പെൺകുട്ടികളെ 'ധീര'കളാക്കാൻ പദ്ധതിയുമായി വനിത ശിശു വികസന വകുപ്പ്

By Web TeamFirst Published Sep 27, 2022, 3:03 PM IST
Highlights

വനിതശിശു വികസന വകുപ്പ് നിർഭയ സെൽ ജില്ലതലത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതായി ആയോധനകലകൾ അഭ്യസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ധീര. 

തൃശൂർ: ആയോധന വിദ്യകള്‍ അഭ്യസിപ്പിച്ച് പെണ്‍കുട്ടികളെ 'ധീര'കളാക്കാന്‍ പദ്ധതിയൊരുക്കി വനിത ശിശു വികസന വകുപ്പ്. അതിക്രമ സാഹചര്യങ്ങളില്‍ വനിതകള്‍ക്ക് സ്വയം സുരക്ഷ ഉറപ്പാക്കാനായി പ്രതിരോധ പരിശീലനം നല്‍കുന്നതിനും അവരില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിനു മായാണ് ധീര പദ്ധതി നടപ്പിലാക്കുന്നത്. തൃശൂർ ജില്ലയിൽ അതിരപ്പിള്ളി, ചാവക്കാട്, കൊടുങ്ങല്ലൂർ, പഞ്ചായത്തുകളിലാണ് ആദ്യ ഘട്ടത്തിൽ ധീര പദ്ധതി നടപ്പിലാക്കുന്നത്. 

10 മുതല്‍ 15 വയസ്സുവരെയുള്ള 30 പെണ്‍കുട്ടികളെ വീതം ഓരോ പഞ്ചായത്തിലും പരിശീലനത്തിനായി തിരഞ്ഞെടുക്കും. കരാട്ടെ, കളരിപ്പയറ്റ്, തായ്കൊണ്ടോ മുതലായ ആയോധനകലകൾ ഇൻസ്ട്രക്ടർമാരെ നിയമിച്ച് പരിശീലനം നൽകും. ജില്ലാതലത്തില്‍ തിരഞ്ഞെടുത്ത 90 പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍ ആർജിക്കാനുള്ള 10 മാസത്തെ പരിശീലനം ഉറപ്പാക്കും. പെൺകുട്ടികളെ പ്രതിരോധത്തിന് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധീരയ്ക്ക് ജില്ലയിൽ  തുടക്കമായിരിക്കുന്നത്. അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിൽ നിന്ന് തിരഞ്ഞെടുത്ത 30 കുട്ടികൾക്കാണ് ജില്ലയിൽ ആദ്യ പരിശീലനം നൽകുന്നതിന് തുടക്കം കുറിച്ചിരിക്കുന്നത്.

സമൂഹത്തിൽ നിന്ന് സ്ത്രീകളും കുട്ടികളോടുമുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ബാല്യകാലത്തിൽ തന്നെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധിക്കാനാവശ്യമായ പരിശീലനങ്ങൾ ആവശ്യമാണ്. വനിതശിശു വികസന വകുപ്പ് നിർഭയ സെൽ ജില്ലതലത്തിൽ ലിംഗാധിഷ്ഠിത അതിക്രമങ്ങൾ പ്രതിരോധിക്കുന്നതായി ആയോധനകലകൾ അഭ്യസിപ്പിക്കുന്നതിനായി നടപ്പാക്കുന്ന പദ്ധതിയാണ് ധീര. പെൺകുട്ടികൾക്ക് ആത്മവിശ്വാസവും ധൈര്യവും വളർത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക, സ്വയം രക്ഷ സാധ്യമാക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. ആയോധന വിദ്യകൾ അഭ്യസിപ്പിച്ച് പെൺകുട്ടികളെ ധീരകളാക്കാനും അതിക്രമങ്ങൾക്ക് എതിരെ പ്രതിരോധിക്കാനും പദ്ധതിയുടെ ഭാഗമാകുന്ന വിദ്യാർത്ഥികൾക്ക് കഴിയുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ പി ജെ മഞ്ജു പറഞ്ഞു.

click me!