മികച്ച കരിയറാണോ ലക്ഷ്യം, യുഎഇയിൽ പഠിക്കാം? ഇതൊക്കെയാണ് ശ്രദ്ധിക്കേണ്ടത്

Published : Jul 05, 2025, 06:25 PM IST
uae flag

Synopsis

യുഎഇയിൽ ഉന്നത പഠനം നടത്താൻ ആ​ഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾക്കായുള്ള വിശദ വിവരങ്ങൾ യുഎഇ ഡിജിറ്റൽ ​ഗവൺമെന്റ് തങ്ങളുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട് 

ദുബൈ: വിദ്യാഭ്യാസ രം​ഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് യുഎഇ. ഇവിടുത്തെ യൂണിവേഴ്സിറ്റികളും നിരവധി കോഴ്സുകളും എന്നും വിദ്യാർത്ഥികൾക്ക് മികച്ച കരിയർ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ യുഎഇയിൽ ഉന്നത പഠനം നടത്താൻ ആ​ഗ്രഹിക്കുന്നവർക്കായുള്ള വിശദ വിവരങ്ങൾ യുഎഇ ഡിജിറ്റൽ ​ഗവൺമെന്റ് തങ്ങളുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവരുൾപ്പടെയുള്ള വിദേശ വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനപ്പെടുത്താവുന്നതാണ്.

സർവ്വകലാശാല തലത്തിലും പൊതു, സ്വകാര്യ സ്കൂളുകളിലും വിദേശ വിദ്യാർത്ഥികൾക്കായി പഠന അവസരങ്ങൾ യുഎഇ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. പ്രത്യേകം ഫീസോടു കൂടി വിദേശ വിദ്യാർത്ഥികൾക്ക് യുഎഇയിലെ സർക്കാർ സ്കൂളുകളിൽ പ്രവേശിക്കാൻ കഴിയും. കൂടാതെ ഇവിടുത്തെ നിരവധി യൂണിവേഴ്സിറ്റികൾ വിദേശ വിദ്യാർത്ഥികൾക്കായി നിരവധി സ്കോളർഷിപ്പുകളും പ്രോ​ഗ്രാമുകളും നൽകുന്നുണ്ട്. ചില മാനദണ്ഡങ്ങൾക്ക് വിധേയമായി യുഎഇയിലെ എല്ലാ സ്വകാര്യ, പൊതു സ്കൂളുകളിലും വിദേശ വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് യോ​ഗ്യതയുണ്ട്.

യുഎഇയിൽ പഠിക്കാൻ ആ​ഗ്രഹിക്കുന്ന വിദ്യാർത്ഥികൾ യുഎഇ കമ്മീഷൻ ഫോർ അക്കാദമിക് അക്രഡിറ്റേഷൻ അം​ഗീകാരമുള്ള സർവ്വകലാശാലകളെപ്പറ്റി കൂടുതലറിയുകയും ശേഷം ഇതേ അതോറിറ്റി അം​ഗീകാരം നൽകിയിട്ടുള്ള അക്കാദമിക് പ്രോ​ഗ്രാമുകളെ പറ്റി അറിയുകയും വേണം. ഓരോ സ്ഥാപനത്തിന്റെയും അഡ്മിഷൻ മാനദണ്ഡങ്ങൾ മനസ്സിലാക്കേണ്ടതും അനിവാര്യമാണ്. കൂടാതെ, സ്ഥാപനവും ജിഡിആർഎഫ്എയും നിഷ്കർഷിക്കുന്ന ജനറൽ വിസ, റസിഡൻസി ആവശ്യകതകൾ എന്നിവയും അറിഞ്ഞിരിക്കണം. ലഭ്യമായ സ്കോളർഷിപ്പ് സാധ്യതകളെക്കുറിച്ചും അഡ്മിഷൻ നടപടികളെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി യുഎഇയിലുള്ള നിങ്ങളുടെ രാജ്യത്തിന്റെ എംബസികളെയും സമാപിക്കാവുന്നതാണ്.

അം​ഗീകൃത യൂണിവേഴ്സിറ്റി സ്പോൺസർ ചെയ്യുന്നതോ അല്ലെങ്കിൽ യുഎഇയിൽ താമസിക്കുന്ന രക്ഷിതാവിന്റെ വിസയുടെയോ കീഴിൽ വിദ്യാർത്ഥിക്ക് യുഎഇയിൽ താമസിക്കാൻ കഴിയും. സ്റ്റുഡന്റ് വിസയുടെ കാലാവധി ഒരു വർഷമാണ്. പിന്നീട് കാലാവധി പുതുക്കാൻ കഴിയും.

യുഎഇയിൽ സ്റ്റുഡന്റ് വിസക്ക് അപേക്ഷിക്കുന്നതിന് മുമ്പായി അം​ഗീകൃത സ്ഥാപനത്തിൽ നിന്നും അഡ്മിഷൻ നേടിയിരിക്കണം. കൂടാതെ, മെഡിക്കൽ സർട്ടിഫിക്കറ്റ്, യൂണിവേഴ്സിറ്റി/ രക്ഷിതാവിന്റെ സ്പോൺസർഷിപ്പ്, ജിഡിആർഎഫ്എയുടെ അവസാന ഘട്ട അം​ഗീകാരം എന്നിവയും ആവശ്യമാണ്.

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