഹാർലി-ഡേവിഡ്‌സൺ X440 ആഗോളതലത്തിൽ ബ്രാൻഡിന്റെ ഏറ്റവും ആക്‌സസ് ചെയ്യാവുന്ന മോട്ടോർസൈക്കിളായി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 27 bhp കരുത്തും 38 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കാൻ ട്യൂൺ ചെയ്‌തിരിക്കുന്ന പുതിയ 398 സിസി സിംഗിൾ-സിലിണ്ടർ എയർ ആൻഡ് ഓയിൽ-കൂൾഡ് മോട്ടോറിൽ നിന്നാണ് പവർ ലഭിക്കുന്നത്. ആറ് സ്പീഡ് ഗിയർബോക്‌സുമായി ഇത് ജോടിയാക്കിയിരിക്കുന്നു. സസ്‌പെൻഷൻ ഡ്യൂട്ടിയിൽ ഇൻവേർട്ടഡ് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്‌സോർബറുകളും ഉൾപ്പെടുന്നു. അതേസമയം ബ്രേക്കിംഗ് പവർ സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ഉള്ള ഡിസ്‍ക് ബ്രേക്കുകളിൽ നിന്നാണ് വരുന്നത്. ഹീറോ-ഹാർലി പങ്കാളിത്തത്തിൽ നിന്നുള്ള ഏക മോഡൽ X440 ആണ്. എന്നാൽ ഈ വർഷം അവസാനത്തോടെ കമ്പനി ഒരു പുതിയ മോഡൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.