വിവിധ പരിപാടികളുമായി ഐഎസ്ആര്‍ഒയുടെ യുടെ ബഹിരാകാശ വാരാചരണം: വിദ്യാർഥികൾക്കും അധ്യാപകർക്കും പങ്കെടുക്കാം

By Web TeamFirst Published Sep 25, 2021, 9:15 AM IST
Highlights

പരിപാടികളിൽ പങ്കെടുക്കാൻ ഇന്നുമുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്ത് കുട്ടികളെ എൻറോൾ ചെയ്യിക്കാം.
 

തിരുവനന്തപുരം: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (Indian Space Research Organisation) വിദ്യാർഥികൾക്കും അധ്യാപകർക്കുമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. വിക്രം സാരാഭായ് സ്പേസ് സെന്‍റർ (വിഎസ്എസ് സി), ഇസ്രോ ഇനേർഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐഐഎസ് യു) ലിക്വിഡ് പ്രൊപ്പൽഷന്‍ സിസ്റ്റം സെന്‍റർ (എൽപിഎസ് സി) എന്നീ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി വിവിധ ക്ലാസുകൾ നടക്കും. വുമൺ ഇൻ സ്പേസ് എന്നതാണ് വാരാചരണ പരിപാടിയുടെ വിഷയം. വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി ഓൺലൈൻ മത്സരങ്ങളും ഉണ്ടാകും. പരിപാടികളിൽ പങ്കെടുക്കാൻ ഇന്നുമുതൽ സെപ്റ്റംബർ 30 വരെ അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്ക് വഴി സ്കൂളുകൾക്ക് രജിസ്റ്റർ ചെയ്ത് കുട്ടികളെ എൻറോൾ ചെയ്യിക്കാം.

യുപി വിഭാഗത്തിന് ഫണ്ടമെന്‍റൽസ് ഒഫ് സ്പേസ് ടെക്നോളജി എന്ന വിഷയത്തിൽ ഒരു മണിക്കൂർ നീളുന്ന ക്ലാസ് നടക്കും.ക്ലാസിന്‍റെ സമയം പിന്നീട് അറിയിക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ഫണ്ടമെന്‍റൽസ് ഒഫ് റോക്കറ്ററി, സാറ്റലൈറ്റ് ടെക്നോളജി ആൻഡ് ഫീൽഡ്സ്(പ്രൊപ്പൽഷൻ,നാവിഗേഷൻ, കൺട്രോൾ) എന്നിവയിലാണ് ക്ലാസുകൾ. വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിലൂടെ ഒക്റ്റോബർ 4 മുതൽ 10വരെ ഏതു ദിവസവും വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിദ്യാർഥികൾക്ക് ചോദ്യങ്ങൾ ഉന്നയിക്കാനും അവസരം ഉണ്ട്‌. പ്രത്യേക ചോദ്യോത്തര പരിപാടിയിൽ വിദഗ്ധർ ഉത്തരം നൽകും.

ആശയങ്ങളും സ്വപ്നങ്ങളും അവതരിപ്പിക്കാം

സ്പേസ് ഹാബിറ്റാറ്റ് ചലഞ്ച് - വിദ്യാർഥികൾക്ക് അവരുടെ ചിന്താശേഷിയെ ബഹിരാകാശ മേഖലയ്ക്കനുയോജ്യമായി ഉപയോഗപ്പെടുത്താവുന്ന പരിപാടിയാണിത്. പുതിയ ഒരു ലോകം കണ്ടെത്തി അവിടെ സുസ്ഥിരമായ ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുക്കാൻ കഴിയുന്ന ദൗത്യത്തെ വിദ്യാർഥികൾക്കു കുറിപ്പു രൂപത്തിൽ അവതരിപ്പിക്കാം. രജിസ്ട്രേഷൻ ഹൈസ്കൂൾ , ഹയർസെക്കൻഡറി എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. മത്സരത്തിൽ മൂന്നു മുതൽ അഞ്ചു വരെ അംഗങ്ങളുള്ള ടീമുകളായി വേണം പങ്കെടുക്കാൻ.

പ്രശ്‍നോത്തരി

8മുതൽ 12വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കായി സ്പേസ് എന്ന വിഷയത്തിലുള്ള ക്വിസ് മൂന്നു ഘട്ടങ്ങളിലായാണ് നടക്കുക. പ്രാഥമിക മത്സരം ഒക്റ്റോബർ 3നും സെമിഫൈനൽ മത്സരം ഒക്റ്റോബർ 7നും ഫൈനൽ മത്സരം ഒക്റ്റോബർ 10നും വീഡിയോ കോൺഫറൻസ് വഴി നടക്കും. സെപ്റ്റംബർ 28 വരെയാണ് ഇതിനുള്ള രജിസ്ട്രേഷൻ സമയം.

ചിത്രരചന

സ്കൂൾ കുട്ടികൾക്ക് മൂന്നു സോണുകളിലായാണ് മത്സരം. എൽപി, യുപി, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നടത്തുന്ന മത്സരങ്ങളിൽ രജിസ്ട്രേഷൻ സൗജന്യമാണ്. ബഹിരാകാശ വാരത്തിന്‍റെ ആശയമായ വുമൺ ഇൻ സ്പേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ചിത്രങ്ങൾ വരയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾ രജിസ്ട്രേഷനു ശേഷം നൽകും. ചിത്രങ്ങൾ ഓൺലൈനിൽ അയയ്ക്കണം.

പ്രസംഗമത്സരം

ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരം നടക്കും. മൂന്നു സോണുകളിലായി മലയാളം,ഹിന്ദി,ഇംഗ്ലീഷ് വിഭാഗങ്ങളിൽ മത്സരിക്കാം. ഓരോ സോണിലും ഓരോ ഇനങ്ങളിൽ സമ്മാനങ്ങൾ നൽകും.

വെർച്വൽ ഓപ്പൺ ഹൗസ്

ഒക്ടോബർ 5ന് നടക്കുന്ന പരിപാടിയിൽ ഏതു പ്രായത്തിലുമുള്ളവർക്കും പങ്കെടുക്കാം.ശാസ്ത്രജ്ഞർ നടത്തുന്ന ക്ലാസുകൾക്ക് പുറമെ ഇസ്രോയുടെ ബഹിരാകാശ ദൗത്യങ്ങളുടെ പ്രദർശനവും മുതിർന്ന ശാസ്ത്രജ്ഞരുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.

ആസ്ട്രോ ഫോട്ടോഗ്രഫി

വിദ്യാർഥികൾക്ക് ഇസ്രോ മെന്‍റർമാരുമായി സംവദിക്കാനും ആസ്ട്രോ ഫോട്ടോഗ്രഫി പഠിക്കാനും ഉതകുന്നതാണ് ഈ മത്സരം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. തുടർന്നുള്ള വിവരങ്ങൾ ഇ-മെയിൽ വഴി അറിയിക്കും.
ഫോൺ :9446177376 ഇമെയിൽ: elocution@lpsc.com

click me!