പുസ്തകപ്പുഴയില്‍ ഇന്ന്  മാധ്യമപ്രവര്‍ത്തകന്‍ കെ ബാലകൃഷ്ണന്‍ എഴുതിയ 'വി.എസ് രാഷ്ട്രീയജീവിതം' എന്ന പുസ്തകത്തിലെ ഒരധ്യായം. Excerpts from VS Achuthanandan's Political biography by K Balakrishnan 

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഓണ്‍ലെനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

……………………………………………………………...

മുഖ്യമന്ത്രി സ്ഥാനത്തേക്ക്

2004-ല്‍ നടന്ന ലോകസഭാതിരഞ്ഞെടുപ്പ് കേരളരാഷ്ട്രീയത്തിലെ വലിയ അടിയൊഴുക്കുകളെയാണ് പ്രതിഫലിപ്പിച്ചത്. 20-ല്‍ 18 സീറ്റും എല്‍.ഡി.എഫ് ജയിക്കുകയെന്ന സര്‍വ്വകാല റെക്കോഡ്, അതിശയംതന്നെ സംഭവിച്ചു. എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അന്നു നിലവിലുണ്ടായിരുന്നത്. മാറാട് വര്‍ഗ്ഗീയകലാപവുമായി ബന്ധപ്പെട്ട് എ.കെ. ആന്റണി നടത്തിയ ഒരു പരാമര്‍ശം മുസ്ലിം ജനവിഭാഗത്തിനിടയില്‍ പൊതുവിലും മുസ്ലിം ലീഗില്‍ പ്രത്യേകിച്ചും, അസ്വാരസ്യം സൃഷ്ടിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ വിഭാഗീയത അതിരൂക്ഷമായിരുന്നു. ഈ സാഹചര്യത്തിലാണ് യു.ഡി.എഫ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കു വീണത്. പൊന്നാനിയില്‍ മാത്രമാണ് യു.ഡി.എഫ് ജയിച്ചത്. മൂവാറ്റുപുഴയില്‍ ബി.ജെ.പി പിന്തുണയോടെ മത്സരിച്ച കേരളാ കോണ്‍ഗ്രസ് വിമതനേതാവ് പി.സി. തോമസാണ് ജയിച്ചത്. കെ. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍, നേരത്തേ ഗ്രൂപ്പുകള്‍ക്ക് അധികാരം പങ്കുവെക്കലിന്റെ ഭാഗമായി കെ.പി.സി.സി. പ്രസിഡന്റായിരുന്നു. എന്നാല്‍, രൂക്ഷമായ തര്‍ക്കം തീര്‍ക്കുന്നതിന്റെ ഭാഗമായി മുരളീധരനെ മന്ത്രിസഭയിലെടുത്തു. നിയമസഭാംഗമല്ലാത്ത മുരളീധരന്‍ വടക്കാഞ്ചേരിയില്‍ വി. ബാലറാമിനെ രാജിവെപ്പിച്ച് ആ സീറ്റില്‍ മത്സരിച്ചു.

ലോകസഭാതിരഞ്ഞെടുപ്പിനൊപ്പമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പും നടന്നത്. കരുണാകരന്റെ മകള്‍ പത്മജാ വേണുഗോപാല്‍ കോണ്‍ഗ്രസ്സിന്റെ എക്കാലത്തെയും ഉറച്ച മണ്ഡലമായ മുകുന്ദപുരത്ത് ലോകസഭാസ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസ്സിലെ എ വിഭാഗം കാലുവാരിയതുകൊണ്ടാകാം മുരളീധരന്‍ വടക്കാഞ്ചേരിയില്‍ സി.പി.ഐ.എമ്മിലെ എ.സി. മൊയ്തീനോട് വലിയ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. പത്മജാ വേണുഗോപാല്‍ മുകുന്ദപുരത്ത് ലോനപ്പന്‍ നമ്പാടനോട് പരാജയപ്പെട്ടത് ഒരു ലക്ഷത്തില്‍പ്പരം വോട്ടിനാണ്.

