കൈറ്റിന്‍റെ ഇ-ലാംഗ്വേജ് ലാബുകള്‍ എല്ലാ ഭാഷകളിലും സജ്ജമാക്കും: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

Published : Mar 11, 2022, 09:16 PM IST
കൈറ്റിന്‍റെ ഇ-ലാംഗ്വേജ് ലാബുകള്‍ എല്ലാ ഭാഷകളിലും സജ്ജമാക്കും: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി

Synopsis

KITE Language lab: പ്രത്യേക സെര്‍വറോ ഇന്റര്‍നെറ്റ് സൗകര്യമോ ആവശ്യമില്ലാത്തവിധം സ്കൂളുകളിലെ ലാപ്‍ടോപ്പിലൂടെ ഒറ്റ ക്ലിക്കില്‍ വൈ-ഫൈ രൂപത്തില്‍ ശൃംഖലകള്‍ ക്രമീകരിക്കാന്‍ കൈറ്റ് വികസിപ്പിച്ചെടുത്ത ഇ-ലാംഗ്വേജ് ലാബില്‍ സൗകര്യമുണ്ട്.

തിരുവനന്തപുരം:  സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും കൈറ്റിന്റെ നേതൃത്വത്തില്‍ ഇ-ലാംഗ്വേജ് ലാബുകള്‍ (KITE Language lab) സ്ഥാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി (V Sivankutty). ഇ-ലാംഗ്വേജ് ലാബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ ഇംഗ്ലീഷ് ഭാഷയാണെങ്കിലും തുടര്‍ന്ന് മലയാളം, ഹിന്ദി, അറബിക്, സംസ്കൃതം, ഉറുദു തുടങ്ങി വിവിധ ഭാഷകളിലും ഇത് നടപ്പാക്കുമെന്ന്  മന്ത്രി അറിയിച്ചു. അതുപോലെ ഒന്നു മുതല്‍ 7 വരെ ക്ലാസുകള്‍ക്കായി നിലവില്‍ തയ്യാറാക്കിയ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബുകള്‍ ക്രമേണ ഹൈസ്കൂള്‍-ഹയര്‍സെക്കന്ററി തലത്തിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ഇ-ലാംഗ്വേജ് ലാബിന്റെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കാന്‍  മുഴുവന്‍ അധ്യാപകര്‍ക്കും പ്രത്യേക ഐടി പരിശീലനം ഈ മെയ് മാസത്തില്‍ത്തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം പൂജപ്പുര ഗവ. യു.പി. സ്കൂളില്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പൂര്‍ണമായും സൗജന്യവും സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍ പ്രവര്‍ത്തിക്കുന്നതുമായ ഇ-ലാംഗ്വേജ് ലാബുകള്‍ നമ്മുടെ സ്കൂളുകളിലെ നിലവിലുള്ള ഹാര്‍ഡ്‍വെയര്‍ ഉപയോഗിച്ച് തന്നെ പ്രവര്‍ത്തിപ്പിക്കാനാകും. 

പ്രത്യേക സെര്‍വറോ ഇന്റര്‍നെറ്റ് സൗകര്യമോ ആവശ്യമില്ലാത്തവിധം സ്കൂളുകളിലെ ലാപ്‍ടോപ്പിലൂടെ ഒറ്റ ക്ലിക്കില്‍ വൈ-ഫൈ രൂപത്തില്‍ ശൃംഖലകള്‍ ക്രമീകരിക്കാന്‍ കൈറ്റ് വികസിപ്പിച്ചെടുത്ത ഇ-ലാംഗ്വേജ് ലാബില്‍ സൗകര്യമുണ്ട്. ഉടമസ്ഥാവകാശമുള്ള സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിച്ച് നമ്മുടെ മുഴുവന്‍ സ്കൂളുകളിലും ഇത്തരം സൗകര്യം ഏര്‍പ്പെടുത്താന്‍ ശരാശരി 800 കോടി രൂപ ആവശ്യമുള്ളിടത്താണ് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് ലൈസന്‍സ് നിബന്ധനകളില്ലാതെ, അക്കാദമികാംശം ചോര്‍ന്നുപോകാതെ കേരളത്തില്‍ മാതൃക കാണിച്ചിരിക്കുന്നത്. 

മാതൃക ഒരു പക്ഷേ ലോകത്തുതന്നെ ആദ്യമായിരിക്കും എന്ന് കരുതുന്നതായും സ്വതന്ത്ര സോഫ്റ്റ്‍വെയറില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നാം നടത്തിയ ഈ മുന്നേറ്റം മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. പൂജപ്പുര ഗവ. യു.പി. സ്കൂളിലെ കുട്ടികള്‍ വേദിയില്‍ ക്രമീകരിച്ച ഇ-ലാംഗ്വേജ് ലാബ് വിദ്യാഭ്യാസ മന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.എസ്.കെ ഡയറക്ടര്‍ ഡോ.സുപ്രിയ എ.ആര്‍ എന്നിവര്‍ സംസാരിച്ചു.

PREV
Read more Articles on
click me!

Recommended Stories

പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും
പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു