ഇം​ഗ്ലണ്ടിലെ യൂണിവേഴ്സിറ്റികളിൽ 1800ലധികം വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു

By Web TeamFirst Published Oct 9, 2020, 4:29 PM IST
Highlights

മിക്ക സർവ്വകലാശാലകളും കുറഞ്ഞത് മൂന്നാഴ്ച സമയത്തേക്കെങ്കിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്നതായി അധികൃതർ അറിയിച്ചു.
 


യുകെ: ഇം​ഗ്ലണ്ടിലെ വടക്കു കിഴക്കൻ പ്രദേശത്തുള്ള സർവ്വകലാശാലകളിൽ വിദ്യാർത്ഥികളും ജീവനക്കാരുമുൾപ്പെടെയുള്ള 1800 ലധികം പേർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചു. ഇവിടങ്ങളിൽ കർശനമായ പ്രാദേശിക ലോക്ക്ഡൗണാണ് നിലനിന്നിരുന്ന്. 1003 വിദ്യാർത്ഥികൾക്കും 12 ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതായി ന്യൂ കാസിൽ സർവ്വകലാശാല അറിയിച്ചു. നോർത്തുംബ്രിയ സർവ്വകലാശാലയിൽ 619 പുതിയ കേസുകളും ഡർഹാം യൂണിവേഴ്സിറ്റിയിൽ 219 കേസുകളുമാണ് കഴിഞ്ഞയാഴ്ച സ്ഥിരീകരിച്ചത്. മിക്ക സർവ്വകലാശാലകളും കുറഞ്ഞത് മൂന്നാഴ്ച സമയത്തേക്കെങ്കിലും ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറാൻ ഉദ്ദേശിക്കുന്നതായി അധികൃതർ അറിയിച്ചു.

പ്രാദേശികമായും ദേശീയമായും കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സുരക്ഷാ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് സർവ്വകലാശാല വക്താവ് അറിയിച്ചു. ഐസൊലേഷനിൽ കഴിയുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ ഓൺലൈൻ സഹായങ്ങൾ എത്തിക്കും. സെപ്റ്റംബർ 28നും ഒക്ടോബർ നാലിനും ഇടയിൽ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ 555 വിദ്യാർത്ഥികൾക്കും മൂന്ന് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി, മാഞ്ചസ്റ്റർ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ താത്ക്കാലികമായി അധ്യാപനം നിർത്തിവച്ചതായി ഇവിടുത്തെ അധ്യാപകർ അറിയിച്ചു.  

കൊവിഡ് വ്യാപനം തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം സ്വയം ഐസൊലേഷനിൽ പ്രവേശിക്കുക എന്നതാണ്. ഇത്തരത്തിൽ ഐസൊലേഷനിൽ പ്രവേശിക്കുന്ന വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോ​ഗ്യം വീണ്ടെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജീവനക്കും വിദ്യാർത്ഥി യൂണിയനുകളും നടത്തുന്നതായി അധികൃതർ അറിയിച്ചു. 

click me!