ഈ സംഭവങ്ങള്‍ കോണ്‍ഗ്രസ്സിനെയും യു.ഡി.എഫിനെയും പിടിച്ചുകുലുക്കി. 1995-ല്‍ കെ. കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാന്‍ എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും ലീഗിന്റെ സഹായത്തോടെ നടത്തിയ പ്രതിച്ഛായാചര്‍ച്ചപോലെയൊരു സാഹചര്യം 2004-ലെ ലോകസഭാതിരഞ്ഞെടുപ്പിനു ശേഷവും ഉണ്ടായി. ആന്റണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റി തല്‍സ്ഥാനത്ത് ഉമ്മന്‍ചാണ്ടിയെ അവരോധിക്കുന്നതിനുള്ള ചരടുവലികള്‍. ഒരുഭാഗത്ത് അത് വിജയിക്കുമ്പോഴേക്കുതന്നെ മറ്റൊരു പ്രശ്‌നമുണ്ടായി. ഒഴിവുവരുന്ന രാജ്യസഭാസീറ്റിലേക്ക് ഐ ഗ്രൂപ്പിലെ കോടോത്ത് ഗോവിന്ദന്‍ നായരെ മത്സരിപ്പിക്കണമെന്ന് കരുണാകരന്‍ വാശിപിടിച്ചു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങിയില്ല. കോടോത്തിനെ കരുണാകരന്‍ രാജ്യസഭയിലേക്ക് മത്സരിപ്പിച്ചു. കോടോത്ത് ജയിച്ചില്ലെങ്കിലും കോണ്‍ഗ്രസ്സിലെ പോര് രൂക്ഷമായി. അതാണ് ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് എന്ന ഒരു പാര്‍ട്ടിയുണ്ടാക്കുന്നതിലേക്ക് കരുണാകരനെ നയിച്ചത്.

2005-ല്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനു തൊട്ടുമുമ്പാണ് ഡി.ഐ.സി. പ്രവര്‍ത്തനം സജീവമാക്കിയത്. ഡി.ഐ.സിയുമായി തിരഞ്ഞെടുപ്പുധാരണയാവാം എന്ന നിലപാടിലേക്ക് സി.പി.ഐ.എമ്മില്‍ ഒരുവിഭാഗം എത്തി. 2000-ല്‍ നടന്ന തദ്ദേശസ്വയംഭരണസമിതി തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗുമായി പ്രാദേശികധാരണയുണ്ടാക്കാന്‍ സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയും കേന്ദ്രകമ്മിറ്റി അതിന് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. ആവശ്യമായ സ്ഥലങ്ങളില്‍ ലീഗുമായി പ്രാദേശികധാരണയാവാം എന്നാണ് കേന്ദ്രകമ്മിറ്റി സമ്മതിച്ചത്. എന്നാല്‍, ലീഗിലും സി.പി.ഐ.എമ്മിലും ശക്തമായ എതിരഭിപ്രായങ്ങളുണ്ടായിരുന്നു. 1985-86ല്‍ മുസ്ലിം ലീഗുമായി ബന്ധം വേണ്ടെന്ന് തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും ബദല്‍രേഖയും സി.എം.പി. രൂപീകരണവുമടക്കമുള്ള പ്രശ്‌നങ്ങള്‍ ലീഗുമായി 2000-ല്‍ അടവുനയമുണ്ടാക്കുമ്പോള്‍ വിവാദമായി ഉയര്‍ന്നുവന്നു. വി.എസ്. ഈ അടവുനയത്തെ ശക്തമായി എതിര്‍ക്കുകയാണെന്ന വിവരവും പുറത്തുവന്നു.

2001-ല്‍ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഈ വിഷയം വീണ്ടും ഉയര്‍ന്നുവരികയും ലീഗുമായി ഒരുതരത്തിലുള്ള ബന്ധവും വേണ്ടതില്ലെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയും ചെയ്തതാണ്. ലീഗിന്റെ മറ്റൊരു ചെറുരൂപമായ ഐ.എന്‍.എല്ലിനെ എല്‍.ഡി.എഫുമായി സഹകരിപ്പിക്കുന്നതില്‍പ്പോലും അഭിപ്രായവ്യത്യാസം നിലനിന്നിരുന്നതാണ്. മെല്ലമെല്ലെ അത് മാഞ്ഞുപോവുകയായിരുന്നു.

