'പ്രധാനമന്ത്രി കർമയോഗി മാൻധൻ സ്കീം' വരുന്നു: 3 കോടി വ്യാപാരികൾക്ക് പെൻഷൻ

Published : Jul 05, 2019, 12:11 PM ISTUpdated : Jul 05, 2019, 12:21 PM IST
'പ്രധാനമന്ത്രി കർമയോഗി മാൻധൻ സ്കീം' വരുന്നു: 3 കോടി വ്യാപാരികൾക്ക് പെൻഷൻ

Synopsis

മാന്ദ്യത്തിലായ വ്യാപാരമേഖലയ്ക്ക് വൻ വാഗ്‍ദാനങ്ങളാണ് പുതിയ ബജറ്റിലുള്ളത്. 'പ്രധാനമന്ത്രി കർമയോഗി സ്കീം' മൂന്ന് കോടി വ്യാപാരികൾക്ക് പെൻഷൻ സുരക്ഷ ഉറപ്പാക്കുന്നതാണ്. 

ദില്ലി: ബജറ്റിൽ കടയുടമകൾക്കും, റീട്ടെയ്‍ൽ വ്യാപാരികൾക്കും ഭീമൻ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെമ്പാടും 3 കോടി വ്യാപാരികൾക്ക് പെൻഷൻ സുരക്ഷ ഉറപ്പാക്കുന്ന 'പ്രധാനമന്ത്രി കർമയോഗി സ്കീം' ഉടൻ നടപ്പാക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. 1.5 കോടിയിൽ കുറവ് വിറ്റുവരവുള്ളവർക്കാണ് പെൻഷൻ സുരക്ഷ ലഭിക്കുക.

പെൻഷൻ സ്കീം ലഭിക്കാനുള്ള വഴികൾ ലളിതമായിരിക്കുമെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. ആധാർ കാർഡിനും, ഒരു തിരിച്ചറിയൽ രേഖയ്ക്കും ഒപ്പം സെൽഫ് ഡിക്ലറേഷനും നടത്തിയാൽ പെൻഷൻ സ്കീമിൽ അംഗമാകാം. 

''ഗാവ്, ഗരീബ്, കിസാൻ'' എന്നിവയുടെ വികസനം ലക്ഷ്യമിട്ടുകൊണ്ടുള്ള ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നതെന്ന് നിർമലാ സീതാരാമൻ വ്യക്തമാക്കി. ചെറുകിട വ്യവസായികൾക്ക് ക്വിക്ക് ലോണുകൾ ലഭിക്കാനുള്ള നടപടികളുണ്ടാകും. വായ്പാത്തുക പെട്ടെന്ന് ലഭിക്കാൻ ഒരു പേയ്‍മെന്‍റ് പ്ലാറ്റ് ഫോം ഉണ്ടാക്കും. 

ജിഎസ്‍ടിയിൽ രജിസ്റ്റർ ചെയ്ത എല്ലാ ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്കും, 2 ശതമാനം പലിശയിളവ് ലഭിക്കും. ഇതിനായി 350 കോടി രൂപ വകയിരുത്തി. 80 ബിസിനസ് ഇൻക്യുബേറ്ററുകളും, 20 ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററുകളും ഈ സാമ്പത്തിക വർഷം തന്നെ നിർമിക്കും. 'ASPIRE' (ആസ്‍പയർ) എന്ന ഈ പ്രോജക്ടിലൂടെ, കാർഷിക- ഗ്രാമീണ മേഖലകളിൽ 75,000 സ്കിൽഡ് സംരംഭകരെയെങ്കിലും പുറത്തിറക്കുകയാണ് ലക്ഷ്യം. 

സാമൂഹ്യസുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന കമ്പനികൾക്കും സന്നദ്ധ സംഘടനകൾക്കും പണം ലഭിക്കാനായി ഒരു 'സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച്' രൂപീകരിക്കും. ഇതിൽ ലിസ്റ്റ് ചെയ്യുന്ന ഓഹരികളിലൂടെ സാമൂഹ്യസുരക്ഷാ പ്രോജക്ടുകൾക്ക് പണം കണ്ടെത്താം. 

PREV
click me!

Recommended Stories

ആയുധങ്ങൾക്ക് മൂന്നിലൊന്ന് തുക: കരുതലോടെ പണപ്പെട്ടി കൈകാര്യം ചെയ്ത് നിർമല സീതാരാമൻ
സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച്: പരിസ്ഥിതി, ജലം, ഗ്രാമ വികസനം, ആരോഗ്യം തുടങ്ങിയവയ്ക്ക് വന്‍ നേട്ടമാകും