
ദില്ലി: പരീക്ഷയെ ഭയപ്പെടേണ്ടതില്ലെന്നും സ്വയം മെച്ചപ്പെടുത്തുന്നതിനുള്ള പരീക്ഷണമായി കാണണമെന്നും വിദ്യാർത്ഥികളെ ഉപദേശിച്ച് പ്രധാനമന്ത്രി മോദി. പരീക്ഷാ പെ ചർച്ചയുടെ വിർച്വൽ പതിപ്പിൽ വിദ്യാർത്ഥികളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമൂഹികവും കുടുബപരവുമായ അന്തരീക്ഷം ചിലപ്പോൾ വിദ്യാർത്ഥികളിൽ സമ്മർദ്ദം സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അത് അഭികാമ്യമായ സംഗതിയല്ല. സമ്മർദ്ദങ്ങളെ പുറത്തു നിർത്തിയിട്ട് വേണം വിദ്യാർത്ഥികൾ പരീക്ഷാ ഹാളിനുളളിൽ പ്രവേശിക്കാൻ. ഒഴിവുസമയങ്ങൾ വിലമതിക്കണമെന്നും ഒഴിവു വേളകൾ ഇല്ലെങ്കിൽ ജീവിതം യന്ത്രസമാനമായി മാറുമെന്നും പ്രധാനമന്ത്രി വിദ്യാർത്ഥികളെ ഉപദേശിച്ചു.
കൊവിഡ് മഹാമാരിയുടെ സമയത്ത് വിദ്യാർത്ഥികൾക്ക് ഒരു വർഷം നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നും അതേ സമയം ചില പ്രത്യേക വിഷയങ്ങളിൽ വിലമതിക്കാനാവാത്ത പാഠങ്ങൾ അവർ ഉൾക്കൊണ്ടിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. പരീക്ഷകളെക്കുറിച്ച് എപ്പോഴും ബോധവാൻമാരായിരിക്കണം. ദീർഘകാല ജീവിതത്തിലെ ചെറിയ ലക്ഷ്യങ്ങളായിട്ടാകണം പരീക്ഷകളെ പരിഗണിക്കേണ്ടത്. ജീവിതം സുദീർഘമാണ്. പരീക്ഷകൾ ജീവിതത്തിലെ ഒരു ഘട്ടം മാത്രമാണ്. മാതാപിതാക്കളും അധ്യാപകരും സുഹൃത്തുക്കളും വിദ്യാർത്ഥികളുടെ മേൽ സമ്മർദ്ദം ചെലുത്തരുത്. സ്വയം പരീക്ഷിക്കുന്നതിനുള്ള അവസരമായി പരീക്ഷകളെ കാണണം. പരീക്ഷയെ ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യമാക്കി മാറ്റരുത്.
മാതാപിതാക്കൾക്കാണ് മക്കളുടെ ശക്തിയും ബലഹീനതയും അറിയാൻ സാധിക്കുന്നത്. എന്നാൽ തങ്ങളുടെ ലക്ഷ്യങ്ങളും സ്വപ്നങ്ങളും നിറവേറ്റുന്നതിനുള്ള ഉപകരണമാക്കി മക്കളെ മാതാപിതാക്കൾ മാറ്റരുത്. അവർക്ക് ആന്തരീകമായ സമ്മർദ്ദം നൽകാതിരുന്നാൽ, അവർ പരീക്ഷയെക്കുറിച്ച് സമ്മർദ്ദത്തിലാകില്ല. അവരുടെ ആത്മവിശ്വാസം വർദ്ധിക്കുകയും ചെയ്യും. 90 മിനിറ്റിലധികം നീണ്ടു നിന്ന ചർച്ചയിൽ അധ്യാപകരും മാതാപിതാക്കളും പ്രധാനമന്ത്രിയിൽ നിന്ന് വിവിധ വിഷയങ്ങളെക്കുറിച്ച് മാർഗനിർദ്ദേശങ്ങൾ തേടി.
എല്ലാവർക്കും എല്ലാക്കാര്യങ്ങളിലും മികച്ചവരാകാൻ സാധിക്കില്ല. എന്നാൽ എത്ര ബുദ്ധിമുട്ടാണെങ്കിലും പാഠഭാഗങ്ങളിൽ നിന്ന് ഒളിച്ചോടുകയും ചെയ്യരുത്. ഏറ്റവും ഏളുപ്പമുള്ള പാഠങ്ങൾ ആദ്യം പഠിക്കുന്ന കാര്യത്തിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം തെളിഞ്ഞ മനസ്സോടെ പഠിക്കാൻ ആരംഭിക്കണം. ഇത് പഠനം കൂടുതൽ എളുപ്പമാക്കും. മുഖ്യമന്ത്രിയായിരുന്നപ്പോഴും പ്രധാനമന്ത്രി പദത്തിലെത്തിയപ്പോഴും ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളാണ് പുതിയ മനസ്സോടെ, മുൻഗണന നൽകി പൂർത്തിയാക്കിയിരുന്നതെന്ന കാര്യവും അദ്ദേഹം വിദ്യാർത്ഥികളുമായി പങ്കുവച്ചു.
പരീക്ഷ പെ ചർച്ചയുടെ നാലാം പതിപ്പാണ് ഓണ്‍ലൈനായി നടന്നത്. ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്. 14 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തത്. 10.5 ലക്ഷം വിദ്യാർത്ഥികൾ, 2.6 ലക്ഷം അധ്യാപകർ, 92,000 രക്ഷകർത്താക്കൾ എന്നിവർ രജിസ്റ്റർ ചെയ്തിരുന്നു. പങ്കെടുത്ത 60 ശതമാനം വിദ്യാർത്ഥികളും 9, 10 ക്ലാസുകളിൽ നിന്നുള്ളവരാണ്. 81 വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കെടുത്തതായി വിദ്യാഭ്യാസ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.