2000-ലെ തദ്ദേശതിരഞ്ഞെടുപ്പിന്റെ അതേ സാഹചര്യമാണ് 2005-ലെ തദ്ദേശതിരഞ്ഞെടുപ്പുവേളയില്‍ കെ. കരുണാകരന്റെ ഡി.ഐ.സിയുമായി ബന്ധപ്പെട്ടുണ്ടായത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി.യുമായി സഖ്യമാവാമെന്ന് സി.പി.ഐ.എം. സംസ്ഥാനകമ്മിറ്റി ധാരണയിലെത്തി. കേന്ദ്രകമ്മിറ്റി അംഗീകരിച്ചാല്‍ മാത്രമേ അടവുനയത്തില്‍ തീരുമാനമെടുക്കാനാവൂ. പരിമിതമായ നിലയില്‍ സീറ്റ് ധാരണയാവാമെന്ന് കേന്ദ്രകമ്മിറ്റി അനുവദിച്ചു. പലേടത്തും ധാരണയുണ്ടായി. ഒന്നിച്ചു ഭരണം പങ്കിടുന്ന സാഹചര്യമുണ്ടായി. എന്നാല്‍, സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകരിലും അനുഭാവികളിലും വലിയൊരു വിഭാഗം ഇതിനെതിരായിരുന്നു. അടിയന്തരാവസ്ഥാശക്തികളായ കരുണാകരനെയും കൂട്ടരെയും ഒന്നിച്ചുകൂട്ടുന്നതില്‍ അവര്‍ക്ക് വലിയ എതിര്‍പ്പും സങ്കടവും. 2006-ലെ നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ഈ പ്രശ്‌നം പ്രധാന വിഷയമായി. പാര്‍ട്ടി അണികള്‍ മാത്രമല്ല, പാര്‍ട്ടിയെ എക്കാലത്തും പിന്തുണയ്ക്കുന്ന പൊതുസമൂഹത്തിലെ പ്രമുഖവ്യക്തികളും കരുണാകരബന്ധത്തിനെതിരായിരുന്നു. സംസ്ഥാനകമ്മിറ്റിയുടെ നിര്‍ദ്ദേശം പുനഃപരിശോധിക്കാന്‍ കേന്ദ്രകമ്മിറ്റി നിര്‍ദ്ദേശിക്കുകയും ഡി.ഐ.സി. ബന്ധം വേണ്ടെന്ന് സംസ്ഥാനകമ്മിറ്റി അന്തിമമായി തീരുമാനിക്കുകയുമായിരുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഭാഗീയചര്‍ച്ചകളും അതില്‍ ഓരോരുത്തര്‍ സ്വീകരിക്കുന്ന നിലപാടുകളുമെല്ലാം അക്കാലത്തെ പ്രധാന വാര്‍ത്തകളായി.

കോണ്‍ഗ്രസിലും സി.പി.ഐ.എമ്മിലും വിഭാഗീയത രൂക്ഷമായ സാഹചര്യമാണ് 2001-2006ല്‍ ഉണ്ടായത്. 2004-05ല്‍ സി.പി.ഐ.എമ്മിന്റെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായിരുന്നു. ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമനകലാസാഹിത്യസംഘനേതൃത്വത്തിലെ ഒരു വിഭാഗവും പരസ്പരം പോരിലായിരുന്നു. വര്‍ഗ്ഗസമരത്തിനുപകരം 'നാലാംലോകം' എന്ന സങ്കല്‍പ്പനം എം.പി. പരമേശ്വരന്‍ മുന്നോട്ടുവെച്ചിരുന്നു. പരിഷത്താണ് അതിന്റെ പ്രചാരകരെന്ന് ആരോപണമുയര്‍ന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം ഇതിനൊപ്പമാണെന്ന വിമര്‍ശനമാണ് എം.എന്‍. വിജയന്റെ നേതൃത്വത്തിലുള്ള പു.ക.സ. വിഭാഗം ഉയര്‍ത്തിയത്. ജനകീയാസൂത്രണമാണ് കേരളത്തില്‍ 2001-ലെ പരാജയത്തിനു കാരണമെന്നും, വര്‍ഗ്ഗസമരത്തിനുപകരം പൗരസമൂഹരാഷ്ട്രീയം എന്ന പരികല്‍പ്പന പരിഷത്ത് മന്നോട്ടുവെക്കുകയാണെന്നും, ഡി.പി.ഇ.പി. കേരളത്തിലെ വിദ്യാഭ്യാസനിലവാരത്തെ തകര്‍ക്കുകയാണെന്നുമെല്ലാം എം.എന്‍. വിജയന്‍, എസ്. സുധീഷ് എന്നിവര്‍ വാദിച്ചു. ദേശാഭിമാനി വാരികയുടെ പത്രാധിപരായ എം.എന്‍. വിജയന്‍ ആ സ്ഥാനത്തു തുടര്‍ന്നുകൊണ്ടുതന്നെ പാര്‍ട്ടിയെ രൂക്ഷമായി ആക്ഷേപിക്കുന്ന പാഠം മാസികയുടെ പത്രാധിപരുമായി പ്രവര്‍ത്തിക്കുകയാണ് അന്ന്. ഐസ്‌ക്രീം പെണ്‍വാണിഭസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ വേണ്ടവിധം നടപടിയെടുക്കുന്നതില്‍ നായനാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന ആക്ഷേപവും ചില മേഖലകളില്‍നിന്നുയര്‍ന്നു.

