ലോക്ക്ഡൗൺ കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലവസരം വർധിച്ചതായി സാമ്പത്തിക സർവേ

By Web TeamFirst Published Jan 31, 2022, 9:19 PM IST
Highlights

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജോലിയുടെ ആവശ്യകതയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക സർവേ 2022 ൽ ഗ്രാമീണ തൊഴില്‍ വിപണിയിലെ പ്രവണതകളെ വിശകലനം ചെയ്തത്

ദില്ലി: കൊവിഡിന്റെ ഒന്നാം തരംഗം ഉണ്ടായ 2020 ൽ രാജ്യത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരം വർധിച്ചതായി കേന്ദ്രസർക്കാർ പുറത്തുവിട്ട സാമ്പത്തിക സർവേ ഫലം വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ കുടിയേറ്റങ്ങളുടെ പ്രഭവ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഒഡീഷ, ബീഹാര്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2021 ൽ മിക്ക മാസങ്ങളിലും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലവസരങ്ങള്‍ കുറവായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലുള്ള ജോലിയുടെ ആവശ്യകതയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് സാമ്പത്തിക സർവേ 2022 ൽ ഗ്രാമീണ തൊഴില്‍ വിപണിയിലെ പ്രവണതകളെ വിശകലനം ചെയ്തത്. അതേസമയം 2020 നെ അപേക്ഷിച്ച് 2021 ലെ മിക്ക മാസങ്ങളിലും പഞ്ചാബ്, മഹാരാഷ്ട്ര, കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴിലിന് ആവശ്യം കൂടുതലായിരുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ തൊഴിൽ തേടിയെത്തുന്ന സംസ്ഥാനങ്ങളാണ് പഞ്ചാബ്, മഹാരാഷ്ട്ര, കര്‍ണാടകം, തമിഴ്നാട് തുടങ്ങിയവ. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴിയുള്ള തൊഴില്‍ ആവശ്യകത സ്ഥിരത കൈവരിച്ചതായി സാമ്പത്തിക സര്‍വേ ചൂണ്ടിക്കാട്ടുന്നു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി തൊഴിലവസരങ്ങള്‍ ഇപ്പോഴും മഹാമാരിക്ക് മുൻപത്തെക്കാൾ കൂടുതലാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. കൊവിഡ് രണ്ടാം തരംഗത്തിനിടയില്‍, 2021 ജൂണില്‍ എംജിഎന്‍ആര്‍ഇജിഎസ് തൊഴില്‍ ആവശ്യകത 4.59 കോടി പേര്‍ എന്ന നിലയില്‍ പരമാവധി ഉയര്‍ന്ന നിലയിലെത്തി.

click me!