Pinarayi Vijayan : ചെറുപ്പക്കാരെ തൊഴിൽദാതാക്കളാക്കി മാറ്റാനുള്ള മനോഭാവം സമൂഹത്തിനുണ്ടാകണം: മുഖ്യമന്ത്രി

By Web TeamFirst Published Dec 3, 2021, 10:50 AM IST
Highlights

സാങ്കേതികവിദ്യയെ മനുഷ്യ ന•യ്ക്കായി ഉപയോഗിക്കുക എന്നതാണു സർക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം.

തിരുവനന്തപുരം: തൊഴിൽ അന്വേഷകർ എന്നതിനേക്കാളുപരി തൊഴിൽ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പൊതുവായ പ്രശ്നങ്ങൾ മനസിലാക്കി ക്രിയാത്മകമായി ഇടപെടാൻ ചെറുപ്പക്കാർക്കു കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ(കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ പുത്തൻ ആശയ രൂപീകരണത്തിന് ഊന്നൽ നൽകി കെ-ഡിസ്‌ക് നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പദ്ധതി രാജ്യത്തുതന്നെ സമാനതകളില്ലാത്തതാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയെ മനുഷ്യ ന•യ്ക്കായി ഉപയോഗിക്കുക എന്നതാണു സർക്കാരിന്റെ കാഴ്ചപ്പാട്. അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് ഉപയോഗപ്പെടുത്തുകയും വേണം. യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള പദ്ധതികൾ ഇതു ലക്ഷ്യംവച്ചുള്ളതാണ്.

നൈപുണ്യ വികസനം, വ്യവസായ പുനഃസംഘടന, കാർഷിക നവീകരണം എന്നിവയ്ക്ക് ഊന്നൽ നൽകി 40,00,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാണു ശ്രമിക്കുന്നത്. ഇവ മൂന്നിലും കൃത്യമായി ഇടപെടാൻ യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിനു കഴിയണം. വിജ്ഞാന സമ്പദ്ഘടനയായും നൂതന സമൂഹമായും കേരളത്തെ പരിവർത്തനപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ഇത് ഉത്തേജനം പകരും. ചെറുപ്പക്കാരുടെ അറിവും ശേഷിയും വ്യക്തിഗത വികാസത്തിനെന്നപോലെ നാടിന്റെ പൊതുവായ നന്മയ്ക്കും പ്രയോജനപ്പെടുത്തണം. ഇതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കാനും പദ്ധതിക്കാകണം.

2018 ൽ ആരംഭിച്ച യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാമിൽ ഏതൊക്കെ മേഖലകളിലെ പ്രശ്നങ്ങൾ കണ്ടെത്തിയെന്നും പരിഹാരമുണ്ടാക്കിയെന്നും വിലയിരുത്തണം. ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം മുതലുള്ള പദ്ധതിയെ രൂപപ്പെടുത്തുകയും നിരന്തരം നവീകരിക്കുകയും വേണം. അപ്പോൾ മാത്രമേ 'ഇന്നൊവേഷൻ' എന്ന ആശയം പൂർണമായി ഉൾക്കൊണ്ടൂവെന്നു കരുതാനാകൂ. 1,00,000 വിദ്യാർഥികൾ, 30,000 ആശയങ്ങൾ എന്ന ലക്ഷ്യത്തിൽ നടപ്പാക്കുന്ന പദ്ധതിക്ക്, സുസ്ഥിരതയിലൂന്നിയുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിൽ നിർണായക പങ്കുവഹിക്കാൻ കഴിയണമെന്നും മുഖ്യന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ അടുത്ത നാലര വർഷംകൊണ്ടു വലിയ മാറ്റമുണ്ടാകുമെന്നു ചടങ്ങിൽ അധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പഠനത്തോടൊപ്പം വിദ്യാർഥികളുടെ നൂതന ആശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും സർക്കാരിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഉത്പാദന മേഖലയുടെ വളർച്ച വേണ്ടത്ര വരുന്നില്ലെന്നതു രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണെന്നു പദ്ധതിയുടെ പ്രീ രജിസ്ട്രേഷൻ ആൻഡ് വോയ്സ് ഓഫ് കസ്റ്റമർ മൊഡ്യൂൾ ഉദ്ഘാടനം ചെയ്തു ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. ഉത്പാദന ശൃംഖലയിൽ നൂതന ആശയങ്ങളും ഇടപെടലുകളും വേണം. ഇതിൽ കേരളത്തിനു കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന പ്രഖ്യാപനമായി പദ്ധതി മാറണം. യുവതലമുറയുടെ സ്വപ്നങ്ങളെ പ്രയോഗ തലത്തിലേക്കെത്തിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
 

click me!