ഇത്തരത്തില്‍ കലുഷമായ സാഹചര്യത്തിലാണ് മലപ്പുറത്ത് 2005 ആദ്യം പാര്‍ട്ടി സംസ്ഥാനസമ്മേളനം നടന്നത്. 2002ല്‍ കണ്ണൂരില്‍ നടന്ന സംസ്ഥാനസമ്മേളനത്തില്‍ വിഭാഗീയതയുണ്ടായില്ലെന്നു മാത്രമല്ല, നേരത്തേയുണ്ടായിരുന്ന വിഭാഗീയത ഇല്ലാതാക്കുന്നതില്‍ വലിയൊരളവോളം മുന്നോട്ടുപോവാനും കഴിഞ്ഞിരുന്നു. എന്നാല്‍, മലപ്പുറത്ത് പരസ്യമായ വെല്ലുവിളി ഉയരുന്ന തരത്തില്‍ വിഭാഗീയത വളര്‍ന്നു. പല ജില്ലകളിലും അതേ അനുഭവമുണ്ടായതാണ്. സമ്മേളനത്തില്‍ വിഭാഗീയമായി തിരിഞ്ഞ് ചര്‍ച്ചയും അതിന്റെ പരിമസമാപ്തിയായി സംഘടനാതിരഞ്ഞെടുപ്പില്‍ മത്സരവുമുണ്ടായി. എന്നാല്‍, മത്സരിച്ച ആരും വിജയിച്ചില്ല. 1998-ല്‍ പാലക്കാട്ടു നടന്നതുപോലുള്ള അത്യാചാരങ്ങള്‍ക്ക് കളമൊരുങ്ങിയിരുന്നെങ്കിലും പാനല്‍തന്നെ വിജയിക്കുകയായിരുന്നു. മലപ്പുറം സമ്മേളനവും അതിനു മുമ്പ് നടന്ന താഴേത്തലങ്ങളിലുള്ള സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് നിരവധിപേര്‍ക്കെതിരേ നടപടികളുണ്ടായി.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് 2006-ലെ നിയമസഭാതിരഞ്ഞെടുപ്പു വന്നത്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയില്‍നിന്ന് ആരെങ്കിലും മത്സരിക്കണമോ എന്ന പ്രശ്‌നം വന്നു. കേന്ദ്രകമ്മിറ്റി അംഗങ്ങളിലും സംസ്ഥാനസെക്രട്ടേറിയറ്റ് അംഗങ്ങളിലും ആരൊക്കെ മത്സരിക്കണമെന്ന പ്രശ്‌നമുണ്ടായി. കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുമായി പി.ബി. അംഗങ്ങള്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി. കാലാനുസൃതമായ വികസനകാര്യങ്ങളില്‍ പ്രതിപക്ഷനേതാവും പി.ബി. അംഗവുമായ വി.എസ്സിന്റെ നിലപാട് നിഷേധാത്മകമാണന്നും അതിനാല്‍ വി.എസ്. മത്സരിക്കുന്നത് മുന്നണിയുടെ സാദ്ധ്യത ഇല്ലാതാക്കുമെന്നുമാണ് ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടത്. ഈ ആശയവിനിമയത്തെ തുടര്‍ന്ന് പി.ബി. യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ വി.എസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് പി.ബി. തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറിയും പി.ബി. അംഗവുമായ പിണറായി വിജയന്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി. ഈ നിലപാടോടെ സംസ്ഥാനസെക്രട്ടേറിയറ്റും സംസ്ഥാനകമ്മിറ്റിയും ചേര്‍ന്ന് സ്ഥാനാര്‍ത്ഥിനിര്‍ണ്ണയം നടത്താന്‍ പി.ബി. നിര്‍ദ്ദേശിച്ചു.

