അസിസ്റ്റന്റ് കമാന്‍ഡന്റ്; ബിരുദം യോ​ഗ്യതയുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം; അവസാനതീയതി മെയ് 5

Web Desk   | Asianet News
Published : Apr 26, 2021, 11:30 AM IST
അസിസ്റ്റന്റ് കമാന്‍ഡന്റ്; ബിരുദം യോ​ഗ്യതയുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം; അവസാനതീയതി മെയ് 5

Synopsis

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടാതെ, യു.പി.എസ്.സി. നിർദേശിക്കുന്ന ഫിസിക്കൽ, മെഡിക്കൽ യോഗ്യതകളും പാസായിരിക്കണം. 

ദില്ലി: 2021-ലെ സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (അസിസ്റ്റന്റ് കമാൻഡന്റ്) പരീക്ഷയ്ക്ക് യു.പി.എസ്.സി. അപേക്ഷ ക്ഷണിച്ചു. വിവിധ വകുപ്പുകളിലായി ആകെ 159 ഒഴിവുകളാണുള്ളത്. ബി. എസ്.എഫ്. -35, സി.ആർ.പി.എഫ്. -36, സി.ഐ.എസ്.എഫ്. -67, ഐ.ടി.ബി.പി. -20, എസ്.എസ്.ബി. -1 എന്നിങ്ങനെയാണ് വകുപ്പുകളും ഒഴിവുകളും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അടിസ്ഥാനയോഗ്യത. കൂടാതെ, യു.പി.എസ്.സി. നിർദേശിക്കുന്ന ഫിസിക്കൽ, മെഡിക്കൽ യോഗ്യതകളും പാസായിരിക്കണം. എൻ.സി.സി.യിലെ 'ബി', 'സി' സർട്ടിഫിക്കറ്റുകൾ അഭിലഷണീയ യോഗ്യതയാണ്

25 വയസ്സാണ് ഉയർന്ന പ്രായപരിധി. 20 വയസ്സ് പൂർത്തിയാക്കിയവർക്കാണ് അപേക്ഷിക്കാനാവുക. 2021 ഓഗസ്റ്റ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക. എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും വയസ്സിളവ് ഉണ്ടായിരിക്കും.

2021 ഓഗസ്റ്റ് എട്ടിനാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. രണ്ട് ഭാഗങ്ങളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പർ-1 രാവിലെ 10 മുതൽ 12 വരെ നടക്കും. ജനറൽ എബിലിറ്റി ആൻഡ് ഇന്റലിജൻസ് വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങൾ. ആകെ 250 മാർക്കിനുള്ള ഒബ്ജക്ടീവ് ടൈപ്പ് ഒ.എം.ആർ. പരീക്ഷയായിരിക്കും ഇത്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും. തെറ്റുത്തരത്തിന് 1/3 മാർക്ക് കുറയ്ക്കും. പരീക്ഷയ്ക്ക് കറുത്ത മഷിയുള്ള പേന മാത്രമാണ് ഉപയോഗിക്കാൻ അനുമതിയുള്ളത്. പേപ്പർ-2 വിവരണാത്മകപരീക്ഷയാണ്.

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരീക്ഷയിൽ ജനറൽ സ്റ്റഡീസ്, എസ്സേ ആൻഡ് കോംപ്രിഹെൻഷൻ വിഭാഗത്തിൽനിന്നായിരിക്കും ചോദ്യങ്ങളുണ്ടാവുക. രണ്ട് പേപ്പറിലും നിശ്ചിത മാർക്ക് നേടുന്നവരെയാണ് അടുത്ത ഘട്ടമായ ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിലേക്ക് പരിഗണിക്കുക. പരീക്ഷയുടെ വിശദമായ സിലബസ് വിജ്ഞാപനത്തിലുണ്ട്.

150 മാർക്കാണ് അഭിമുഖത്തിന്/പേഴ്സണാലിറ്റി ടെസ്റ്റിന് ലഭിക്കുന്ന പരമാവധി മാർക്ക്. എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമഫലം പ്രസിദ്ധീകരിക്കുക. പരീക്ഷാകേന്ദ്രം: കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവുമാണ് പരീക്ഷാകേന്ദ്രങ്ങൾ. വിശദമായ വിജ്ഞാപനം upsc.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. upsconline.nic.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മേയ് 5.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു