പ്ലസ്ടു യോഗ്യതയുള്ള വനിതകള്‍ക്ക് സിവില്‍ പോലീസ് ഓഫീസറാകാം

By Web TeamFirst Published Sep 24, 2020, 3:42 PM IST
Highlights

18 മുതൽ 26 വരെയാണ് പ്രായം. ഉദ്യോഗാര്‍ഥികള്‍ 02.01.1994 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം


തിരുവനന്തപുരം: കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 94/2020. ഭിന്നശേഷിയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും പുരുഷ ഉദ്യോഗാര്‍ഥികള്‍ക്കും ഈ വിജ്ഞാപന പ്രകാരം അപേക്ഷിക്കുവാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. സംസ്ഥാനതല ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളുമാണുള്ളത്. നേരിട്ടാണ് നിയമന രീതി.

18 മുതൽ 26 വരെയാണ് പ്രായം. ഉദ്യോഗാര്‍ഥികള്‍ 02.01.1994 നും 01.01.2002 നും ഇടയില്‍ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉള്‍പ്പെടെ)
ഉയര്‍ന്ന പ്രായപരിധി മറ്റ് പിന്നാക്ക വിഭാഗങ്ങളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 29 വയസ്സായും പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് 31 വയസ്സായും നിജപ്പെടുത്തിയിരിക്കുന്നു. ഹയര്‍സെക്കന്‍ഡറി പരീക്ഷ (പ്ലസ്ടു) പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം. നിശ്ചിത യോഗ്യതയുള്ള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ മാത്രം അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയര്‍സെക്കന്‍ഡറി/ പ്ലസ്ടു പരീക്ഷ തോറ്റ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കുന്നതാണ്.
 
കുറഞ്ഞത് 157 സെന്റിമീറ്റര്‍ ഉയരമാണ് ശാരീരിക യോഗ്യതകള്‍. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് കുറഞ്ഞത് 150 സെ.മീ. ഉയരം ഉണ്ടായിരുന്നാല്‍ മതിയാകും. കണ്ണടവയ്ക്കാതെയുള്ള കാഴ്ചശക്തി താഴെപ്പറയുന്ന തരത്തിലുള്ളതായി സാക്ഷ്യപ്പെടുത്തിയിരിക്കണം.
1) ഓരോ കണ്ണിനും പൂര്‍ണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം.
(2) വര്‍ണാന്ധത, സ്‌ക്വിന്റ് അല്ലെങ്കില്‍ കണ്ണിന്റെയോ ഏതെങ്കിലും കണ്‍പോളകളുടെയോ മോര്‍ബിഡ് ആയിട്ടുള്ള അവസ്ഥ എന്നിവ അയോഗ്യതയായി കണക്കാക്കുന്നതാണ്. 
3) മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞകാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കോമ്പല്ല്(മുന്‍ പല്ല്), ഉന്തിയ പല്ലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ അയോഗ്യതയായി കണക്കാക്കുന്നതായിരിക്കും.

(സി) നാഷണല്‍ ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിലെ വണ്‍സ്റ്റാര്‍ നിലവാരത്തിലുള്ള എട്ട് ഇനങ്ങളില്‍ ഏതെങ്കിലും അഞ്ച് എണ്ണത്തില്‍ യോഗ്യത നേടിയിരിക്കണം. കേരള പി.എസ്.സി.യുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് www.keralapsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഒക്ടോബര്‍ 21 ആണ് അവസാന തീയതി.

click me!