എന്നാല്‍, വി.എസ്സിനെ മത്സരിപ്പിക്കുന്നില്ലെന്ന തീരുമാനം പുറത്തുവന്നതോടെ പാര്‍ട്ടിക്കകത്ത് ശക്തമായ പ്രതിഷധമുയര്‍ന്നു. പലേടത്തും പ്രകടനങ്ങള്‍ നടന്നു. ജനവികാരം പാര്‍ട്ടിയുടെ തീരുമാനത്തിനെതിരാണെന്ന് ബോദ്ധ്യപ്പെട്ടതിനാലാവാം പാര്‍ട്ടി പി.ബി. വീണ്ടും അടിയന്തരമായി യോഗം ചേരുകയും കേരളത്തിലെ പൊതുസമൂഹത്തില്‍ ഉരുത്തിരിയുന്ന വൈകാരികകാര്യങ്ങള്‍ അവതരിപ്പിക്കുകയും തിരഞ്ഞെടുപ്പില്‍ സംഭവിക്കാവുന്ന വൈകാരികതരംഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കാമെന്ന നിലപാടില്‍ വി.എസ്. എത്തി. മത്സരിക്കാനില്ലെന്ന നിലപാടില്‍ പിണറായി ഉറച്ചുനിന്നു. പി.ബിയുടെ ഈ ധാരണ പിറ്റേന്നുതന്നെ ചേര്‍ന്ന സംസ്ഥാനകമ്മിറ്റി അംഗീകരിക്കുകയും വി.എസ്. മലമ്പുഴയില്‍ത്തന്നെ സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, തര്‍ക്കം, അതുമായി ബന്ധപ്പെട്ടുണ്ടായ വൈകാരികപ്രശ്‌നങ്ങള്‍ എന്നിവ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ തരംഗസ്വഭാവമാര്‍ജ്ജിച്ചു. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷജനാധിപത്യമുന്നണി 99 സീറ്റ് നേടി അധികാരത്തിലെത്തി.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓരോ ഘട്ടവും അതീവഗുരുതരമായ സംഘടനാപ്രശ്‌നങ്ങളില്‍ മുങ്ങിയിരുന്നതിനാല്‍ അതേക്കുറിച്ച് പാര്‍ട്ടി കേന്ദ്രകമ്മിറ്റി പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടാണ് ചരിത്രപരമായി രേഖപ്പെടുത്തേണ്ടതെന്നതിനാല്‍ അതിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ കൊടുക്കുന്നു:

