E-Language Labs : കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കും: മന്ത്രി വി. ശിവൻകുട്ടി

Web Desk   | Asianet News
Published : Mar 12, 2022, 09:44 AM IST
E-Language Labs : കൈറ്റിന്റെ ഇ-ലാംഗ്വേജ് ലാബുകൾ എല്ലാ ഭാഷകളിലും സ്ഥാപിക്കും: മന്ത്രി വി. ശിവൻകുട്ടി

Synopsis

തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്‌കൂളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും (kite) കൈറ്റിന്റെ നേതൃത്വത്തിൽ (e language labs) ഇ-ലാംഗ്വേജ് ലാബുകൾ സ്ഥാപിക്കുന്ന പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടർന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്‌കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 

ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾക്കായി നിലവിൽ തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബുകൾ ക്രമേണ ഹൈസ്‌കൂൾ-ഹയർസെക്കന്ററി തലത്തിലേക്കും വ്യാപിപ്പിക്കും. അടുത്ത അദ്ധ്യയന വർഷം മുതൽ ഇ-ലാംഗ്വേജ് ലാബിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാൻ ഈ മേഖലയിലെ മുഴുവൻ അധ്യാപകർക്കും പ്രത്യേക ഐടി പരിശീലനം ഈ മെയ് മാസത്തിൽത്തന്നെ പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്‌കൂളിൽ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പൂർണമായും സൗജന്യവും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പ്രവർത്തിക്കുന്നതുമായ ഇ-ലാംഗ്വേജ് ലാബുകൾ സ്‌കൂളുകളിലെ നിലവിലുള്ള ഹാർഡ്‌വെയർ ഉപയോഗിച്ച് തന്നെ പ്രവർത്തിപ്പിക്കാനാകും. പ്രത്യേക സെർവറോ ഇന്റർനെറ്റ് സൗകര്യമോ ആവശ്യമില്ലാത്തവിധം സ്‌കൂളുകളിലെ ലാപ്‌ടോപ്പിലൂടെ ഒറ്റ ക്ലിക്കിൽ വൈ-ഫൈ രൂപത്തിൽ ശൃംഖലകൾ ക്രമീകരിക്കാൻ കൈറ്റ് വികസിപ്പിച്ചെടുത്ത ഇ-ലാംഗ്വേജ് ലാബിൽ സൗകര്യമുണ്ട്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് മുഴുവൻ സ്‌കൂളുകളിലും ഇത്തരം സൗകര്യം ഏർപ്പെടുത്താൻ ശരാശരി 800 കോടി രൂപ ആവശ്യമുള്ളിടത്താണ് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ലൈസൻസ് നിബന്ധനകളില്ലാതെ, അക്കാദമികാംശം ചോർന്നുപോകാതെ കേരളത്തിൽ മാതൃക കാണിച്ചിരിക്കുന്നത്. 

മാതൃക ഒരു പക്ഷേ ലോകത്തുതന്നെ ആദ്യമായിരിക്കും എന്ന് കരുതുന്നതായും സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ കൈറ്റിന്റെ നേതൃത്വത്തിൽ നടത്തിയ  മുന്നേറ്റം മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി. സ്‌കൂളിലെ കുട്ടികൾ വേദിയിൽ ക്രമീകരിച്ച ഇ-ലാംഗ്വേജ്  ലാബ് വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു.

PREV
click me!

Recommended Stories

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോൾ!, ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്ന് ആദ്യ വനിതാ ഓഫീസർ; സായ് ജാദവിന് ചരിത്ര നേട്ടം
39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം