ഫസ്റ്റ് ബെൽ : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

Web Desk   | Asianet News
Published : Jun 14, 2020, 09:03 AM ISTUpdated : Jun 14, 2020, 09:54 AM IST
ഫസ്റ്റ് ബെൽ : തിങ്കളാഴ്ച മുതൽ കൈറ്റ് വിക്ടേഴ്‌സിൽ പുതിയ ക്ലാസുകൾ

Synopsis

തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. 

തിരുവനന്തപുരം: സാങ്കേതിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും ഓൺലൈൻ മാധ്യമങ്ങൾ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്‌ബെൽ' പദ്ധതിയിൽ തിങ്കളാഴ്ച (ജൂൺ 15) മുതൽ പുതിയ ക്ലാസുകൾ സംപ്രേഷണം ചെയ്യും.  ട്രയൽ അടിസ്ഥാനത്തിൽ  സംപ്രേഷണം ചെയ്ത ക്ലാസുകൾ മുഴുവൻ കുട്ടികൾക്കും കാണാൻ അവസരം ഒരുക്കിയിരുന്നു.  തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകൾ സംപ്രേഷണം ചെയ്യുക. 

ആദ്യ ക്ലാസുകൾക്ക് മികച്ച പ്രതികരണമാണ് കുട്ടികളിൽ നിന്നും രക്ഷിതാക്കളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ലഭിച്ചത്. വിക്ടേഴ്‌സ് വെബിൽ 27 ടെറാബൈറ്റ് ഡൗൺലോഡ് ഒരു ദിവസം നടന്നു. യൂട്യൂബിൽ വരിക്കാർ പത്തുലക്ഷത്തോളമായി. പ്ലേ സ്റ്റോറിൽ നിന്നും 16.5 ലക്ഷംപേർ വിക്ടേഴ്‌സ് മൊബൈൽ ആപ്പ് ഡൗൺലോഡു ചെയ്തു. ചില ക്ലാസുകൾ 40 ലക്ഷത്തിലധികം പേർ കാണുകയുണ്ടായി. ഇന്ത്യയ്ക്ക് പുറത്ത് ഗൾഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിൽ നിന്നും ക്ലാസുകൾ കാണുകയുണ്ടായി. ആദ്യ ക്ലാസുകളുടെ ഫീഡ്ബാക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകൾ എഴുതിക്കാണിക്കാനും, ഹിന്ദി ഉൾപ്പെടെയുള്ള ഭാഷാ ക്ലാസുകളിൽ മലയാള വിശദീകരണം നൽകാനും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്താനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് കൈറ്റ്, സി.ഇ.ഒ. കെ.അൻവർ സാദത്ത് അറിയിച്ചു.

കൈറ്റ് വിക്ടേഴ്‌സ് ചാനലിനു പുറമെ ഫേസ്ബുക്കിൽ victerseduchannel ൽ ലൈവായും, യുട്യൂബിൽ  itsvicters  വഴിയും ക്ലാസുകൾ കാണാം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ക്ലാസുകളിൽ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതൽ ഒൻപതുവരെ ക്ലാസുകൾക്ക് നിലവിലുള്ളതുപോലെ ശനി, ഞായർ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാൻ കഴിയാത്ത കുട്ടികൾക്ക് പിന്നീട് വെബിൽ നിന്നും ഓഫ്‌ലൈനായി ഡൗൺലോഡ് ചെയ്തും ക്ലാസുകൾ കാണാം.

തമിഴ് മീഡിയം ക്ലാസുകൾ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകൾ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റിന്റെ പാലക്കാട്, കാസർഗോഡ്, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തിൽ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകൾ തയാറാക്കുന്നത്. ഇത് ആദ്യ അഞ്ചുദിവസം ട്രയൽ അടിസ്ഥാനത്തിലാണ്. ഇവ പ്രാദേശിക കേബിൾ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിൾ കൈറ്റ് വെബ്‌സൈറ്റിൽ  (www.kite.kerala.gov.in)  ലഭ്യമാണ്.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു