
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്തിലെ ജൂലൈ മുതൽ ആരംഭിക്കുന്ന കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്കുമാണ് പ്രവേശനം. പരീശീലനം സൗജന്യമാണ്. മത്സര പരീക്ഷകൾക്ക് ക്ലാസെടുത്ത് പരിചയമുള്ള യോഗ്യരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
ഇംഗ്ലീഷ്, മലയാളം, ഗണിതം, റീസണിംഗ്, ജോഗ്രഫി, ജനറൽ സയൻസ്, ഭരണഘടന, ഇന്ത്യാ ചരിത്രം മറ്റു പൊതു വിജ്ഞാനങ്ങൾ എന്നിവയിൽ ഊന്നിയായിരിക്കും ക്ലാസുകൾ. 24 കേന്ദ്രങ്ങളും 32 ഉപകേന്ദ്രങ്ങളും അടക്കം 56 സെന്ററുകളിൽ 40 മുതൽ 100 വരെ വിദ്യാർത്ഥികൾക്കാണ് പ്രവേശനം നൽകുക. യോഗ്യതയുടെയും, സാമൂഹിക-സാമ്പത്തിക പിന്നാക്കവസ്ഥയുടെയും പരിഗണനയിലായിരിക്കും പ്രവേശനം.
ജൂലൈ ഒന്ന് മുതൽ ഡിസംബർ 31 വരെയും ജനുവരി ഒന്നു മുതൽ ജൂൺ 30 വരെയും നീളുന്ന ആറുമാസ ക്ലാസുകളാണ് സി.സി.എം.വൈകളിൽ ക്രമീകരിച്ചിരിക്കുന്നത്. ഡിഗ്രി ബാച്ച്, പ്ലസ് ടു ബാച്ച്, ഹോളിഡേ ബാച്ച് എന്നിവയിലേക്കാണ് പ്രവേശനം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അതത് സി.സി.എം.വൈകളിലേക്ക് ആവശ്യമായ എല്ലാ രേഖകളും സഹിതം അപേക്ഷ സമർപ്പിക്കണം. കോച്ചിംഗ് സെന്ററുകളുടെ പ്രാദേശിക അവസ്ഥ പരിഗണിച്ച് ഓൺലൈനായും ഓഫ്‌ലൈനായും അപേക്ഷിക്കാൻ അതത് സി.സി.എം.വൈകൾ അവസരം ഒരുക്കുന്നുണ്ട്. പരിശീലന കേന്ദ്രങ്ങളുടെ വിലാസം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 16 വൈകുന്നേരം അഞ്ച് മണി.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona