ഫസ്റ്റ്ബെൽ: കൈറ്റ് വിക്ടേഴ്സിൽ തിങ്കളാഴ്ച മുതൽ മുഴുവൻ ക്ലാസുകളും

By Web TeamFirst Published Jan 3, 2021, 9:24 AM IST
Highlights

പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. 

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്തുവരുന്ന 'ഫസ്റ്റ്ബെൽ' ഡിജിറ്റൽ ക്ലാസുകളുടെ  ഒന്നാം ക്ലാസു മുതലുള്ള സംപ്രേഷണം തിങ്കളാഴ്ച (ജനുവരി 4) പുനരാരംഭിക്കും. തിങ്കളാഴ്ച മുതൽ പത്തിലെ ക്ലാസുകൾ വൈകുന്നേരം 05.30 മുതൽ 07.00 മണി വരെയായിരിക്കും. ഇതിന്റെ പുനഃസംപ്രേഷണം പിറ്റേദിവസം രാവിലെ 06.30 മുതൽ 08.00 മണിവരെ അതേ ക്രമത്തിൽ നടത്തും. പ്ലസ് ടു ക്ലാസുകൾ രാവിലെ 08.00 മുതൽ 11.00 മണി വരെയും വൈകുന്നേരം 03.00 മണി മുതൽ 05.30 വരെയും ആയിരിക്കും. പ്ലസ് ടു പുനഃസംപ്രേഷണം അതേ ദിവസം വൈകുന്നേരം 07.00 മണി മുതൽ ഇതേ ക്രമത്തിൽ നടത്തും.

പ്ലസ് വൺ ക്ലാസുകൾ രാവിലെ 11.00 മുതൽ 12.00 മണി വരെയും എട്ട്, ഒൻപത് ക്ലാസുകൾ ഉച്ചയ്ക്ക് 02.00 നും 02.30 നും ആയിരിക്കും. ഒന്നു മുതൽ ഏഴു വരെ ക്ലാസുകൾ ഡിസംബർ രണ്ടാം വാരം മുതൽ സംപ്രേഷണം ചെയ്ത രൂപത്തിൽ ഉച്ചയ്ക്ക് 12.00 നും 02.00 നും ഇടയിൽ സംപ്രേഷണം ചെയ്യും.

പൊതുപരീക്ഷയ്ക്ക് ശ്രദ്ധിക്കേണ്ട മേഖലകളുടെ പത്താം ക്ലാസിലെ 90 ശതമാനവും പ്ലസ് ടുവിലെ 80 ശതമാനവും സംപ്രേഷണം പൂർത്തിയായതായി കൈറ്റ് സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു. അവശേഷിക്കുന്ന ഭാഗങ്ങളും കുട്ടികൾക്ക് ബുദ്ധിമുട്ടില്ലാത്തവിധം സംപ്രേഷണം ചെയ്യും. ഫസ്റ്റ്ബെൽ ക്ലാസുകൾ ആവശ്യമെങ്കിൽ കുട്ടികൾക്ക് സ്‌കൂളിൽ നിന്നു ഹൈടെക് സംവിധാനം പ്രയോജനപ്പെടുത്തി കാണാനും സൗകര്യമൊരുക്കും. മുഴുവൻ ക്ലാസുകളും കുട്ടികൾക്ക് അവർക്ക് സൗകര്യപ്രദമായ സമയത്ത്  firstbell.kite.kerala.gov.in പോർട്ടലിലൂടെ കാണാം. ഇനിയുള്ള ക്ലാസുകളുടെ സമയക്രമവും പോർട്ടലിൽ ലഭ്യമാകും.

click me!