റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!

Published : Dec 21, 2025, 11:18 AM IST
Scholarship

Synopsis

റഷ്യൻ ഫെഡറേഷന്റെ 2026-27 അധ്യയന വർഷത്തെ ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദ്യാര്‍ത്ഥികൾക്ക് സുവര്‍ണാവസരം. അപേക്ഷാ നടപടികൾ ആരംഭിച്ചു.

ദില്ലി: റഷ്യൻ ഫെഡറേഷന്റെ 2026-27 അധ്യയന വർഷത്തെ ഗവൺമെന്റ് സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളെ ക്ഷണിക്കുന്നു. വിവിധ വിവിധ വിഷയങ്ങളിൽ റഷ്യയിലെ പ്രമുഖ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

വൈദ്യശാസ്ത്ര രംഗത്തെ വിവിധ കോഴ്സുകൾ ഇംഗ്ലീഷിൽ ലഭ്യമാണെന്ന് റഷ്യൻ ഭരണകൂടം അറിയിച്ചു. അതിനാൽ പ്രവേശന സമയത്ത് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യൻ ഭാഷയിലുള്ള അറിവ് നിർബന്ധമില്ല. എന്നാൽ, റഷ്യൻ ഭാഷ പഠിക്കാൻ താല്പര്യമുള്ളവർക്കായി പ്രധാന കോഴ്സ് തുടങ്ങുന്നതിന് മുൻപ് ഒരു വർഷത്തെ പ്രിപ്പറേറ്ററി ലാംഗ്വേജ് കോഴ്സ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

റഷ്യൻ സർക്കാർ സ്കോളർഷിപ്പിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, കസാൻ, വ്‌ളാഡിവോസ്റ്റോക്ക്, കലിനിൻഗ്രാഡ്, മറ്റ് പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി റഷ്യൻ സർവകലാശാലകളിൽ പഠിക്കാൻ വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കും. ബാച്ചിലേഴ്‌സ്, സ്പെഷ്യലിസ്റ്റ്, മാസ്റ്റേഴ്‌സ്, എംഫിൽ, അഡ്വാൻസ്ഡ് ട്രെയിനിംഗ് എന്നിങ്ങനെ എല്ലാ അക്കാദമിക് തലങ്ങളിലും സ്കോളർഷിപ്പ് ലഭ്യമാണ്. മെഡിസിൻ, ഫാർമസി, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, കൃഷി, സാമ്പത്തിക ശാസ്ത്രം, മാനേജ്മെന്റ്, മാനവികത, ഗണിതം, സാമൂഹിക ശാസ്ത്രം, വ്യോമയാനം, ബഹിരാകാശ പഠനം, കായികം, കല എന്നിവയുൾപ്പെടെ വിവിധ വിഷയങ്ങൾ വിദ്യാർത്ഥികൾക്ക് തിരഞ്ഞെടുക്കാം.

ഈ സ്കോളർഷിപ്പിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പ്രവേശന പരീക്ഷകൾ ഉണ്ടായിരിക്കുന്നതല്ല. പകരം, ഉദ്യോഗാർത്ഥികളുടെ മുൻകാല അക്കാദമിക് നേട്ടങ്ങളും പോർട്ട്‌ഫോളിയോയും പരിശോധിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ഗവേഷണ പ്രബന്ധങ്ങൾ, ശുപാർശ കത്തുകൾ, ദേശീയ-അന്തർദേശീയ തലത്തിലുള്ള മത്സര സർട്ടിഫിക്കറ്റുകൾ, ഒളിമ്പ്യാഡുകൾ, മറ്റ് മികവ് തെളിയിക്കുന്ന രേഖകൾ എന്നിവ പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വർദ്ധിപ്പിക്കും.

ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കുന്നവർക്ക് അവരുടെ താല്പര്യപ്രകാരം ആറ് സർവകലാശാലകൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. എന്നാൽ അന്തിമ പ്രവേശനം സർവകലാശാലകളുടെ മൂല്യനിർണ്ണയത്തിനും സീറ്റുകളുടെ ലഭ്യതയ്ക്കും വിധേയമായിരിക്കും. രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുന്നത്. ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന ആദ്യ ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗും ഉൾപ്പെടുന്നു. രണ്ടാം ഘട്ടത്തിൽ, റഷ്യൻ ശാസ്ത്ര-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് വിദ്യാർത്ഥികൾക്ക് സ്ഥാപനങ്ങൾ അനുവദിക്കുകയും വിസ നടപടികൾ പൂർത്തിയാക്കുകയും ചെയ്യും. യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുന്നതിനും പുതിയ അപ്‌ഡേറ്റുകൾക്കുമായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
ഇന്ത്യയിലെ 50 ലക്ഷം യുവാക്കള്‍ക്ക് ഐബിഎം പരിശീലനം നല്‍കും