'പി.ബി. യോഗത്തിനു മുമ്പ് കേരളത്തില്‍നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെ വിളിക്കുകയും പി.ബി. അവരുടെ കാഴ്ചപ്പാടുകള്‍ കേള്‍ക്കുകയും ചെയ്തിരുന്നു. വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും തങ്ങള്‍ മത്സരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പി.ബിയില്‍ പറഞ്ഞു. സംസ്ഥാനകമ്മിറ്റി മത്സരിക്കുന്ന ടീമിന്റെ നേതാവിനെ നിശ്ചയിക്കണമെന്നും പി.ബി. തീരുമാനിച്ചു. ഈ തീരുമാനം സംസ്ഥാനസെക്രട്ടേറിയറ്റിനെയും സംസ്ഥാനകമ്മിറ്റിയെയും അറിയിച്ചു. സംസ്ഥാനകമ്മിറ്റി യോഗത്തിനുശേഷം ചില ജില്ലാ കമ്മിറ്റികളും കീഴ്ക്കമ്മിറ്റികളും വി.എസ്. അച്യുതാനന്ദനെ സ്ഥാനാര്‍ത്ഥിയാക്കാത്തത് പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ടെന്നും അത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുവിജയത്തെ ബാധിക്കാനിടയുണ്ടെന്നും കാണിച്ച് പാര്‍ട്ടി സെന്ററിലേക്ക് കത്തെഴുതി. പാര്‍ട്ടിയെ പിന്തുണയ്ക്കുന്ന നിരവധിപേരും മറ്റു വ്യക്തികളും ഇതേപോലുള്ള കത്തുകള്‍ പാര്‍ട്ടികേന്ദ്രത്തിനെഴുതി. വി.എസ്. അച്യുതാനന്ദന് നീതിരഹിതമായി സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കുകയാണ് പാര്‍ട്ടി ചെയ്തതെന്ന് മാദ്ധ്യമങ്ങള്‍ സംഘടിതമായ പ്രചാരവേല നടത്തി. ഇതെല്ലാം ഈ വിഷയത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ ആശയക്കുഴപ്പം വര്‍ദ്ധിക്കുന്നതിനിടയാക്കി.

'കേരളസ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനും ഉചിതമായ തീരുമാനമെടുക്കുന്നതിനുമായി ഡല്‍ഹിയില്‍വെച്ച് പോളിറ്റ് ബ്യൂറോയുടെ ഒരു അടിയന്തരയോഗം വിളിച്ചുകൂട്ടി. മുന്‍തീരുമാനം ആശയക്കുഴപ്പം ഉണ്ടാക്കിയ അന്നത്തെ സ്ഥിതിവിശേഷത്തില്‍ വി.എസ്. അച്യുതാനന്ദനും പിണറായി വിജയനും മത്സരിക്കുന്നതാണ് നല്ലതെന്നും അല്ലാത്തപക്ഷം അത് തിരഞ്ഞെടുപ്പുഫലത്തെ ദോഷകരമായി ബാധിക്കുമെന്നും പി.ബി. തീരുമാനിച്ചു. ഈ ചര്‍ച്ചയ്ക്കിടയില്‍ തന്റെ മുന്‍നിലപാടില്‍ മാറ്റംവരുത്തുകയാണെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നും വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പിണറായി വിജയന്‍ തന്റെ നിലപാടില്‍ മാറ്റംവരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. പി.ബി. അതിന്റെ മുന്‍തീരുമാനത്തില്‍ മാറ്റംവരുത്തുകയും അച്യുതാനന്ദന്‍ മത്സരിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു. മുഖ്യമന്ത്രി ആരാകണമെന്ന വിഷയം തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കാമെന്ന് നിശ്ചയിച്ചു. മാദ്ധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്രമിക്കുകയും പാര്‍ട്ടിതീരുമാനത്തിനെതിരേ പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ വി.എസ്. അച്യുതാനന്ദന്‍ ഒരു പ്രസ്താവന പുറപ്പെടുവിക്കേണ്ടതായിരുന്നുവെന്ന് പി.ബി. ചൂണ്ടിക്കാട്ടി.

'തിരഞ്ഞെടുപ്പില്‍ വന്‍വിജയം-99 സീറ്റ് -നേടിയശേഷം വീണ്ടും പി.ബി. യോഗം ചേര്‍ന്നാണ് മുഖ്യമന്ത്രിയായി വി.എസ്. അച്യുതാന്ദനെ തീരുമാനിച്ചത്. ഡി.ഐ.സി.കെയുമായി തിരഞ്ഞെടുപ്പുസഖ്യമോ നീക്കുപോക്കോ ഉണ്ടാക്കേണ്ടതില്ലെന്നും വി.എസ്. അച്യുതാനന്ദനെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതും തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് സഹായകമായതായും പാര്‍ട്ടി വിലയിരുത്തി'

(19ാം പാര്‍ട്ടി കോണ്‍ഗ്രസ് രേഖകള്‍).

