മാറ്റിവെച്ച എംജി സർവ്വകലാശാല പരീക്ഷകൾ മെയ് 18 മുതൽ പുനരാരംഭിക്കും

By Web TeamFirst Published Apr 24, 2020, 2:24 PM IST
Highlights

സർക്കാർനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നുമുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കും.
 

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവെച്ച എം.ജി. സർവകലാശാല ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷകൾ മേയ് 18 മുതൽ പുനരാരംഭിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. മേയ് 18, 19 തീയതികളിൽ യഥാക്രമം ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകൾ പുനരാരംഭിക്കും.  മേയ് 25 മുതൽ അഞ്ചാം സെമസ്റ്റർ ബിരുദ പ്രൈവറ്റ് പരീക്ഷകൾ നടക്കും. ആറ്, നാല് സെമസ്റ്റർ ബിരുദപരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ യഥാക്രമം മേയ് 25, 28 മുതൽ അതത് കോേളജിൽ നടക്കും.

മേയ് 25-ന് നാലാം സെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ ആരംഭിക്കും. പി.ജി. പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ എട്ടിന് തുടങ്ങും. യു.ജി. രണ്ടാംസെമസ്റ്റർ പരീക്ഷകൾ ജൂൺ രണ്ടാംവാരംമുതൽ നടക്കും. രണ്ടാംസെമസ്റ്റർ പ്രാക്ടിക്കൽ പരീക്ഷകളും ജൂണിൽ പൂർത്തീകരിക്കും. പരീക്ഷകളുടെ വിശദമായ ടൈംടേബിൾ പിന്നീട് പ്രസിദ്ധീകരിക്കും. കൊറോണ നിയന്ത്രണങ്ങളിൽ മേയിൽ ഇളവുകൾ വരുമെന്ന പ്രതീക്ഷയിലാണ് പരീക്ഷകൾ പുനരാരംഭിക്കാനുള്ള ടൈംടേബിളുകൾ തയ്യാറാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. സർക്കാർനിർദേശങ്ങളുടെ അടിസ്ഥാനത്തിലാകും പരീക്ഷകൾ പുനരാരംഭിക്കുക. ജൂൺ ഒന്നുമുതൽ ഒമ്പത് കേന്ദ്രത്തിലായി ഹോം വാല്യുവേഷൻ രീതിയിൽ ഒരാഴ്ചകൊണ്ട് മൂല്യനിർണയം പൂർത്തീകരിക്കും.


 

click me!