
അങ്കമാലി: അങ്കമാലി നഗരസഭയുടെയും വിജ്ഞാന എറണാകുളത്തിൻ്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ പ്രാദേശിക തൊഴിൽമേള "ഉന്നതി " സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ. ഷിയോ പോൾ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി നഗരസഭ ജോബ് സ്റ്റേഷന്റെ ഉദ്ഘാടനവും നടന്നു. 15 സ്ഥാപനങ്ങൾ പങ്കെടുത്ത തൊഴിൽമേളയിൽ നൂറിലധികം തൊഴിൽ അന്വേഷകർ പങ്കെടുത്തു. പങ്കെടുക്കാൻ കഴിയാതിരുന്ന സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് വരും ദിവസങ്ങളിൽ നഗരസഭയുടെ തൊഴിൽ കേന്ദ്രത്തിൽ ( ജോബ് സ്റ്റേഷൻ ) തൊഴിൽമേള സംഘടിപ്പിക്കും. എല്ലാ തിങ്കളാഴ്ചയും ഇത്തരത്തിൽ തൊഴിൽമേള സംഘടിപ്പിക്കാനും തീരുമാനമായി.
വിജ്ഞാന എറണാകുളത്തിന്റെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ ബ്ലോക്ക്- മുനിസിപ്പൽതല ജോബ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക തൊഴിൽമേളകൾ പൂർത്തീകരിക്കും. സെപ്റ്റംബർ അവസാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മെഗാ തൊഴിൽമേളയും സംഘടിപ്പിക്കുമെന്ന് വിജ്ഞാനകേരളം ജില്ലാ കോഡിനേറ്റർ ആർ. രാജേഷ് അറിയിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ സിനി ടീച്ചർ അധ്യക്ഷയായി. വിജ്ഞാനകേരളം ജില്ലാ കോർഡിനേറ്റർ ആർ രാജേഷ് പങ്കെടുത്തു.