2006-ലെ തിരഞ്ഞെടുപ്പുഫലത്തില്‍ പല സവിശേഷതകളുണ്ടായിരുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പി.കെ. കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറത്ത് കെ.ടി. ജലീലിനോടു തോറ്റത് ലീഗിനെ മാത്രമല്ല, യു.ഡി.എഫിനെയാകെ നടുക്കി. തൊണ്ണൂറുകളുടെ ആദ്യം പ്രതിപക്ഷനേതാവായതുമുതല്‍ ഇടമലയാര്‍ കേസില്‍ വി.എസ്. രാഷ്ട്രീയമായും നിയമപരമായും ആര്‍. ബാലകൃഷ്ണപിള്ളയ്‌ക്കെതിരേ സന്ധിയില്ലാസമരം നടത്തുകയായിരുന്നു. ബാലകൃഷ്ണപിള്ളയുടെ ജീവിതത്തിലെ ആദ്യത്തെ തിരഞ്ഞെടുപ്പുപരാജയം ഈ തിരഞ്ഞെടുപ്പിലുണ്ടായി. സി.പി.ഐ.എമ്മിലെ അയിഷാ പോറ്റിയോട് കൊട്ടാരക്കരയില്‍ പിള്ള തോറ്റു. എത്രയോ കാലം കൈവിടാതെ കാത്ത അരൂര്‍ ഗൗരിയമ്മയെ കൈവിട്ടു. അത്തരത്തില്‍ വമ്പിച്ച എല്‍.ഡി.എഫ്. തരംഗമാണ് സംഭവിച്ചത്.

വമ്പിച്ച ഭൂരിപക്ഷം ലഭിച്ചെങ്കിലും മന്ത്രിസഭാരൂപീകരണം വെല്ലുവിളിനിറഞ്ഞതായിരുന്നു. പോളിറ്റ്ബ്യൂറോ തീരുമാനപ്രകാരം വി.എസ്സിനെ മുഖ്യമന്ത്രിയായി തീരുമാനിച്ചു; ആഭ്യന്തരമന്ത്രിയായി കോടിയേരി ബാലകൃഷ്ണനെയും. എന്നാല്‍, വിജിലന്‍സ് തനിക്കു വേണമെന്ന് വി.എസ്. ആവശ്യപ്പെട്ടത് വകുപ്പുവിഭജനം ആദ്യഘട്ടത്തില്‍ പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. അക്കാര്യത്തിലും പി.ബി. ഇടപെട്ടാണ് വ്യക്തതവരുത്തിയത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളില്‍ കോടിയേരിക്കു പുറമെ പാലോളി മുഹമ്മദ്കുട്ടി, പി.കെ. ഗുരുദാസന്‍, പി.കെ. ശ്രീമതി ടീച്ചര്‍, എം.എ. ബേബി, സംസ്ഥാനസെക്രട്ടേറിയറ്റംഗങ്ങളായ എളമരം കരീം, എ.കെ. ബാലന്‍, തോമസ് ഐസക് എന്നിവരും മന്ത്രിമാരായി. 2005ലെ സംസ്ഥാനസമ്മേളനത്തിനുശേഷം സെക്രട്ടേറിയറ്റില്‍നിന്ന് ഒഴിവായ എസ്. ശര്‍മ്മ മന്ത്രിസഭയില്‍ ഇടം നേടി. തിരുവനന്തപുരത്തുനിന്ന് എം. വിജയകുമാറിനെയും ആലപ്പുഴയില്‍നിന്ന് ജി. സുധാകരനെയും മന്ത്രിസഭയിലുള്‍പ്പെടുത്തി. സി.പി.ഐയില്‍നിന്ന് സി. ദിവാകരന്‍, കെ.പി. രാജേന്ദ്രന്‍, ബിനോയ് വിശ്വം, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ മന്ത്രിമാരായി. ജനതാദളില്‍നിന്ന് മാത്യു ടി. തോമസ്, ആര്‍.എസ്.പിയില്‍നിന്ന് എന്‍.കെ. പ്രേമചന്ദ്രന്‍, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പില്‍നിന്ന് പി.ജെ. ജോസഫ് എന്നിവര്‍ മന്ത്രിമാരായി. കെ. രാധാകൃഷ്ണന്‍ സ്പീക്കറും ജോസ് ബേബി ഡപ്യൂട്ടി സ്പീക്കറും.

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകം ഓണ്‍ലെനില്‍ വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം