കേന്ദ്ര ബജറ്റ്: പ്രളയ പുനർനിർമാണത്തിന് വായ്‍പാ പരിധി ഉയര്‍ത്തണമെന്ന് കേരളം

By Web TeamFirst Published Jul 5, 2019, 8:15 AM IST
Highlights

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകൾ നൽകണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ കൂടുതൽ ഇളവുകൾ നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രളയം തകർത്ത കേരളത്തിന് കരകയറാന്‍ കേന്ദ്രബജറ്റിൽ സഹായമുണ്ടാകണമെന്നാണ് സംസ്ഥാനത്തിന്‍റെ പ്രധാന ആവശ്യം. വായ്പ എടുക്കാനുള്ള പരിധി ഉയർത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജിഎസ്‍ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണ്. നവകേരള നിർമ്മാണത്തിന് ലോകബാങ്ക് എഡിബി പോലുള്ള വിദേശ ഏജൻസിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. 

അതിനാൽ വായ്പ പരിധി ഉയർത്തണമെന്ന് തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുർവേദത്തിന് അന്തരാഷ്ട്ര ഗവേണകേന്ദ്രം സംസ്ഥാനത്ത് അനുവദിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. റബറിന്‍റെ വിലയിടിവ് നേരിടാൻ 200 രൂപ സബ്‍സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാളി കോയമ്പത്തൂർ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്. പുതിയ റെയിൽ പാതക്കും ജലഗതാഗതത്തിനും മലബാർ ക്യാൻസർ സെന്‍ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 

click me!