
ദില്ലി: മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകൾ നടത്താൻ തീരുമാനിച്ചതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്റിയാൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രവേശനത്തിനുള്ള ജോയൻറ് എൻട്രൻസ് എക്സാമും (ജെ.ഇ.ഇ) മെഡിക്കൽ പ്രവേശനത്തിനുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പരീക്ഷയും അടുത്ത മാസം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
അഡ്മിറ്റ് കാർഡ് ഇതിനോടകം ഡൗൺലോഡ് ചെയ്ത 80 ശതമാനം വിദ്യാർഥികളും പരീക്ഷ എഴുതുമെന്ന് ദൂരദർശൻ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 'എന്തുകൊണ്ടാണ് പരീക്ഷ നടത്താത്തത് എന്ന് വിദ്യാർത്ഥികളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും നിരന്തരമായ ചോദ്യമുയർന്നിരുന്നു. വിദ്യാർത്ഥികൾ വളരെയധികം ആശങ്കാകുലരായിരുന്നു. എത്ര കാലം പഠിക്കേണ്ടി വരും എന്നതാണ് അവരുടെ ആശങ്ക. മന്ത്രി പറഞ്ഞു. 8.58 ലക്ഷത്തിലധികം കുട്ടികളാണ് ജെഇഇ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 7.25 ലക്ഷം വിദ്യാർത്ഥികളും അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്തു കഴിഞ്ഞു. ഞങ്ങൾ വിദ്യാർത്ഥികൾക്കൊപ്പമാണ്. അവരുടെ സുരക്ഷയ്ക്കാണ് മുൻതൂക്കം. തുടർന്ന് അവരുടെ വിദ്യാഭ്യാസവും.' രമേശ് പൊഖ്റിയാൽ പറഞ്ഞു,
കേന്ദ്ര ആരോഗ്യ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരമായിരിക്കും സ്കൂളുകൾ വീണ്ടും തുറക്കുക എന്നും മന്ത്രി കൂട്ടിച്ചേർത്തു. മാസ്കും ഗ്ലൗസുകളും ധരിച്ചായിരിക്കണം കുട്ടികൾ പരീക്ഷാ ഹാളിലെത്തേണ്ടത്. അതുപോലെ വാട്ടർ ബോട്ടിലും സാനിട്ടൈസറുകളും വ്യക്തിപരമായി കയ്യിൽ കരുതണം. തെർമൽ സ്കാനിംഗിന് ശേഷമായിരിക്കും കുട്ടികളെ ഹാളിനുള്ളിൽ പ്രവേശിപ്പിക്കുക. എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും ഐസൊലേഷൻ മുറികൾ ഉണ്ടായിരിക്കും.