R Bindu : കോളേജുകളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ആര്‍ ബിന്ദു

Web Desk   | Asianet News
Published : Jan 20, 2022, 03:23 PM IST
R Bindu : കോളേജുകളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കും: മന്ത്രി ആര്‍ ബിന്ദു

Synopsis

നിലവില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ ഉള്‍പ്പെടെ (higher education sector) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ (skill development centres) സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ജില്ലാ ഭരണകൂടത്തിന്റെയും കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍ തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

നിലവില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് തൊഴില്‍ കമ്പോളത്തിന് ആവശ്യമായ വൈദഗ്ധ്യത്തിന്റെ കുറവുണ്ട്. എഞ്ചിനീയറിംഗ് വിദ്യാഭ്യാസ രംഗത്ത് പ്രശ്നം വളരെ രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വൈദഗ്ധ്യ പോഷണ കേന്ദ്രങ്ങള്‍ സ്ഥാപിച്ച് വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കും. സര്‍വകലാശാലകളെ ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണ കേന്ദ്രമെന്നതിലപ്പുറം, വിദ്യാര്‍ഥികളില്‍ ജീവിതത്തെ ആത്മവിശ്വാസത്തോടെ സമീപിക്കാനുള്ള കരുത്ത് പകരുന്ന കേന്ദ്രങ്ങളാക്കി മാറ്റും. ഇതിനായി അന്താരാഷ്ട്ര ഏജന്‍സികളുമായി കൈകോര്‍ക്കുമെന്നും മന്ത്രി പറഞ്ഞു. 

വിദ്യാര്‍ഥികള്‍ തൊഴില്‍ അന്വേഷകര്‍ എന്നതിലുപരി, തൊഴില്‍ സംരംഭകരും തൊഴില്‍ ദാതാക്കളുമായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അതിനുള്ള പരിശീലനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഞ്ച് വര്‍ഷംകൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ കൊടുക്കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്കെത്തുന്നതിന്റെ ഭാഗമായാണ് ഇത്തരം ജോബ് ഫെയറുകളെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി ജനുവരിയില്‍ 10,000 പേര്‍ക്ക് ജോലി ഉറപ്പുവരുത്താനാണ് ലക്ഷ്യമിടുന്നതെന്നും കലക്ടര്‍ അറിയിച്ചു.  

മാസ്‌കിട്ട് സംസാരിക്കുമ്പോള്‍ ശബ്ദം കേള്‍ക്കുന്നില്ല എന്ന പ്രശ്നത്തിന് പരിഹാരവുമായി ഗവ. എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മുഹമ്മദ് റിഷാന്‍, സവാദ് കെ ടി എന്നിവരും കോളേജ് വിദ്യാര്‍ത്ഥിയായ കെവിന്‍ ജേക്കബ്ബും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ഉപകരണം ക്യുനൈറ്റ്സ് വോയ്സ് ആബ്ലിഫയര്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന് ഗവ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ രഞ്ജിനി ഭട്ടതിരിപ്പാടിന് ഉല്‍പന്നം നല്‍കി.

PREV
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു