
'പഠിച്ചാൽ മാത്രമേ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് ഞങ്ങൾക്കറിയാം"- പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ പരിശ്രമത്തിൽ തന്നെ യുജിസി-നെറ്റ് പരീക്ഷ വിജയിച്ച മൂന്ന് സഹോദരിമാരുടെ വാക്കുകളാണിത്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന അമ്മയും പൂജാരിയായ അച്ഛനും മറ്റെന്തിനേക്കാളും പ്രാധാന്യം നൽകിയത് മക്കളുടെ വിദ്യാഭ്യാസത്തിനായിരുന്നു. ഇത്രയും കാലം കഷ്ടപ്പാടുകൾക്കിടയിലും തങ്ങളെ പഠിപ്പിച്ച് വലുതാക്കിയ മാതാപിതാക്കൾക്ക് താങ്ങാവാൻ ഒരുങ്ങുകയാണ് ഈ മൂന്ന് മക്കൾ.
പഞ്ചാബിൽ ഏറ്റവും കുറഞ്ഞ സാക്ഷരതാ നിരക്കുള്ള മാൻസ ജില്ലയിലെ ബുധ്ലാഡ സ്വദേശികളായ റിംപി കൗർ, ഹർദീപ് കൗർ, ബിയാന്ത് കൗർ എന്നിവരാണ് ആ സഹോദരിമാർ. മൂവരും വ്യത്യസ്ത വിഷയങ്ങളിലാണ് ഈ വർഷം യുജിസി-നെറ്റ് വിജയിച്ചത്. റിംപി കമ്പ്യൂട്ടർ സയൻസിലും ബിയാന്ത് ചരിത്രത്തിലും ഹർദീപ് പഞ്ചാബി ഭാഷയിലുമാണ് നെറ്റ് നേടിയത്.
"മൂത്ത സഹോദരി റിംപിക്ക് കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറാകാനാണ് ആഗ്രഹം. ഇളയ സഹോദരി ഹർദീപ് കൗറും ഞാനും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടാൻ കഠിനമായി പരിശ്രമിക്കുകയാണ്. ഞങ്ങൾക്ക് അത് ലഭിക്കുമെന്ന് ഉറപ്പുണ്ട്"- ബിയാന്ത് കൗർ പറഞ്ഞു. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഈ സഹോദരിമാരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. പെൺമക്കൾ ആഗ്രഹിച്ചത് അധ്വാനിച്ച് നേടിയെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവരുടെ പിതാവ് ബിക്കാർ സിംഗ് പറഞ്ഞു. മക്കളെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂവർക്കും ഒരു സഹോദരൻ കൂടിയുണ്ട്. കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ് സഹോദരൻ.
പഠനാവശ്യത്തിനുള്ള ചെലവുകൾ കണ്ടെത്താനായി മൂവരും കുറച്ചുകാലം ഒരു സ്വകാര്യ സ്കൂളിൽ ജോലി ചെയ്തിരുന്നു. യുജിസി - നെറ്റ് വിജയിക്കുന്നവർക്ക് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ജെആർഎഫ് യോഗ്യത നേടുന്നവർക്ക് പിഎച്ച്ഡി ചെയ്യുന്നതിന് പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും.