ആ സ്വപ്നത്തിന് പിന്നാലെ പോയത് അമ്മയായ ശേഷം, ഐഎഎസ് നേടിയത് മൂന്നാം ശ്രമത്തിൽ; ഒന്നും അസാധ്യമല്ലെന്ന് തെളിയിച്ച് പുഷ്പലത

Published : Aug 30, 2025, 12:15 AM IST
Pushpalatha IAS

Synopsis

വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പുഷ്പലത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്, അപ്പോഴേക്കും അവർക്കൊരു കുഞ്ഞും പിറന്നു.മൂന്നാം ശ്രമത്തിൽ ഐഎഎസ് നേടി.

വിവാഹം കഴിയുന്നതോടെ സ്ത്രീകളുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാവാറുണ്ട്. നിരവധി പേർ അതുവരെ ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് വീടിനുള്ളിൽ ഒതുങ്ങിപ്പോവാറുണ്ട്. എന്നാൽ വിവാഹം കഴിഞ്ഞ് അമ്മയായ ശേഷം പഠിച്ച് ഐഎഎസ് ഓഫീസർ വരെ ആയവരും ഈ സമൂഹത്തിലുണ്ട്. പുഷ്പലത യാദവിന്‍റെ ജീവിതം ഏവരെയും പ്രചോദിപ്പിക്കുന്നതാണ്. വിജയിച്ച എല്ലാ പുരുഷന്‍മാരുടെയും പിന്നിലൊരു സ്ത്രീയുണ്ട് എന്ന് പറയുന്നതു പോലെ വിജയിച്ച പുഷ്പലതയ്ക്ക് പിന്നിലൊരു പുരുഷനുണ്ടായിരുന്നു.

ഹരിയാനയിലെ രേവാരി ജില്ലയിലെ ഖുഷ്ബുര എന്ന ഗ്രാമമാണ് പുഷ്പലതയുടെ സ്വദേശം. ഗ്രാമത്തിൽ തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബിഎസ്‌സി പൂർത്തിയാക്കി, തുടർന്ന് എംബിഎ പാസ്സായി. 2011-ൽ വിവാഹിതയായ പുഷ്പലത ഹരിയാനയിലെ മനേസറിൽ താമസമാക്കി. വിവാഹത്തിന് മുമ്പ്, രണ്ട് വർഷം സ്വകാര്യ മേഖലയിൽ ജോലി ചെയ്തിരുന്നു, പിന്നീട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിൽ അസിസ്റ്റന്റ് മാനേജരായി. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷമാണ് പുഷ്പലത സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്, അപ്പോഴേക്കും അവർക്കൊരു കുഞ്ഞും പിറന്നു.

ജോലിയും വീട്ടുകാര്യങ്ങളും കുഞ്ഞിനെ പരിപാലിക്കലും അതിനിടയിൽ സമയം കണ്ടെത്തിയുള്ള പഠിത്തവുമൊന്നും എളുപ്പമായിരുന്നില്ല. തുടർന്ന് ജോലി രാജി വച്ച് മുഴുവൻ സമയവും പഠനത്തിൽ കേന്ദ്രീകരിച്ചു. ഭർത്താവും കുടുംബവും നല്ല പിന്തുണ നൽകി, എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേറ്റ് മണിക്കൂറുകളോളം പഠിച്ചു. പുഷ്പലത യുപിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്നപ്പോൾ ഭർത്താവാണ് മകന്‍റെ കാര്യങ്ങൾ നോക്കിയത്. സ്വപ്നങ്ങൾക്ക് പിന്നാലെ പോവാൻ ഭർത്താവ് പിന്തുണയും പ്രോത്സാഹനവും നൽകി. ഭർത്താവിന്‍റെയും ഭർതൃവീട്ടുകാരുടെ പിന്തുണയും വിലമതിക്കാനാവാത്തതായിരുന്നു എന്ന് പുഷ്പലത തന്നെ പറഞ്ഞിട്ടുണ്ട്.

പുഷ്പലതയുടെ കഠിനാധ്വാനം മൂന്നാം ശ്രമത്തിലാണ് ഫലം കണ്ടത്. ആദ്യ രണ്ട് ശ്രമത്തിലും മെയിൻസ് പാസ്സായില്ല. എന്നാൽ മൂന്നാം ശ്രമത്തിൽ അഖിലേന്ത്യാ തലത്തിൽ 80-ാം റാങ്ക് നേടി. അർപ്പണബോധവും സ്ഥിരോത്സാഹവും ഉണ്ടെങ്കിൽ ഏത് പരീക്ഷയിലും വിജയം കൈവരിക്കാൻ കഴിയുമെന്ന് പുഷ്പലത തെളിയിച്ചു. വെല്ലുവിളികളെ സധൈര്യം നേരിട്ടു. തൻ്റെ സ്വപ്നങ്ങൾ ഒരിക്കലും ഉപേക്ഷിക്കാതെ ലക്ഷ്യം നേടാനായി പ്രവർത്തിച്ചു.

PREV
Read more Articles on
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം