എണ്‍പതുകളിലെ ജീവിതം ഉള്ളില്‍ കൊണ്ടു നടക്കുന്നവര്‍ക്കായി ഒരു പുസ്തകം

By Pusthakappuzha Book ShelfFirst Published Nov 1, 2022, 4:34 PM IST
Highlights

പുസ്തകപ്പുഴയില്‍ ഡോ. ജയ് കിരണ്‍ കെ.പി എഴുതിയ 'ചെത്തിനടന്ന എണ്‍പതുകള്‍' എന്ന പുസ്തകത്തിന്റെ വായന. ഡോ. ഷെറീനാ റാണി ജി.ബി എഴുതുന്നു. ചിത്രീകരണം: കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണി

റേഡിയോവാര്‍ത്തകളിലൂടെ മാത്രം പുറംലോകത്തെ കാര്യങ്ങള്‍ അറിഞ്ഞും ദൂരെയുള്ള ഫോണിലൂടെ അത്യാവശ്യവിവരങ്ങള്‍ കൈമാറിയും ജീവിച്ച എണ്‍പതുകള്‍തീര്‍ത്ത പച്ചപ്പും മാനവികതയും ഇന്നും ഒരു തലമുറയുടെ ഓര്‍മ്മയിലെ രാജപാതകളാണ്. അമിതാഭ് ബച്ചനും മോഹന്‍ ലാലും സിനിമയിലേക്കും നമ്മുടെ ഓര്‍മ്മകളിലേക്കും നടന്നുകയറിയ ആ കാലം.

 

 

അനുഭവങ്ങളുടെ ലോകത്ത് ഉടലറിവുകളിലൂടെയും മനോവിചാരങ്ങളിലൂടെയും ഒരു ഉല്ലാസയാത്ര. ചിലേടങ്ങളില്‍ അത് ഒരു ദേശാടനമാകുന്നു. മറ്റു ചിലപ്പോള്‍ ഒരു തീര്‍ത്ഥയാത്ര. ഡോ. ജയ് കിരണ്‍ കെ.പി എഴുതിയ 'ചെത്തിനടന്ന എണ്‍പതുകള്‍' ജീവിതത്തിലെ മറക്കാനാകാത്ത നിമിഷങ്ങള്‍ നമ്മിലേക്കു സംവേദനം ചെയ്യുന്നു. 

എത്ര ഗൃഹാതുരത്വത്തോടെയാണ് എഴുത്തുകാരന്‍ ഓര്‍മ്മകളെ സമീപിച്ചിരിക്കുന്നത്! നോവുകളും കണ്ണീരും ചിരിയും  ഇടകലര്‍ന്ന ജീവിതത്തിന്റെ നേര്‍സാക്ഷ്യമായി ഈ പുസ്തകം മാറുന്നു. വ്യക്തികളും വസ്തുക്കളും സ്ഥലങ്ങളും, നമ്മള്‍ തൊട്ടതും അനുഭവിച്ചതും അടുത്തറിഞ്ഞതുമൊക്കെയായി തോന്നുന്നുവെങ്കില്‍ അത്ഭുതമില്ല. അത്രയേറെ ആത്മാര്‍ത്ഥമായാണ് ഈ പുസ്തകനിര്‍മ്മിതി. 

 

 

ജീവിതത്തില്‍   വീണ്ടും പോകാനിഷ്ടമുള്ള ഇടമേതെന്നുചോദിച്ചാല്‍  പഴയ തലമുറയ്ക്ക്  ഒറ്റ ഉത്തരമേ കാണുകയുള്ളൂ.  വയലില്‍ പട്ടം പറത്തിയും സൈക്കിളില്‍ നഗരത്തിലെ ഒഴിഞ്ഞ ഇടവഴികളിലൂടെ ചുറ്റിനടന്നും തീര്‍ത്ത  എണ്‍പതുകളിലെ ബാല്യത്തിലേക്ക് ഒരു മടക്കയാത്ര. ശരീരത്തിലൂടെ ഓടുന്ന രക്തത്തിലെ പഞ്ചസാരയുടെയും സമ്മര്‍ദ്ദത്തിന്റെയും അളവറിയാതെ ഓടിനടന്ന ബാല്യത്തിലൂടെ ഒരിക്കല്‍ക്കൂടി സഞ്ചരിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമില്ലാത്തത്! 

 

 

റേഡിയോവാര്‍ത്തകളിലൂടെ മാത്രം പുറംലോകത്തെ കാര്യങ്ങള്‍ അറിഞ്ഞും ദൂരെയുള്ള ഫോണിലൂടെ അത്യാവശ്യവിവരങ്ങള്‍ കൈമാറിയും ജീവിച്ച എണ്‍പതുകള്‍തീര്‍ത്ത പച്ചപ്പും മാനവികതയും ഇന്നും ഒരു തലമുറയുടെ ഓര്‍മ്മയിലെ രാജപാതകളാണ്. അമിതാഭ് ബച്ചനും മോഹന്‍ ലാലും സിനിമയിലേക്കും നമ്മുടെ ഓര്‍മ്മകളിലേക്കും നടന്നുകയറിയ ആ കാലം. അതാണ് 'ചെത്തിനടന്ന എണ്‍പതുകള്‍' എന്ന ഗൃഹാതുരത്വം തുളുമ്പുന്ന പുസ്തകത്തിലൂടെ ഡോ.ജയ് കിരണ്‍  വരച്ചുകാട്ടുന്നത്.

