
ഇന്ത്യൻ ടൂവീലർ വിപണിയിലെ നൊസ്റ്റാൾജിക് മോഡലായ കൈനറ്റിക് ഡിഎക്‌സ് ഇലക്ട്രിക് വേഷത്തിൽ തിരിച്ചുവരവരുന്നു. കൈനറ്റിക് ഗ്രീൻ ഡിഎക്‌സ് 2025 ജൂലൈ 28 ന് ലോഞ്ച് ചെയ്യും. ഇ-ലൂണയ്ക്ക് ശേഷം മറ്റൊരു ഐക്കണിക്ക് നെയിംപ്ലേറ്റ് പുനരുജ്ജീവിപ്പിക്കാനുള്ള കൈനറ്റിക്കിന്റെ രണ്ടാമത്തെ ശ്രമമാണിത് . ഇന്ത്യയിലെ കൈനറ്റിക് എഞ്ചിനീയറിംഗും ജപ്പാനിലെ ഹോണ്ട മോട്ടോർ കമ്പനിയും സംയുക്തമായി 1984 മുതൽ 2007 വരെ നിർമ്മിച്ചിരുന്ന മോഡലായിരുന്നു കൈനറ്റിക് ഡിഎക്സ് സ്‍കൂട്ടർ.
ഹോണ്ട എൻഎച്ച് സീരീസ് സ്‍കൂട്ടറുകളെ അടിസ്ഥാനമാക്കിയുള്ള കൈനറ്റിക് ഡിഎക്സിൽ 98 സിസി ടു-സ്ട്രോക്ക്, എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഒരു മോട്ടോർ സൈക്കിളിനേക്കാൾ പ്രായോഗികമായ ഒരു ടു വീലർ വാങ്ങാൻ ആഗ്രഹിച്ച ഇന്ത്യൻ മധ്യവർഗ്ഗത്തിന് മികച്ച ഓപ്ഷനുകളായിരുന്ന രണ്ട് ഇതിഹാസ സ്‍കൂട്ടറുകളായിരുന്നു ബജാജ് ചേതക്കും കൈനറ്റിക് ഹോണ്ടയും. ബജാജ് ചേതക് ഇലക്ട്രിക്ക് രൂപത്തിൽ തിരിച്ചെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ അന്നത്തെ ചേതക്കിന്‍റെ മുഖ്യ എതിരാളിയായിരുന്ന കൈനറ്റിക് ഡിഎക്സും പൂർണ്ണമായ ഇലക്ട്രിക് രൂപത്തിൽ തിരിച്ചുവരുന്നു.
കൈനറ്റിക് ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ കൈനറ്റിക് ഗ്രീൻ അടുത്തിടെ പുതിയ സ്‍കൂട്ടറിന്റെ ഡിസൈൻ പേറ്റന്റ് സമർപ്പിച്ചിരുന്നു. യഥാർത്ഥ കൈനറ്റിക് ഹോണ്ട ഡിഎക്‌സിനോട് ശ്രദ്ധേയമായ സാമ്യം ഈ പേറ്റന്‍റി ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. മുൻവശത്തെ ആപ്രണിലെ പുതിയ കൈനറ്റിക് ഗ്രീൻ ലോഗോയും പുതിയ എൽഇഡി ഡിആർഎല്ലുകളുള്ള ഒരു ചതുരാകൃതിയിലുള്ള എൽഇഡി ഹെഡ്‌ലാമ്പ് ക്ലസ്റ്ററും ഒഴികെ ഡിസൈൻ ഏതാണ്ട് പഴയ മോഡലിന് സമാനമായി കാണപ്പെടുന്നു.
യഥാർത്ഥ മോഡലിന്റെ അതേ രീതിയിൽ സൈഡ് പാനലുകൾ മാറ്റിയിരിക്കുന്നു. പിന്നിലെ സ്പെയർ ടയറിന് പകരം ഒരു പുതിയ ഗ്രാബ് റെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒറിജിനലിൽ 'കൈനറ്റിക് ഹോണ്ട' എന്നതിന് പകരം 'കൈനറ്റിക്' ലോഗോ ഡിസൈൻ പേറ്റന്റിന്റെ ചെറിയ ഫ്ലൈസ്‌ക്രീനിൽ പ്രദർശിപ്പിച്ചിരിക്കുന്നു.
പുതിയ കൈനറ്റിക് ഇലക്ട്രിക് സ്‍കൂട്ടറിന്റെ സാങ്കേതിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. എങ്കിലും, മികച്ച പ്രകടനവും റേഞ്ചും സംയോജിപ്പിച്ച് കുടുംബ ഉപഭോക്താക്കളെ ഈ മോഡൽ ലക്ഷ്യമിടുന്നു. പുതിയ കൈനറ്റക്ക് ഇലക്ട്രിക്ക് സ്‍കൂട്ടറിന്‍റെ വിപണി ലഭ്യതയെക്കുറിച്ച് ഇതുവരെ വിശദാംശങ്ങളൊന്നുമില്ല. വരും ദിവസങ്ങളിൽ കൈനറ്റിക് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കൈനറ്റിക് ഹോണ്ട സ്‍കൂട്ടറിന്റെ ചരിത്രത്തെക്കുറിച്ചുള്ള കഥകൾ കമ്പനി അതിന്റെ സോഷ്യൽ മീഡിയ പേജുകളിൽ തുടർച്ചയായി പോസ്റ്റ് ചെയ്യുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഐക്കണിക് ടു-സ്ട്രോക്ക് കൈനറ്റിക് ഹോണ്ട ഡിഎക്സ് നിരത്തുകളിലും വിപണികളിലും ഉണ്ടാക്കിയ മാന്ത്രികതയും വിജയവും വീണ്ടും സൃഷ്‍ടിക്കാൻ പുതിയ കൈനറ്റിക് ഡിഎക്സിന് കഴിയുമോ? കാത്തിരുന്ന് കാണാം.