മാതൃകാ വാടക നിയമം വരുന്നു: രണ്ടാമത്തെ വീടിന്‍റെ വാടകയ്ക്ക് നികുതിയിളവ്

By Web TeamFirst Published Jul 5, 2019, 4:14 PM IST
Highlights

വീട്ടുടമയുടെ രണ്ടാമത്തെ വീടിനുള്ള വാടകയിനത്തിലെ വരുമാനത്തിനുള്ള നികുതി കുറച്ചിട്ടുണ്ട്. പഴയ വാടക നിയമം കാലഹരണപ്പെട്ടതാണെന്നും കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങൾ ഇതിൽ വരേണ്ടതുണ്ടെന്നും ധനമന്ത്രി. 

ദില്ലി: വീടുകൾ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ പരിഷ്കരിക്കാൻ പുതിയ മാതൃകാ വാടക നിയമം കൊണ്ടു വരുമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. ''നിലവിലെ വാടകനിയമം കാലഹരണപ്പെട്ടതാണ്. ഉടമയും വാടകക്കാരും തമ്മിലുള്ള ഇടപാടുകൾ കൃത്യമായി നിർവചിക്കാൻ ഇപ്പോഴത്തെ വാടക നിയമത്തിനാകുന്നില്ല. അതിനാൽ പുതിയ വാടക നിയമം നിർമിച്ച് സംസ്ഥാനങ്ങൾക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനകൾ തുടങ്ങിയിട്ടുണ്ട്'', ബജറ്റ് പ്രസംഗത്തിൽ നിർമല സീതാരാമൻ വ്യക്തമാക്കി. 

വാടകയ്ക്ക് വീടുകൾ നൽകുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പരിഷ്കാരങ്ങൾ കൊണ്ടുവരുമെന്നും നിർമല സീതാരാമൻ അറിയിച്ചു. എല്ലാവർക്കും വീട് ലഭിക്കുന്നതുമായി ബന്ധപ്പെട്ട വിശാല പദ്ധതിയുടെ ഒരു ഭാഗമാണിത്. 

''പ്രധാനമന്ത്രി ആവാസ് യോജന (PMAY) വഴി ഇതുവരെ 1.5 കോടി വീടുകൾ നിർമിച്ച് നൽകി. ഇതിന്‍റെ രണ്ടാംഘട്ടമായി 1.95 കോടി വീടുകളാണ് നിർമിക്കാനുദ്ദേശിക്കുന്നത്'', നിർമല സീതാരാമൻ വ്യക്തമാക്കി. 

2022 ആകുമ്പോഴേക്ക് എല്ലാവർക്കും വീടുകൾ നൽകാനുള്ള പദ്ധതി പൂർത്തീകരിക്കും. നേരത്തേ പദ്ധതിയിലുൾപ്പെടുത്തി ഒരു വീട് നിർമിക്കാൻ 314 ദിവസമെടുക്കുമെങ്കിൽ ഇപ്പോൾ നൂറ്റിയമ്പതിൽ താഴെ ദിവസങ്ങൾ മതി. ഇത് സർക്കാരിന്‍റെ ഇച്ഛാശക്തിയുടെ ഫലമാണെന്നും നിർമല സീതാരാമൻ അവകാശപ്പെട്ടു. 

click me!