
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വാശ്രയ കോളേജുകളിലെ ബിഎസ്‌സി, പോസ്റ്റ് ബേസിക് ബിഎസ്‌സി, എംഎസ്‌സി നഴ്‌സിങ് കോഴ്‌സുകളുടെ ഫീസ് വർധിപ്പിച്ചു. 10 ശതമാനമാണ് ഫീസ് വർധന. 82 സ്വകാര്യ നഴ്സിങ് കോളജുകൾക്കാണ് പുതിയ അധ്യയന വർഷം മെഡിക്കൽ വിദ്യാഭ്യാസ ഫീ റഗുലേറ്ററി കമ്മിറ്റി ഫീസ് വർധന അനുവദിച്ചിരിക്കുന്നത്. മാനേജ്മെന്റ് അസോസിയേഷനുകളിൽ അംഗത്വമുള്ള കോളേജുകളിലാണ് ഫീസ് വർധിപ്പിച്ചത്.
അസോസിയേഷനിൽ നിന്ന് അടുത്തിടെ പുറത്തുപോയ 2 കോളേജുകൾക്കും അസോസിയേഷൻ അംഗങ്ങളല്ലാത്ത കോളേജുകൾക്കും ഉത്തരവ് ബാധകമാകില്ല. സിംഗിൾ മാനേജ്മെന്റ് കോളേജുകളുടെ ഫീസ് വർധിപ്പിക്കണമെങ്കിൽ കമ്മിറ്റിയെ സമീപിക്കുകയും 3 വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഹാജരാക്കുകയും വേണം. മൂന്ന് വർഷത്തിന് ശേഷമാണ് ഫീസ് വർധനവിന് അനുമതി നൽകിയിരിക്കുന്നത്. ഇതിനായി അസോസിയേഷൻ പ്രതിനിധികളുമായി സമിതി കഴിഞ്ഞ ദിവസം ഹിയറിംഗ് നടത്തിയിരുന്നു.
ബിഎസ്‌സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബിഎസ്‌സി നഴ്‌സിങ് (85% സീറ്റുകൾ) - 73,025 രൂപയാണ് ട്യൂഷൻ ഫീസ്. ഇത് 80,328 രൂപയായി വർധിക്കും. 15% വരുന്ന എൻആർഐ സീറ്റുകളിൽ നിലവിലെ 95,000 രൂപയെന്ന ഫീസ് 1,04,500 രൂപയായി ഉയരും. സ്പെഷ്യൽ ഫീസിലും 10% വർധന അനുവദിച്ചിട്ടുണ്ട്. ആദ്യ വർഷത്തെ സ്പെഷ്യൽ ഫീസ് 23,980 രൂപയായും രണ്ടാം വർഷം മുതൽ ഫീസ് 21,230 രൂപയുമാകും. എംഎസ്‌സി നഴ്‌സിങ്ങിന്റെ ട്യൂഷൻ ഫീസ് ഒരു ലക്ഷത്തിൽ നിന്ന് 1,10,000 രൂപയായി വർധിക്കും. സ്പെഷ്യൽ ഫീസ് 50,000ൽ നിന്ന് 55,000 രൂപയുമാകും.