എക്സൈസിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കും; സേനയെ നവീകരിക്കുന്നതിന്റെ തുടര്‍ച്ചയെന്ന് എം.ബി രാജേഷ്

Published : Jan 31, 2026, 12:42 PM IST
Minister MB Rajesh

Synopsis

എക്സൈസ് സേനയെ ശാക്തീകരിക്കുന്നതിൻ്റെ ഭാഗമായി 134 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ് അറിയിച്ചു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: എക്സൈസ് സേനയിൽ പുതിയ 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ തീരുമാനിച്ചതായി മന്ത്രി എം.ബി രാജേഷ്. എക്സൈസ് സേനയെ നവീകരിക്കുന്നതിനും ശാക്തീകരിക്കുന്നതിനും ഈ രണ്ട് സർക്കാരിന്റെ കാലത്ത് നടന്ന ശ്രമങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി പറഞ്ഞു.

ആകെ 5,600 പേരുള്ള എക്സൈസ് സേനയിൽ കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ പി.എസ്.സി വഴി നടന്നത് 2,949 നിയമനങ്ങളാണ്. കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്ത് 507 തസ്തികകൾ സൃഷ്ടിച്ചു. പിന്നീട് 246 സിവിൽ വനിതാ എക്സൈസ് ഓഫീസർമാരുടെ തസ്തിക സൃഷ്ടിച്ചു. ഇപ്പോൾ പുതിയതായി 134 തസ്തികകൾ കൂടി സൃഷ്ടിക്കാൻ മന്ത്രി സഭ തീരുമാനമെടുത്തിരിക്കുന്നു. എക്സൈസിനെ നവീകരിക്കുന്നതിനായി പുതിയ വാഹനങ്ങൾ അനുവദിക്കുകയും സൈബർ വിങ്ങിനെ ശക്തിപ്പെടുത്തുകയും ചെയ്തുവെന്ന് മന്ത്രി പറഞ്ഞു.

ഈ സർക്കാരിന്റെ കാലത്ത് മയക്കുമരുന്ന് അടക്കമുള്ള ഗൗരവമായ കേസുകളിലെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് ക്രൈം ബ്രാഞ്ച് രൂപീകരിച്ചു. നമ്മുടെ എക്സൈസ് സേന കുറ്റാന്വേഷണത്തിന്റെയും എൻഫോഴ്സ്മെന്റിന്റെയും കാര്യത്തിൽ രാജ്യത്തെ ഏറ്റവും മികച്ച സേനയാണെന്നും ഇന്ത്യയിൽ ഏറ്റവും മികച്ച ശിക്ഷ നിരക്ക് കേരളത്തിലാണ് ഉള്ളതെന്നും 96.37 ആണ് കേരളത്തിലെ ശിക്ഷാനിരക്കെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം പാർലമെന്റിൽ അവതരിപ്പിച്ച ഇക്കണോമിക്സ് സർവ്വേയിൽ കേരളത്തിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെ ദേശീയ മാതൃക എന്ന് പ്രശംസിച്ചത് മലയാളികൾക്കെല്ലാം അഭിമാനിക്കാവുന്ന കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തെയാകെ പങ്കാളികൾ ആക്കി അതിദരിദ്രരായ ആളുകളെ കണ്ടെത്തിയും അവർക്ക് ഭക്ഷണം, ആരോഗ്യം, അടിസ്ഥാന രേഖകൾ, വീട് എന്നിവ ലഭ്യമാക്കിയുള്ള അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ഒരു ദേശീയ മാതൃകയാണെന്ന് രാജ്യത്തിന്റെ സാമ്പത്തിക അവലോകന റിപ്പോർട്ട്‌ ആയ ഇക്കോണമിക് സർവേയിൽ പ്രശംസ നേടിയത് കേരളത്തിന്റെ അതിദാരിദ്ര്യ മുക്ത യജ്ഞത്തെ പരിഹസിച്ചവർക്കുള്ള മറുപടിയാണെന്നും മന്ത്രി വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

കർഷക തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
ഹയർ സെക്കൻഡറി വിഭാഗത്തിന് ഇനി പുതിയ വെബ്സൈറ്റ്