ടിവിഎസ് റോണിൻ പുതിയ വേരിയന്‍റ് എത്തി; മാറ്റങ്ങൾ എന്തെല്ലാം?

Published : Sep 24, 2026, 05:35 PM IST
TVS Ronin

Synopsis

ടിവിഎസ് മോട്ടോർ കമ്പനി ജനപ്രിയ മോഡലായ റോണിന്റെ പുതിയ ബേസ്+ വേരിയന്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കുറഞ്ഞ വിലയിൽ ഡ്യുവൽ-ചാനൽ എബിഎസ് സുരക്ഷ നൽകുന്നതാണ് ഈ പുതിയ മോഡലിന്റെ പ്രധാന സവിശേഷത. എഞ്ചിനിൽ മാറ്റങ്ങളില്ലാതെ എത്തുന്ന ഈ ബൈക്ക് റോയൽ എൻഫീൽഡ് ഹണ്ടർ 350-ന് ശക്തമായ വെല്ലുവിളിയാകും.

ജനപ്രിയ റോണിൻ മോട്ടോർസൈക്കിളിന്റെ പുതിയ ബേസ്+ വേരിയന്റ് അവതരിപ്പിച്ച് ടിവിഎസ് മോട്ടോർ കമ്പനി. ബേസ്, മിഡ് വേരിയന്റുകൾക്കിടയിലാണ് പുതിയ മോഡലിന്റെ സ്ഥാനം. ഇതോടെ ടിവിഎസ് റോണിൻ ഇന്ത്യൻ വിപണിയിൽ നാല് വേരിയന്റുകളിൽ ലഭ്യമാണ്. 1.26 ലക്ഷം രൂപ മുതൽ 1.64 ലക്ഷം രൂപ വരെയാണ് ഇന്ത്യയിൽ ടിവിഎസ് റോണിന്റെ എക്സ്-ഷോറൂം വില. റോയൽ എൻഫീൽഡ് ഹണ്ടർ 350 ഉൾപ്പെടെയുള്ള മോട്ടോർസൈക്കിളുകളുമായാണ് റോണിൻ മത്സരിക്കുന്നത്.

ബേസ്+ വേരിയന്റിന് പ്രത്യേകത എന്ത്?

റോണിന്റെ അടിസ്ഥാന വേരിയന്റിൽ സിംഗിൾ-ചാനൽ എബിഎസും റെയിൻ, അർബൻ എന്നീ രണ്ട് റൈഡിംഗ് മോഡുകളുമാണ് ലഭിക്കുന്നത്. 159 കിലോഗ്രാമാണ് ഈ വേരിയന്റിന്റെ ഭാരം. മറ്റ് വേരിയന്റുകളെ അപേക്ഷിച്ച് ഏകദേശം 1 കിലോഗ്രാം ഭാരം കുറവാണിത്. പൂർണമായും എൽഇഡി ലൈറ്റിംഗ് സംവിധാനവും അസമമായ രൂപകൽപ്പനയിലുള്ള ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ബൈക്കിലുണ്ട്. വേഗത, ഗിയർ പൊസിഷൻ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ, ഇന്ധന നില, ടാക്കോമീറ്റർ തുടങ്ങിയ വിവരങ്ങൾ ഡിജിറ്റൽ കൺസോളിൽ ലഭിക്കും.

പ്രധാന അപ്ഡേറ്റ് ഡ്യുവൽ-ചാനൽ എബിഎസ്

അടിസ്ഥാന റോണിൻ വേരിയന്റിലെ പ്രധാന സവിശേഷതകളെല്ലാം ബേസ്+ മോഡലിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ ഏറ്റവും ശ്രദ്ധേയമായ മാറ്റം ഡ്യുവൽ-ചാനൽ എബിഎസ് ഉൾപ്പെടുത്തിയതാണ്. രണ്ട് പുതിയ നിറങ്ങളിലുള്ള ഓപ്ഷനുകളും ബേസ്+ വേരിയന്റിൽ ലഭിക്കും. ഡ്യുവൽ-ചാനൽ എബിഎസ് ലഭിക്കുന്ന റോണിൻ നിരയിലെ ഏറ്റവും താങ്ങാനാവുന്ന മോഡലായി ഇതോടെ ബേസ്+ മാറുന്നു. കുറഞ്ഞ വിലയിൽ ഡ്യുവൽ-ചാനൽ എബിഎസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തേടുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ വേരിയന്റ് എത്തിയിരിക്കുന്നത്.

എഞ്ചിനിൽ മാറ്റമില്ല

പുതിയ ബേസ്+ വേരിയന്റിന്റെ എഞ്ചിനിലും മെക്കാനിക്കൽ സംവിധാനങ്ങളിലും മാറ്റമില്ല. നിലവിലുള്ള അതേ 225.9 സിസി ഓയിൽ-കൂൾഡ് എഞ്ചിനാണ് ബൈക്കിലും ഉപയോഗിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 20.1 ബിഎച്ച്പി പരമാവധി കരുത്തും 19.9 എൻഎം പരമാവധി ടോർക്കും ഉത്പാദിപ്പിക്കും. ബേസ്+ വേരിയന്റിലും റോണിന്റെ നിലവിലുള്ള എൻജിൻ പ്രകടനം തന്നെയാണ് തുടരുന്നത്. പുതിയ ബേസ്+ വേരിയന്റിലൂടെ കുറഞ്ഞ വിലയിൽ കൂടുതൽ സുരക്ഷാ ഫീച്ചറുകൾ നൽകാനാണ് ടിവിഎസ് ലക്ഷ്യമിടുന്നത്. ഇതോടെ റോയൽ എൻഫീൽഡ് ഹണ്ടർ 350 ഉൾപ്പെടെയുള്ള എതിരാളികൾക്കെതിരായ റോണിന്റെ മത്സരം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ.

PREV
Read more Articles on
click me!

Recommended Stories

ഹോണ്ടയുടെ പുതിയ 350 സിസി ബൈക്കുകൾ: ഈ മാറ്റങ്ങൾ ഞെട്ടിക്കുമോ?
വിപണിയെ ഞെട്ടിക്കാൻ ആതർ കൊണാർക്ക്; സവിശേഷതകൾ അറിയാമോ?