 

 

വെളുപ്പാന്‍കാലം പാതിമയക്കത്തില്‍ക്കണ്ട അതിമനോഹരസ്വപ്നം നാം വീണ്ടും വീണ്ടും കാണാന്‍ കൊതിക്കും. അതുപോലെ ഒന്ന് ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണ് ഈ പുസ്തകത്തിലൂടെ ലേഖകന്‍. കുളിച്ച് ഈറന്‍വസ്ത്രങ്ങള്‍ ധരിച്ച് അലക്ഷ്യമായി കെട്ടിയ മുടിയില്‍നിന്നും പാവാടയില്‍   ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അതിരാവിലെ  അമ്പലം ചുറ്റുന്ന നാടന്‍ പെണ്‍കുട്ടിയുടെ പുറകേ പോയ കാലവും മൊബൈല്‍ ഫോണ്‍ എന്തെന്നറിയാത്ത കാലത്ത് സുഹൃത്തുക്കളുമായി  കവലയില്‍ വെടിപറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ട് മണിക്കൂറുകളോളം നിന്നതും എല്ലാ ദിവസവും  തെങ്ങിന്‍തോപ്പിലെ കളികഴിഞ്ഞു വൈകി വീട്ടിലെത്തി അമ്മയുടെ മധുരമുള്ള വഴക്കുകേട്ട് ഒരുവിധത്തില്‍ മുറിക്കുള്ളില്‍ കയറിയ കാലവുംഓര്‍ത്തെടുക്കുകയാണ് എണ്‍പതുകളുടെ ഓര്‍മ്മപ്പുസ്തകത്തില്‍. ദൃശ്യഭാഷയുടെ ചാരുത ഇതിലെ ഓരോ അദ്ധ്യായത്തിലും കാണാം. ഹാസ്യാത്മകമായാണ് ഈ കൃതിയിലെ ചില സംഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റു ചിലതാകട്ടെ, ഹൃദയവേദനയോടെയും.

 

 

സ്‌നേഹിച്ചും കലഹിച്ചും കൂട്ടുകുടുംബങ്ങളില്‍ ജീവിച്ച  എണ്‍പതുകളിലെ ബാല്യവും കൗമാരവും ഒരിക്കല്‍ക്കൂടി നമ്മെ ഈ പുസ്തകം ഓര്‍മ്മപ്പെടുത്തുന്നു. വയലുകളും പുഴകളും തെങ്ങിന്‍തോപ്പുകളും മൈതാനങ്ങളും നിറഞ്ഞ ഒരു നാട്ടിലെ വിലമതിക്കാനാകാത്ത ഓര്‍മ്മകള്‍ നമ്മളെ വീണ്ടും ആ കാലഘട്ടത്തിലേക്ക് വലിച്ചിഴയ്ക്കുന്നതുപോലെതോന്നും ഇതിലെ വരികള്‍. 'വേനലവധി കഴിഞ്ഞു സ്‌കൂള്‍ തുറക്കുമ്പോള്‍ പുതിയ പാഠപുസ്തകങ്ങളും നോട്ട്ബുക്കുകളും അച്ഛന്‍ വാങ്ങിക്കൊണ്ടുവരും. ഞങ്ങള്‍ ആദ്യം ചെയ്തിരുന്നത് പുതിയ മലയാളം പാഠാവലി തുറന്ന് അതിന്റെ നടുക്ക് തുന്നല്‍വരുന്നഭാഗത്തു മൂക്കുവച്ച് മണം പിടിക്കലായിരുന്നു. ഉയര്‍ന്ന ക്ലാസ്സുകളിലേക്ക് പോകുമ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം കിട്ടിയിരുന്നത് പുത്തനറിവിന്റെ ഈ മണമായിരുന്നു.' എന്ന് ലേഖകന്‍ 'കലാലയ കാല്‍വയ്പ്പുകള്‍' എന്ന അധ്യായത്തില്‍ എഴുതിയതു വായിക്കുമ്പോള്‍ ഈ മണം പിടിച്ച തലമുറയ്ക്ക് അത് വീണ്ടും ലഭിച്ച ഒരു തോന്നല്‍ ജനിപ്പിക്കും.പ ുതുതലമുറയ്ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ കൃതിയില്‍ ഒളിഞ്ഞും തെളിഞ്ഞും കാണാം.

 

 പ്രഭാതത്തെയും സായന്തനത്തെയും ഒന്നുപോലെ ശബ്ദമുഖരിതമാക്കിയ ആകാശവാണിയും ഇന്ദ്രിയങ്ങളെ അനുഭൂതികളാല്‍ നിറച്ച ദൂരദര്‍ശനും ആ കാലത്തെ സ്പന്ദനങ്ങളായിരുന്നു. ടെലിഫോണും കമ്പിത്തപാലും ഗൃഹാതുരത്വത്തിന്റെ സ്മരണകളുണര്‍ത്തുന്നു.

 

സംസ്ഥാന പ്രവേശന പരീക്ഷ മുന്‍ ജോയിന്റ് കമ്മീഷണറും യൂണിവേഴ്‌സിറ്റി കൊളജിലെ ജിയോളജി അസോഷ്യേറ്റ് പ്രൊഫസറുമായ ഡോ.കെ.പി.ജയകിരണിന്റെ ഓര്‍മ്മയെഴുത്തുകളെ കാരിക്കേച്ചറുകളാക്കി കാര്‍ട്ടൂണിസ്റ്റ് വാമനപുരം മണി വരികള്‍ക്കൊപ്പം വരകള്‍ നിറക്കുന്നു. ഡോ.കെ.പി. ജയ് കിരണിന്റെ  കൊവിഡ് കാല കുറിപ്പുകള്‍ പുസ്തകമാക്കിയിരിക്കുന്നത് പരിധി പബ്ലിക്കേഷന്‍സാണ്.  


 

click me!