
ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി തന്റെ യൂണിവേഴ്സിറ്റി ഡോർമിറ്ററിയുടെ വീഡിയോ പങ്കുവെച്ചത് വൈറലാകുന്നു. ഷെൻഷെനിലെ സർവകലാശാലയിൽ പഠിക്കുന്ന സലോണി ചൗധരിയാണ് വീഡിയോ പങ്കുവെച്ചത്. അത്യാധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഹോസ്റ്റലാണ് സലോണി പരിചയപ്പെടുത്തിയത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ സൗകര്യമുണ്ടെന്ന് സലോണി പറഞ്ഞു. കെട്ടിടത്തിന്റെ പതിനേഴാം നിലയിലാണ് അവരുടെ ഡോർമിറ്ററി സ്ഥിതി ചെയ്യുന്നത്.
ഐഡി കാർഡുകൾ വഴിയോ മുഖം തിരിച്ചറിയൽ വഴിയോ പ്രവേശിക്കാം. സൂപ്പർ ക്യൂട്ട് എന്നാണ് മുറിയെ സലോണി വിശേഷിപ്പിച്ചത്. സുഖകരവും വിദ്യാർത്ഥി ജീവിതത്തിന് അനുയോജ്യവുമാണ് നാല് പേർക്ക് താമസിക്കാൻ കഴിയുന്ന ഡെർമെറ്ററിയെന്ന് അവർ പറഞ്ഞു. കുളിമുറിയും ഡ്രസ്സിംഗ് ഏരിയയും വിദ്യാർത്ഥികൾക്ക് വാഷിംഗ് മെഷീനുകൾ സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു അലക്കു മുറിയും സലോനി കാണിച്ചു.
ധനസഹായത്തോടെയുള്ള സ്കോളർഷിപ്പിലാണ് പഠിക്കുന്നതെന്നും സലോണി പറഞ്ഞു. ചൈനയിലെ വിദ്യാർത്ഥി ജീവിതം എങ്ങനെയിരിക്കുമെന്ന് അറിയാൻ നിങ്ങൾക്ക് ജിജ്ഞാസയുണ്ടെങ്കിൽ അല്ലെങ്കിൽ ഇവിടെ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ വീഡിയോ നിങ്ങൾ നിർബന്ധമായും കാണണമെന്നും അവർ പറഞ്ഞു. കൊറിയൻ ഡ്രാമകളിൽ കാണുന്നതിന് തുല്യമായ സൗകര്യമാണെന്ന് പലരും കമന്റുകൾ എഴുതി.