പുതിയ അധ്യയനവർഷം: പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ട്രയൽ ക്ലാസുകൾ ഇന്ന് മുതൽ

By Web TeamFirst Published Jun 7, 2021, 10:26 AM IST
Highlights

പ്ലസ്ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിയ്ക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാകൂ. 

തിരുവനന്തപുരം: പ്ലസ്ടു വിദ്യാർത്ഥികൾക്കുള്ള ഓൺലൈൻ ട്രയൽ ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ സംപ്രേഷണം ചെയ്യുന്ന ക്ലാസുകളുടെ പുനഃസംപ്രേഷണം ഇതേക്രമത്തില്‍ അടുത്ത ആഴ്ച നടക്കും. പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് രാവിലെ 08.30 മുതല്‍ 10.00 മണി വരെയും വൈകുന്നേരം 05.00 മുതല്‍ 06.00 മണി വരെയുമായാണ് ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.

പ്ലസ്ടുവിന് വിവിധ വിഷയ കോമ്പിനേഷനുകളിലായി പ്രതിദിനം അഞ്ചു ക്ലാസുകള്‍ നല്‍കുന്നുണ്ടെങ്കിലും ഒരു കുട്ടിയ്ക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ലാസുകളേ ഉണ്ടാകൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് ആപ് സ്റ്റോറില്‍ നിന്നും KITE VICTERS എന്ന് നല്‍കി ഡൗണ്‍ലോഡ് ചെയ്യാവുന്ന മൊബൈല്‍ ആപ്പിലൂടെ ഇനി കൈറ്റ് വിക്ടേഴ്സ് പരിപാടികളോടൊപ്പം ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകളും കാണാനാവുമെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ഇതല്ലാതെ മറ്റൊരു മൊബൈല്‍ ആപ്പും പഠനത്തിനായി ഉപയോഗിക്കേണ്ട ആവശ്യം വരുന്നില്ല. കൈറ്റ് വിക്ടേഴ്സിന്റേയും ഫസ്റ്റ്ബെല്‍ ക്ലാസുകളുടേയും പേരുപയോഗിച്ച് വ്യാജ മൊബൈല്‍ ആപ്പുകളും യുട്യൂബ് ചാനലുകളും പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തില്‍ ഇതിനെതിരെയുള്ള നിയമനടപടികള്‍ കൈറ്റ് ആരംഭിച്ചിട്ടുണ്ട്. ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെയും വ്യാഴം മുതല്‍ ശനിവരെയും പുനഃസംപ്രേഷണമായിരിക്കും. ക്ലാസുകളും സമയക്രമവും firstbell.kite.kerala.gov.in ല്‍ തുടര്‍ച്ചയായി ലഭ്യമാക്കും.

click me!