സ്റ്റാർട്ടപ്പുകൾക്കായി കൊച്ചിയിൽ മികച്ച തൊഴിലിടങ്ങൾ; സർവ്വേയുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

Published : Jan 01, 2026, 04:48 PM IST
kerala startup mission reverse pitch

Synopsis

സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങൾ ഫലപ്രദമായി മനസ്സിലാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ കൊച്ചിയിൽ 'വർക്ക്സ്പേസ് ഡിമാൻഡ് സർവ്വേ' ആരംഭിച്ചു.

കൊച്ചി: സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ-ചെറുകിട വ്യവസായങ്ങള്‍ തുടങ്ങിയവയുടെ മാറിക്കൊണ്ടിരിക്കുന്ന തൊഴിലിട ആവശ്യങ്ങൾ ഫലപ്രദമായി മനസ്സിലാക്കുന്നതിനായി കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ് യുഎം) കൊച്ചിയിൽ 'വർക്ക്സ്പേസ് ഡിമാൻഡ് സർവ്വേ' ആരംഭിച്ചു. സംരംഭകരുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും, ചിലവ് കുറഞ്ഞതും, ഭാവിക്കനുയോജ്യവുമായ ഫ്ലെക്സിബിൾ തൊഴിലിടങ്ങൾ കൊച്ചിയിൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ വളരുന്നതിനൊപ്പം തൊഴിലിടങ്ങളെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും ആവശ്യങ്ങളും അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റയാൾ സംരംഭങ്ങളിൽ നിന്ന് വലിയ ടീമുകളിലേക്കുള്ള വളർച്ചയിൽ സഹായകമാകുന്ന, പരസ്പര സഹകരണത്തോടെ പ്രവർത്തിക്കാൻ സാധിക്കുന്ന അടിസ്ഥാന സൗകര്യങ്ങളാണ് വര്‍ത്തമാനകാല ആവശ്യം. നിലവിലെ തൊഴിലിടങ്ങളുടെ രീതി, ഭാവിയിലെ ആവശ്യങ്ങൾ, കോ-വർക്കിംഗ് സ്പേസുകൾ, സ്വകാര്യ ഓഫീസുകൾ, ഇൻകുബേഷൻ സ്പേസുകൾ തുടങ്ങിയവയിൽ ഏതാണ് അഭികാമ്യമെന്ന് സര്‍വേയിലൂടെ അറിയാനാകും. അതിവേഗ ഇന്റർനെറ്റ്, പ്രോട്ടോടൈപ്പിംഗ് സൗകര്യങ്ങൾ, മീറ്റിംഗ് റൂമുകൾ തുടങ്ങിയ സൗകര്യങ്ങളുടെ ആവശ്യകത തുടങ്ങിയവയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് സർവ്വേയിലൂടെ തേടുന്നത്.

സർവ്വേയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കൊച്ചിയിൽ വരാനിരിക്കുന്ന പുതുതലമുറ സ്റ്റാർട്ടപ്പ് ഹബ്ബുകളുടെ ആസൂത്രണവും വികസനവും നടപ്പിലാക്കുക. സംരംഭകർക്ക് താങ്ങാവുന്ന നിരക്കിൽ മികച്ച സൗകര്യങ്ങൾ ലഭ്യമാക്കാൻ ഇത് സഹായിക്കും. സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥി സംരംഭകർ, ഫ്രീലാൻസർമാർ, ചെറുകിട സംരംഭകർ എന്നിവർ അവസരം പ്രയോജനപ്പെടുത്തി അഭിപ്രായങ്ങൾ രേഖപ്പെടുത്തണമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അഭ്യർത്ഥിച്ചു. കേരളത്തിന്റെ സംരംഭകത്വ മേഖലയെ ശക്തിപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും സർവ്വേയിൽ പങ്കെടുക്കാം.

 

PREV
Read more Articles on
click me!

Recommended Stories

ഡിജിറ്റൽ ഹബ്ബിൽ ഓഫീസെടുക്കാം; സ്റ്റാർട്ടപ്പുകൾക്കായി അപേക്ഷ ക്ഷണിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ
കേരള സർവകലാശാലയുടെ പിഎച്ച്ഡി രജിസ്ട്രേഷൻ; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു