പുതിയ അതിവേഗ ഇലക്ട്രിക്ക് സ്‍കൂട്ടറുമായി കൊമാക്കി

By Web TeamFirst Published Nov 12, 2021, 10:14 PM IST
Highlights

വെനീസ് എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേരെന്നും കൊമാക്കിയുടെ ഹൈ സ്പീഡ് മോഡലുകളുടെ അഞ്ചാമനായ ഈ സ്‍കൂട്ടർ ഉടന്‍ പുറത്തിറങ്ങും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പുതിയ ഇലക്ട്രിക് സ്‍കൂട്ടർ ഉടൻ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ദില്ലി ആസ്ഥാനമായുള്ള ഇവി നിർമ്മാതാക്കളായ കൊമാകി (Komaki). വെനീസ് (Komaki Venice) എന്നാണ് ഈ പുതിയ സ്‍കൂട്ടറിന്‍റെ പേരെന്നും കൊമാക്കിയുടെ (Komaki) ഹൈ സ്‍പീഡ് മോഡലുകളുടെ അഞ്ചാമനായ ഈ സ്‍കൂട്ടർ ഉടന്‍ പുറത്തിറങ്ങും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. 

10 പെപ്പി നിറങ്ങളിൽ പുതിയ വെനീസ് അവതരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. റീജനറേറ്റീവ് ബ്രേക്കിംഗ്, റിപ്പയർ സ്വിച്ച്, മൊബൈൽ കണക്റ്റിവിറ്റി തുടങ്ങിയ നിരവധി ഫീച്ചറുകളോടെയാണ് കൊമാകി വെനീസ് ഇലക്ട്രിക് സ്‍കൂട്ടർ ലഭ്യമാക്കുന്നത്. വരാനിരിക്കുന്ന അതിവേഗ ഇവി വലിയ ഇരിപ്പിടവും അധിക സ്റ്റോറേജ് ബോക്‌സ് സൗകര്യവും നൽകുമെന്ന് കൊമാക്കി അവകാശപ്പെടുന്നു.

ഏറ്റവും ആവേശകരമായ ലോഞ്ചുകളിലൊന്നാണ് വെനീസെന്നും 10 അതിശയിപ്പിക്കുന്ന നിറങ്ങളിലുള്ള ആധുനിക സാങ്കേതികവിദ്യയുടെ ഐക്കണിക് ഡിസൈനിന്റെ മിശ്രിതം ഉപഭോക്താക്കൾക്ക് ഒരു വിരുന്നു തന്നെ ആയിരിക്കും എന്നും ഈ പുതിയ മോഡലിന്റെ ലോഞ്ചിനെക്കുറിച്ച് സംസാരിക്കവേ കൊമാകി ഇലക്ട്രിക് ഡിവിഷൻ ഡയറക്ടർ ഗുഞ്ജൻ മൽഹോത്ര പറഞ്ഞു. ഈ സ്‍കൂട്ടറിന്‍റെ ഗവേഷണത്തിലും വികസനത്തിലും കമ്പനി വളരെയധികം പരിശ്രമിച്ചതായും റിപ്പയർ സ്വിച്ച്, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം, കൂടാതെ ഇന്ത്യൻ റോഡുകളിൽ ഓടിക്കാൻ അനുയോജ്യമായ സ്‌കൂട്ടർ എന്നിങ്ങനെയുള്ള എല്ലാ ആധുനിക സവിശേഷതകളും ഇതിൽ സജ്ജീകരിച്ചിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. 

വെനീസ് ഇവിയുടെ ലോഞ്ച് തീയതി കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബാറ്ററിയെക്കുറിച്ചോ മോട്ടോറിനെക്കുറിച്ചോ കോമാകി സാങ്കേതിക സവിശേഷതകളൊന്നും പങ്കുവെച്ചിട്ടില്ലാത്തതിനാൽ, സ്കൂട്ടറിന്റെ പ്രതീക്ഷിക്കുന്ന വിലയെക്കുറിച്ച് അഭിപ്രായം പറയാനും പ്രയാസമാണ്. എന്നിരുന്നാലും, ഇത് ഒരു ലക്ഷത്തിൽ താഴെയായി തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും വാഹനം ഈ വർഷം തന്നെ രാജ്യത്ത് വിൽപ്പനയ്‌ക്ക് എത്തിയേക്കും എന്നും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

click me!