'ഞങ്ങൾ ഒരുമിച്ചു പഠിച്ചു, പരസ്പരം പഠിപ്പിച്ചു'; പൊലീസ് കോണ്‍സ്റ്റബിൾ പരീക്ഷ ജയിച്ച അച്ഛനും മകനും പരിശീലനത്തിൽ

Published : Jul 22, 2025, 03:19 PM IST
father and son cracked constable exam

Synopsis

10 മാസത്തെ പരിശീലനം നേടിയ ശേഷം അതേ ജില്ലയിൽ തന്നെ കോൺസ്റ്റബിൾമാരാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

ഒരുമിച്ച് പഠിച്ച അച്ഛനും മകനും കോണ്‍സ്റ്റബിൾ പരീക്ഷ ജയിച്ച് പരിശീലനത്തിലാണ്. ഉത്തർപ്രദേശിലെ ഹാപൂരിൽ നിന്നുള്ള അച്ഛനും മകനുമാണ് നിശ്ചയദാർഢ്യത്തോടെ പഠിച്ച് ഒരുമിച്ച് ജോലിയിൽ പ്രവേശിക്കാൻ തയ്യാറെടുക്കുന്നത്.

യശ്പാൽ സിംഗ് നാഗർ, മകൻ ശേഖർ നാഗർ എന്നിവർ യുപി കോണ്‍സ്റ്റബിൾ പരീക്ഷ വിജയിച്ച് ബറേലിയിലും ഷാജഹാൻപൂരിലും 10 മാസത്തെ പരിശീലനത്തിലാണ്- "എന്‍റെ അച്ഛൻ എന്നോടൊപ്പം പരീക്ഷ ജയിച്ചതിൽ അഭിമാനിക്കുന്ന മകനാണ് ഞാൻ. ഞങ്ങൾ ഒരുമിച്ച് പരീക്ഷയ്ക്ക് തയ്യാറെടുത്തു. പൊതുവിജ്ഞാനം നേടാൻ അച്ഛൻ സഹായിച്ചു, ശാരീരിക ക്ഷമതാ പരിശീലനത്തിൽ ഞാൻ അച്ഛനെ സഹായിച്ചു"- ശേഖർ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

കോച്ചിംഗ് ക്ലാസുകൾക്ക് ഒന്നും പോവാതെയാണ് പരിശീലനം നേടിയതെന്ന് ശേഖർ പറയുന്നു- 'ഞങ്ങൾ ഒരുമിച്ച് വായിക്കുകയും ചർച്ച ചെയ്യുകയും പഠിക്കുകയും ചെയ്തു. ഞങ്ങൾ ലൈബ്രറിയിൽ പോകാറുണ്ടായിരുന്നു. പക്ഷേ അവിടെയുള്ള ആരോടും ഞങ്ങളുടെ ബന്ധം ഞങ്ങൾ ഒരിക്കലും വെളിപ്പെടുത്തിയിട്ടില്ല. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓൺലൈൻ വീഡിയോകളെയും യൂട്യൂബ് ചാനലുകളെയും ആശ്രയിച്ചിരുന്നു.'

കഴിഞ്ഞ മാസം ലഖ്നൌവിൽ വച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിൽ നിന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൽ നിന്നും നിയമന ഉത്തരവ് ലഭിച്ച 60,000 ഉദ്യോഗാർത്ഥികളിൽ ഈ അച്ഛനും മകനും ഉണ്ടായിരുന്നു. 10 മാസത്തെ പരിശീലനം നേടിയ ശേഷം അതേ ജില്ലയിൽ തന്നെ കോൺസ്റ്റബിൾമാരാകാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും.

ശേഖർ ബിരുദധാരിയാണ്, യശ്പാൽ ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ഹവിൽദാറാണ്. 15 വർഷം സൈന്യത്തിൽ സേവനമനുഷ്ഠിച്ച ശേഷം 2019 ൽ അദ്ദേഹം വിരമിക്കാൻ തീരുമാനിക്കുകയായിരുന്നു. യുപി പോലീസിൽ കോൺസ്റ്റബിൾ റാങ്കിലേക്കുള്ള റിക്രൂട്ട്മെന്റിനുള്ള പ്രായപരിധി 18 നും 25 നും ഇടയിലാണ്. മുൻ സൈനിക ക്വാട്ടയിലാണ് യശ്പാൽ യോഗ്യത നേടിയത്. കോൺസ്റ്റബിൾമാരായി യോഗ്യത നേടിയെങ്കിലും, സബ് ഇൻസ്പെക്ടർ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടരുമെന്ന് ശേഖർ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