രൂപയുടെ മൂല്യത്തകർച്ച സമ്മർദ്ദത്തിൽ തുടരുമെന്ന് സാമ്പത്തിക സർവേ

By Aavani P KFirst Published Jan 31, 2023, 5:07 PM IST
Highlights

കറന്റ് അക്കൗണ്ട് കമ്മി ഇനിയും ഉയർന്നാൽ  രൂപയുടെ മൂല്യത്തകർച്ച ഉണ്ടായേക്കാം. ബഡ്ജറ്റിന് മുൻപുള്ള സാമ്പത്തിക സർവേ റിപ്പോർട്ട് 
 

ദില്ലി: കയറ്റുമതിയുടെ തകർച്ചയും തുടർന്നുള്ള കറന്റ് അക്കൗണ്ട് കമ്മി വർദ്ധനയും കാരണം ഇന്ത്യൻ രൂപ മൂല്യത്തകർച്ചയ്ക്ക് വിധേയമായേക്കാമെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്. ബഡ്ജറ്റിന് മുന്നോടിയായി സാമ്പത്തിക സർവേ റിപ്പോട്ട് ഇന്ന് പുറത്തിറക്കി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം  രാജ്യത്തിന്റെ കറണ്ട് അക്കൗണ്ട് കമ്മി സെപ്റ്റംബറിൽ  ജിഡിപിയുടെ 4.4 ശതമാനമായി വർദ്ധിച്ചു.

ഇന്നത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 81.64 ആയിരുന്നു. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾക്കും യുഎസ് ഫെഡറേഷന്റെ പണനയം കർശനമാക്കിയതിനും പിറകെ ഇന്ത്യൻ രൂപ റെക്കോർഡ് ഉയരത്തിലേക്ക് എത്തിയിരുന്നു. ഉയർന്ന ചരക്ക് വിലയും  ശക്തമായ ആഭ്യന്തര ഡിമാൻഡും ഇന്ത്യയുടെ മൊത്തം ഇറക്കുമതി ഉയർത്തുകയും കറന്റ് അക്കൗണ്ട് കമ്മി കൂട്ടാൻ കാരണമാകുകയും ചെയ്തു. കറന്റ് അക്കൗണ്ട് കമ്മി ഇനിയും വർധിച്ചാൽ, കറൻസി മൂല്യത്തകർച്ച ഉണ്ടായേക്കാം. 

വ്യാപാര കമ്മി എങ്ങനെയാണു കൂടുന്നത്? ഒരു രാജ്യം കയറ്റുമതി ചെയ്യുന്നതിനേക്കാൾ കൂടുതൽ ഇറക്കുമതി ചെയ്യുമ്പോൾ വ്യാപാര കമ്മി സംഭവിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഒരു രാജ്യം വിൽക്കുന്നതിനേക്കാൾ കൂടുതൽ വാങ്ങുമ്പോൾ വ്യാപാര കമ്മി ഉണ്ടാകും.

2022 ഡിസംബറിൽ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 12.2 ശതമാനം ഇടിഞ്ഞ് 34.48 ബില്യൺ ഡോളറിലെത്തി, 2021 ഡിസംബറിൽ ഇത് 39.27 ബില്യൺ ഡോളറായിരുന്നു. അതേസമയം, 2022 ഡിസംബറിലെ ഇറക്കുമതി 2021 ഡിസംബറിലെ 60.33 ബില്യൺ ഡോളറിൽ നിന്ന്  58.24 ബില്യൺ ഡോളറായി കുറഞ്ഞു. 

എന്നാൽ രാജ്യത്തെ കയറ്റുമതിയും ഇറക്കുമതിയും കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഉയർന്നു. ഈ സാമ്പത്തിക വർഷം ഏപ്രിൽ-ഡിസംബർ കാലയളവിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള കയറ്റുമതി 9 ശതമാനം ഉയർന്ന് 332.76 ബില്യൺ ഡോളറിലെത്തി. ഇക്കാലയളവിലെ ഇറക്കുമതി 24.96 ശതമാനം  വർധിച്ച് 551.7 ബില്യൺ ഡോളറിലെത്തി.
 

click me!