
തിരുവനന്തപുരം: പരീക്ഷാ കാലത്ത് കുട്ടികൾക്ക് ആത്മവിശ്വാസം നൽകി അവർക്കൊപ്പം നിൽക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ച് കേരള പൊലീസ്. അവരെ മറ്റുകുട്ടികളുമായി താരതമ്യപ്പെടുത്തരുത്. രക്ഷിതാക്കൾ അനാവശ്യമായ ഉത്കണ്ഠ ഒഴിവാക്കണം. ആത്മവിശ്വാസം കെടുത്തലല്ല, കൊടുക്കലാണ് വേണ്ടതെന്നും പൊലീസ് നിർദേശിച്ചു. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വി എച്ച് എസ് ഇ പരീക്ഷകൾക്ക് ഇന്നലെയാണ് തുടക്കമായത്.
മാർച്ച് 30നാണ് ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയാകുക. 80 ക്യാമ്പുകളിലായി ഏപ്രിൽ മൂന്ന് മുതൽ മെയ് ആദ്യ വാരം വരെ മൂല്യനിർണ്ണയം നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ കുട്ടികളുടെ വാർഷിക പരീക്ഷ മാർച്ച് 13 ന് ആരംഭിക്കും. എസ് എസ് എൽ സി പരീക്ഷ വ്യാഴാഴ്ച തുടങ്ങിയിരുന്നു. മലയാളം, സംസ്കൃതം, അറബി തുടങ്ങിയ ഭാഷാ വിഷയങ്ങൾ പതിവുപോലെ വിദ്യാര്‍ത്ഥികൾ അനായാസമെഴുതി. മോഡൽ പരീക്ഷാ മാതൃകയിലുള്ള ചോദ്യങ്ങളും പാഠപുസ്തകത്തിനകത്ത് ഒതുങ്ങി നിന്ന വിഷയങ്ങളുമായതിനാൽ വേനൽച്ചൂടിലും കൂളായി പരീക്ഷ എഴുതാൻ വിദ്യാര്‍ത്ഥികളായി.
മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഇംഗ്ലീഷ് പരീക്ഷ നടക്കുക. 4.19 ലക്ഷം വിദ്യാര്‍ത്ഥികളാണ് 2960 കേന്ദ്രങ്ങളിലായി എസ് എസ് എൽ സി പരീക്ഷയെഴുതിയത്. കഴിഞ്ഞ രണ്ട് വര്‍ഷവും കൊവിഡ് ഭീഷണി കാരണം ഫോക്ക് ഏരിയ അനുസരിച്ചായിരുന്നു പരീക്ഷ. എന്നാൽ ഇത്തവണ സമ്പൂർണ അധ്യയനം നടന്നതിനാൽ പാഠ ഭാഗം മുഴുവൻ പരീക്ഷയ്ക്കുണ്ട്. കൊവിഡ് വര്‍ഷങ്ങളിൽ ഇല്ലാതിരുന്ന ഗ്രേസ് മാര്‍ക്ക് ഇത്തവണയുണ്ട്. എസ്എസ്എൽസി പരീക്ഷകൾക്കൊപ്പം മറ്റു ക്ലാസുകാരുടെ പരീക്ഷകളും നടക്കുന്നത് അധ്യാപകർക്ക് ഇരട്ടി ഭാരമാണെങ്കിലും ഒന്നും ചെയ്യാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.