ജെഇഇ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക്; നേട്ടം കരസ്ഥമാക്കുന്ന ആദ്യത്തെ പെണ്‍കുട്ടിയായി കാവ്യ

By Web TeamFirst Published Mar 25, 2021, 10:43 PM IST
Highlights

ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ 99.978 ശതമാനം മാര്‍ക്കാണ് കാവ്യയ്ക്ക് നേടാനായത്. എന്നാല്‍ 99.98 എന്ന ബെഞ്ച് മാര്‍ക്ക് നേടാനായി മാര്‍ച്ച് സെഷനിലും കാവ്യ പരീക്ഷ എഴുതുകയായിരുന്നു.

ദില്ലി : ജെഇഇ പരീക്ഷയില്‍ 100 ശതമാനം മാര്‍ക്ക് നേടുന്ന ആദ്യ വനിതാ പരീക്ഷാര്‍ത്ഥിയായി കാവ്യ ചോപ്ര. നൂറ് ശതമാനം മാര്‍ക്കോടെ ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷനില്‍ രാജ്യത്ത് ആദ്യമായി ഒന്നാം റാങ്കുനേടുന്ന പെണ്‍കുട്ടിയും കാവ്യയാണ്. ബുധനാഴ്ച പുറത്തുവന്ന ജെഇഇ മെയിന്‍ പരീക്ഷയിലാണ് കാവ്യയുടെ നേട്ടം. ഫെബ്രുവരിയില്‍ നടന്ന പരീക്ഷയില്‍ 99.978 ശതമാനം മാര്‍ക്കാണ് കാവ്യയ്ക്ക് നേടാനായത്. എന്നാല്‍ 99.98 എന്ന ബെഞ്ച് മാര്‍ക്ക് നേടാനായി മാര്‍ച്ച് സെഷനിലും കാവ്യ പരീക്ഷ എഴുതുകയായിരുന്നു.

ദില്ലിയിലെ ഡിപിഎസ് വസന്ത് കുഞ്ചിലെ വിദ്യാര്‍ത്ഥിനിയാണ് കാവ്യ ചോപ്ര. സിബിഎസ്ഇയുടെ പത്താം ക്ലാസ് പരീക്ഷയില്‍ 97.6ശതമാനം നേടിയായിരുന്നു കാവ്യയുടെ വിജയം. ഗണിതശാസ്ത്രം ഇഷ്ടപ്പെടുകയും കംപ്യൂട്ടറുകളെ സ്നേഹിക്കുകയും ചെയ്യുന്ന പെണ്‍കുട്ടിയാണ് മകളെന്നാണ് കാവ്യയുടെ അമ്മ ശിഖ ചോപ്ര ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷയ്ക്ക് ശേഷം ഐഐടി മുംബൈയില്‍ കംപ്യൂട്ടര്‍ സയന്‍സ് എൻജിനിയറിംഗ് പഠിക്കണമെന്നാണ് മകളുടെ താല്‍പര്യമെന്നാണ് ശിഖ ചോപ്ര പ്രതികരിക്കുന്നത്.

സയന്‍സ്, ഗണിത ഒളിംപ്യാഡുകളില്‍ സ്ഥിരമായി പങ്കെടുത്ത് നേട്ടം കൊയ്യുന്ന വിദ്യാര്‍ത്ഥിനി കൂടിയാണ് വിദ്യ. ഫെബ്രുവരിയിലെ ആദ്യ ശ്രമത്തില്‍ കെമിസ്ട്രിയും, ഫിസിക്സിലും ഉദ്ദേശിച്ച രീതിയിലെ പ്രകടനം നടത്താന്‍ കഴിയാതെ വന്നതോടെയാണ് കാവ്യ മാര്‍ച്ചില്‍ പരീക്ഷ വീണ്ടുമെഴുതിയത്. ഓരോ ദിവസവും 7-8 മണിക്കൂര്‍ വരെ എന്‍ട്രന്‍സ് പരീക്ഷയുടെ തയ്യാറെടുപ്പിനായി കാവ്യ ചെലവിട്ടിരുന്നു.

മകളുടെ മിന്നുന്ന നേട്ടത്തിന്‍റെ സന്തോഷത്തിലാണ് ഗണിത ശാസ്ത്ര അധ്യാപികയായ അമ്മയും കംപ്യൂട്ടര്‍ എന്‍ജിനിയറായ പിതാവും ഒന്‍പതാം ക്ലാസുകാരനായ സഹോദരനും. 6.19 ലക്ഷം വിദ്യാര്‍ഥികളാണ് ജെഇഇ മെയിന്‍ പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 13 പേര്‍ മാത്രമാണ് 100 ശതമാനം മാര്‍ക്ക് നേടിയിട്ടുള്ളത്. മെയ് സെഷന് ശേഷമാകും ഓള്‍ ഇന്ത്യാ റാങ്കുകള്‍ പ്രഖ്യാപിക്കുക. 
 

click me!