
ഡെറാഡൂൺ: ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ത്രിപ്തി ഭട്ടിന് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിനെ കാണാൻ അവസരം ലഭിച്ചത്. അന്ന് എപിജെ ഒപ്പിട്ടു നൽകിയ ഒരു കത്ത് അവൾക്ക് ജീവിതത്തിൽ സ്വപ്നം കണ്ട ഉയരങ്ങൾ കീഴടക്കുന്നതിനുള്ള പ്രോത്സാഹനം കൂടിയായിരുന്നു. രാജ്യത്തെ ജനങ്ങളെ സേവിക്കുക എന്ന തന്റെ സ്വപ്നം ആഴത്തിൽ അവളിൽ പതിഞ്ഞിരുന്നു. ഒരു അധ്യാപക കുടുംബത്തിൽ ജനിച്ച തൃപ്തിക്ക് അവളുടെ സ്വപ്നങ്ങൾ നേടുന്നതിൽ കുടുംബം മുഴുവൻ പിന്തുണ നൽകി.
എൻജിനീയറിങ്ങിൽ ബിരുദം നേടി. എൻടിപിസിയിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി. സുരക്ഷിതമായ ഒരു കരിയർ ഇതിനോടകം തന്നെ തൃപ്തിക്ക് ലഭിച്ചിരുന്നു. ഐഎസ്ആർഒയിൽ നിന്നുൾപ്പടെ 16 സർക്കാർ ജോലികൾ ലഭിച്ചു. ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആവുക എന്നതായിരുന്നു മനസ്സിലെ സ്വപ്നം. അതുകൊണ്ടായിരിക്കാം തൃപ്തി തനിക്ക് ലഭിച്ച 16 സർക്കാർ ജോലികളും നിരസിച്ചു. പഠിച്ച് യുപിഎസ് സി പരീക്ഷക്കായുള്ള തയാറെടുപ്പുകൾ നടത്തുകയും ചെയ്തു. പരീക്ഷയിൽ വിജയിച്ചു. അധികം വൈകാതെ ഇന്ത്യൻ പോലീസ് സർവീസിൽ ചേരുകയും ചെയ്തു.
2013ൽ ആദ്യ ശ്രമത്തിൽ തന്നെ അഖിലേന്ത്യ തലത്തിൽ 165ാമത് റാങ്ക് നേടിയാണ് തൃപ്തി വിജയിച്ചത്. ഐഎഎസ് യോഗ്യത നേടിയെങ്കിലും ഒരു ഐപിഎസ് ഉദ്യോഗസ്ഥ ആകാനായിരുന്നു തൃപ്തിയുടെ ആഗ്രഹം. ഇന്ന് ഡെറാഡൂണിലെ പോലീസ് സൂപ്രണ്ട് ആയി തൃപ്തി ജോലി ചെയ്യുകയാണ്. പ്രകൃതി ദുരന്തങ്ങളുണ്ടായ സമയത്തുള്ള പ്രവർത്തനങ്ങൾക്കും ക്രമസമാധാനം നിലനിർത്തുന്നതിലും തൃപ്തി ഏവരുടെയും പ്രശംസ ഇതിനോടകം പിടിച്ചുപറ്റിയിട്ടുണ്ട്.
മാരത്തൺ റണ്ണിങ്ങിൽ സ്വർണ മെഡൽ ജേതാവായ തൃപ്തി സംസ്ഥാന തല ബാഡ്മിന്റൺ ചാമ്പ്യനുമാണ്. തായ്ക്വോണ്ടോ, കരാട്ടെ എന്നിവയിലും പരിശീലനം ലഭിച്ചിട്ടുണ്ട്. നമ്മുടെ കഴിവിൽ വിശ്വാസമുണ്ടെങ്കിൽ സ്വപ്നം യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നാണ് തൃപ്തി പറയുന്നത്. നല്ല നിമിഷം വരാനായി കാത്തിരിക്കരുത്, പകരം ഈ നിമിഷത്തെ ഏറ്റവും മികച്ചതാക്കി മാറ്റുകയാണ് വേണ്ടതെന്ന എപിജെ അബ്ദുൽ കലാമിന്റെ വാക്കുകളെ പിന്തുടർന്നാണ് വിജയം കൈവരിക്കാൻ സാധിച്ചതെന്നും തൃപ്തി പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം