ആലപ്പുഴയിൽ തൊഴില്‍മേള ഡിസംബർ 3ന്, 1500 -ല്‍ അധികം തൊഴിലവസരങ്ങള്‍, നൂറിലധികം സ്വകാര്യസ്ഥാപനങ്ങളിൽ ഒഴിവ്

By Web TeamFirst Published Dec 1, 2022, 11:14 AM IST
Highlights

ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് പറഞ്ഞു. 

ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടത്തുന്ന തൊഴില്‍മേളയില്‍ ഇതിനകം 1500-ല്‍ അധികം തൊഴിലവസരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി പറഞ്ഞു. ഡിസംബര്‍ മൂന്നിന് കലവൂര്‍ ഗവര്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മേളയില്‍ നൂറിലധികം സ്വകാര്യ സ്ഥാപനങ്ങള്‍ പങ്കെടുക്കും. ഇന്റര്‍വ്യുവിന് ശേഷം ഉടന്‍തന്നെ നിയമന നടപടികള്‍ പൂര്‍ത്തിയാക്കുമെന്ന് പ്രസിഡന്റ് പറഞ്ഞു.

തൊഴില്‍ മേള എ.എം.ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. നോളഡ്ജ് ഇക്കണോമി മിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്. ശ്രീകല മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബു, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. സംഗീത, ടി.വി. അജിത്കുമാര്‍, ബിജുമോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഗൂഗിള്‍ ഫോം വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ പോയവര്‍ക്ക് മൂന്നിന് രാവിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്താമെന്ന് ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9 മണിക്ക് കലവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എത്തണം.

click me!