Latest Videos

Economic Survey Report 2022 : സാമ്പത്തിക സർവേ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇങ്ങനെ

By Web TeamFirst Published Jan 31, 2022, 3:55 PM IST
Highlights

നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു

ദില്ലി: നടപ്പ് സാമ്പത്തിക വർഷത്തിലെ സാമ്പത്തിക സർവേ റിപ്പോർട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിന്റെ ഇരുസഭകളിലും വെച്ചു. കേന്ദ്ര ബജറ്റ് 2022 ന് മുന്നോടിയായാണ് സാമ്പത്തിക സർവേ ഫലം പുറത്തുവിട്ടത്. നടപ്പ് സാമ്പത്തിക വർഷത്തിൽ 9.2 ശതമാനം ജിഡിപി വളർച്ച നേടാനാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു. 2022-23 സാമ്പത്തിക വർഷത്തിൽ എട്ട് മുതൽ എട്ടര ശതമാനം വരെ വളർച്ച നേടാനാകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ കാർഷികോൽപ്പാദന രംഗത്ത് 3.9 ശതമാനം വളർച്ച നേടുമെന്ന് സാമ്പത്തിക സർവേ ഫലം പറയുന്നുണ്ട്. വ്യാവസായിക രംഗത്ത് 11.8 ശതമാനം വളർച്ചയാണ് സർവേ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക സർവേ റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ ഇങ്ങനെ

  • നടപ്പ് സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച - 9.2 ശതമാനം
  • അടുത്ത സാമ്പത്തിക വർഷത്തിലെ ജിഡിപി വളർച്ച - 8 മുതൽ 8.5 ശതമാനം വരെ
  • കാർഷിക മേഖലയിൽ നടപ്പ് സാമ്പത്തിക വർഷത്തിലെ വളർച്ച 3.9 ശതമാനം
  • വ്യവസായിക മേഖലയിലെ വളർച്ച 11.8 ശതമാനം
  • സേവന മേഖലയിലെ വളർച്ച 8.2 ശതമാനം
  • ഉപഭോഗം നടപ്പ് സാമ്പത്തിക വർഷത്തിൽ 7 ശതമാനം വർധിക്കും
  • കയറ്റുമതി 16.5 ശതമാനം വളർച്ച നേടും
  • ഇറക്കുമതി 29.4 ശതമാനം വളർച്ച നേടും
  • രണ്ടാം കൊവിഡ് തരംഗത്തിന്റെ സാമ്പത്തികഘാതം ഒന്നാം തരംഗത്തേക്കാൾ കുറവ്
  • ഏപ്രിൽ മുതൽ നവംബർ വരെ റവന്യു റസീപ്റ്റ് വളർച്ച 67.2 ശതമാനം
  • ഏപ്രിൽ മുതൽ നവംബർ വരെ വരുമാനത്തിൽ 50 ശതമാനം വളർച്ച
  • ഇന്ത്യയുടെ വിദേശ കടം 556.8 യുഎസ് ഡോളറിൽ നിന്ന് 2021 സെപ്റ്റംബർ അവസാനത്തോടെ 593.1 ബില്യൺ ഡോളറായി ഉയർന്നു.
  • 2021-22 ന്റെ ആദ്യ പകുതിയിൽ ഫോറിൻ എക്സ്ചേഞ്ച് റിസർവ് 600 ബില്യൺ യുഎസ് ഡോളർ കടന്നു.
  • 2021 ഡിസംബർ 31 വരെ 633.6 ബില്യൺ യുഎസ് ഡോളറിലെത്തി
  • 2021 നവംബർ വരെ ലോകത്തിലെ ഏറ്റവും വലിയ വിദേശ നാണ്യ ശേഖരമുള്ള നാലാമത്തെ രാജ്യമായിരുന്നു ഇന്ത്യ
  • ബാങ്ക് വായ്പകൾ ഏപ്രിലിലെ 5.3 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 9.2 ശതമാനമായി വളർന്നു.
  • 2021 ഏപ്രിൽ മുതൽ നവംബർ വരെ ഐപിഒകൾ വഴി 89066 കോടി സമാഹരിച്ചു
  • ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള 2021 ഏപ്രിൽ - ഡിസംബർ കാലത്തെ പണപ്പെരുപ്പം 5.2 ശതമാനമായി
  • 2021-22 കാലത്തെ ഭക്ഷ്യ വിലക്കയറ്റം ശരാശരി 2.9 ശതമാനമായിരുന്നു
  • മൊത്തവിലയെ അടിസ്ഥാനമാക്കിയ പണപ്പെരുപ്പം 12.5 ശതമാനമായി വളർന്നു
  • നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തി
  • ലോകത്ത് ഏറ്റവുമധികം വനപ്രദേശമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ
  • ലോകത്തെ വനമേഖലയുടെ 2 ശതമാനമാണ് ഇന്ത്യയിലുള്ളത്
  • ഇന്ത്യയിലെ ഭൂഭാഗത്തിന്റെ 24 ശതമാനമാണ് ഇപ്പോൾ വനമേഖല.
  • വ്യാവസായിക ഉൽപ്പാദന സൂചിക 17.4 ശതമാനം ഉയർന്നു
  • ഇന്ത്യൻ റെയിൽവെയുടെ മൂലധന ചെലവ് 2020-21 കാലത്ത് 155181 കോടി രൂപയായി ഉയർന്നു. 21-22 കാലത്ത് ഇത് 215058 കോടിയായി ഉയരും
  • റോഡ് നിർമ്മാണം വേഗത്തിലാക്കി. 2019-20 കാലത്തെ 28 കിലോമീറ്ററായിരുന്നത് 20-21 കാലത്ത് 36.5 കിലോമീറ്ററായി മാറി.
click me!