
ഫേസ്ബുക്കിലൂടെ വെറുതെയിങ്ങനെ കയറിയിറങ്ങി നടക്കുന്നതിനിടെയാണ് കിളിമാനൂരുളള ചട്നി മാമി റെസ്റ്റോറന്റ് ഉടമ മഹേഷിന്റെ ഒരു ചെറുകുറിപ്പ് കണ്ണിൽപെട്ടത്. തന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായ സുമയെക്കുറിച്ചുള്ള കുറിപ്പിൽ നിന്നാണ് കിളിമാനൂർ പുളിമാത്തുളള സുമയെന്ന 38 കാരിയുടെ ജീവിതത്തെ കുറിച്ച് അറിയുന്നത്. കയ്യിൽ രണ്ട് മിഠായിയുമായിട്ടാണ് സുമ അന്ന് കാണാനെത്തിയതെന്ന് അദ്ദേഹം പറയുന്നുണ്ട്, വിശേഷമിതായിരുന്നു, 38ാം വയസിൽ സുമ പത്താം ക്ലാസ് പാസായി, പ്ലസ് ടുവിന് ജോയിൻ ചെയ്തു! ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയിൽ എവിടുന്നാണ് പഠിക്കാനൊക്കെ സമയം എന്ന് മഹേഷ് അത്ഭുതപ്പെടുന്നുണ്ട്. 9 മാസമായി ചട്നി മാമി റെസ്റ്റോറന്റിൽ ക്ലീനിംഗ് സ്റ്റാഫായി ജോലി ചെയ്യുകയാണ് സുമ. സുമ ഏഷ്യാനെറ്റ് ന്യൂസിനോട് ജീവിതം പറയുമ്പോൾ...
എല്ലാവരെയും പോലെ ഞാനും പതിനഞ്ചാമത്തെ വയസിൽ പത്താം ക്ലാസിൽ പഠിക്കാൻ പോയതാണ്. പക്ഷേ പഠനം പൂർത്തിയാക്കാനായില്ല. ജീവിതപ്രതിസന്ധികളിൽ പഠനം മുടങ്ങി. പിന്നെ പഠിക്കാനൊന്നും പോയില്ല. പോകാനുള്ള സാഹചര്യമുണ്ടായില്ല എന്നതാണ് സത്യം. 2 വർഷം വീട്ടിലിരുന്നു. പിന്നെ ചെറിയ ജോലികൾക്ക് പോയി. പിന്നീടാണ് വിവാഹം കഴിഞ്ഞത്. പക്ഷേ വിവാഹജീവിതം നല്ല രീതിയിൽ മുന്നോട്ട് പോയില്ലെന്ന് സുമ പറയുന്നു.എന്നാൽ ജീവിതത്തിലെ തിരിച്ചടികൾ തോൽവി സമ്മതിക്കാനുള്ള കാരണമായി സുമ കാണുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്വന്തമായി അധ്വാനിച്ച്, ആഗ്രഹിച്ചത് പോലെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നതിന്റെ സന്തോഷത്തിലാണ് സുമയിപ്പോൾ. കുട്ടികളെ നല്ലരീതിയിൽ പഠിപ്പിക്കണം. കുറച്ചൂടെ നല്ല ഒരു ജോലി മേടിക്കണം. വീട് നന്നായി നോക്കണം. ഈ ആഗ്രഹങ്ങളാണ് ഇപ്പോൾ മുന്നോട്ട് ജീവിക്കാനുള്ള പ്രേരണയെന്നും സുമയുടെ വാക്കുകൾ. ഇതൊക്കെ യാഥാർത്ഥ്യമാക്കാൻ വേണ്ടിയാണ് 38ാം വയസിൽ പത്താം ക്ലാസ് തുല്യത പരീക്ഷയെഴുതി പാസായി, ഇപ്പോൾ സുമ പ്ലസ് ടുവിന് ജോയിൻ ചെയ്തിരിക്കുന്നത്.
ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആഴ്ചയിലൊരു ഓഫുണ്ട്. അത് ഞായറാഴ്ചയാക്കി എടുക്കും. ഞായറാഴ്ച ദിവസമാണ് ക്ലാസുള്ളത്. രാവിലെ മുതൽ വൈകിട്ട് നാലരവരെയാണ് ക്ലാസ്. ആഴ്ചയിൽ ആറ് ദിവസം ജോലിക്ക് പോകും, ഞായറാഴ്ച ക്ലാസിനും. പരീക്ഷ സമയത്ത് ജോലിക്കിടെ ഫോണിൽ നോക്കിയായിരുന്നു പഠനം. വീടിനടുത്തുള്ള, സാക്ഷരതാ പ്രേരക് ആയി ജോലി നോക്കുന്ന അധ്യാപികയാണ് പത്താം ക്ലാസ് തുല്യത പരീക്ഷയെക്കുറിച്ചുളള കാര്യങ്ങൾ പറഞ്ഞുതന്നത്. ആറ്റിങ്ങൽ സ്കൂളിലാണ് ക്ലാസ് നടക്കുന്നത്. ഇനി എന്തെങ്കിലും നേടിയെടുക്കണമെങ്കിൽ വിദ്യാഭ്യാസം ഉണ്ടെങ്കിലേ സാധിക്കൂ എന്ന തിരിച്ചറിവാണ് പഠിക്കാനുള്ള കാരണത്തിന് പിന്നിലെന്ന് സുമ ആവർത്തിച്ചു പറയുന്നു. പത്താം ക്ലാസിൽ 2 എ പ്ലസും 3 എയും 3 ബിപ്ലസും 3 സിപ്ലസും നേടിയാണ് സുമ പത്താം ക്ലാസ് പാസായത്. പ്ലസ് ടുവിന് ഹ്യുമാനിറ്റീസാണ്.
സ്ഥാപനത്തിൽ നിന്ന് ലഭിക്കുന്ന പിന്തുണ വളരെ വലുതാണെന്ന് സുമയുടെ വാക്കുകൾ. മറ്റെവിടെയെങ്കിലുമായിരുന്നു ജോലി ചെയ്തിരുന്നത് എങ്കിൽ പഠിക്കാൻ സാധിക്കുമായിരുന്നില്ലെന്നും സുമ പറയുന്നു. ഞായറാഴ്ച ലീവ് ചോദിച്ചപ്പോളാണ് എന്താണ് കാര്യമെന്ന് സാർ ചോദിച്ചത്. പഠിക്കാനാണ് എന്ന് പറഞ്ഞപ്പോൾ മഹേഷ് സാറിനും മനീഷ് സാറിനും സന്തോഷമായിരുന്നു. ഒന്നാം ക്ലാസിലും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുണ്ട് സുമയ്ക്ക്. പ്ലസ് ടു കഴിഞ്ഞും തുടർന്ന് പഠിക്കാനാണ് ആഗ്രഹം. ഒന്നിനും സാധിക്കില്ല എന്ന് പറഞ്ഞ് മാറി നിന്നിട്ട് കാര്യമില്ലല്ലോ. ജീവിതമിങ്ങനെ ആയി പോയി. എനിക്കിനി ജീവിച്ചേ മതിയാകൂ. സുമയുടെ ദൃഢനിശ്ചയം നിറഞ്ഞ വാക്കുകളിങ്ങനെ. പ്ലസ് ടു പഠനം പാതി വഴിയിൽ നിർത്തിയ സഹോദരിയും ഇപ്പോൾ തനിക്കൊപ്പം പഠിക്കാൻ വരുന്നുണ്ടെന്ന സന്തോഷവാർത്ത കൂടി സുമ പങ്കുവെക്കുന്നു. പ്രായമൊന്നും പരിഗണിക്കാതെ നിരവധി സ്ത്രീകളാണ് ഇപ്പോൾ തുല്യത പരീക്ഷക്ക് പഠിക്കാനെത്തുന്നതെന്നും സുമ പറയുന്നു. ജോലി സ്ഥലത്ത് വെച്ചാണ് പരീക്ഷ ഫലം അറിയുന്നത്. എല്ലാവരും നല്ല അഭിപ്രായമാണ് പറഞ്ഞത്. എച്ച് ആർ മാനജർ സ്വപ്ന മാഡവും നല്ല സപ്പോർട്ടാണ്. എന്റെ എല്ലാ കാര്യവും അറിയാം. സഹോദരങ്ങളെപ്പോലെയാണ് എല്ലാ സഹപ്രവർത്തകരും പിന്തുണ നൽകി കൂടെ നിൽക്കുന്നത്.
തുല്യത പരീക്ഷയെഴുതുന്നതും പാസാകുന്നതും ഉപരിപഠനത്തിന് പോകുന്നതുമെല്ലാം ഇന്ന് സാധാരണയാണ്. അതിലെന്താണിത്ര പുതുമ എന്ന് ചോദിക്കാൻ വരട്ടെ, തോൽപിച്ചുകളഞ്ഞ ജീവിതത്തോട് പൊരുതി നിൽക്കുന്ന, പ്രത്യാശയുടെ കൈ പിടിച്ച് ആത്മവിശ്വാസത്തിന്റെ കരുത്തിൽ മുന്നറുന്ന സുമയെ പോലുളള സ്ത്രീകൾക്ക് ചില ചെറിയ നേട്ടങ്ങൾ പോലും ആകാശത്തോളം വലിപ്പമുള്ളതാണ്. അവരങ്ങനെയൊന്നും ഒരിടത്തും തോറ്റുകൊടുക്കാൻ തയ്യാറാകില്ല. പൊരുതിക്കൊണ്ടേയിരിക്കും...