കൊവിഡ് 19: പരീക്ഷകൾ നടക്കുന്ന ക്ലാസ്മുറികൾ സാനിട്ടൈസർ ഉപയോ​ഗിച്ച് വൃത്തിയാക്കണമെന്ന് സർക്കുലർ

By Web TeamFirst Published Mar 18, 2020, 10:47 AM IST
Highlights

കോളജുകളിൽ വിദ്യാർഥികൾക്കു കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസറും ലിക്വിഡ് സോപ്പും ക്രമീകരിക്കണമെന്നും എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കും നൽകിയ സർക്കുലറിലുണ്ട്. 

തിരുവനന്തപുരം: കോവിഡ് 19 ഭീതി വർദ്ധിക്കുന്ന സാഹചര്യത്തിൽ  യൂണിവേഴ്സിറ്റി പരീക്ഷകൾ നട ക്കുന്ന എല്ലാ ക്ലാസ്മുറികളും ബെഞ്ചുകളും ഡെസ്കുകളും സാനിറ്റൈസർ ഉപയോഗിച്ചു പരീക്ഷയ്ക്കു മുൻപും ശേഷവും തുടയ്ക്കണമെന്നു കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ സർക്കുലർ. കോളജുകളിൽ വിദ്യാർഥികൾക്കു കൈകൾ വൃത്തിയാക്കാൻ സാനിറ്റൈസറും ലിക്വിഡ് സോപ്പും ക്രമീകരിക്കണമെന്നും എല്ലാ കോളജ് പ്രിൻസിപ്പൽമാർക്കും കോളജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്കും നൽകിയ സർക്കുലറിലുണ്ട്. പ്രധാനപ്പെട്ട മറ്റ് നിർദ്ദേശങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 

സയൻസ്– കംപ്യൂട്ടർ ലാബുകളിൽ പ്രാക്ടിക്കൽ ക്ലാസുകളും പരീക്ഷകളും നടത്തുമ്പോൾ ഇവയിൽ പ്രവേശിക്കുന്നതിനു മുൻപ് വിദ്യാർഥികൾക്കു സാനിറ്റൈസർ ഉപയോഗിച്ചു കൈ വൃത്തിയാക്കാൻ സൗകര്യം ചെയ്യണം. യാത്ര ചെയ്തു വരുന്ന വിദ്യാർഥികൾക്കു ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിനു മുൻപ് കൈകളും മുഖവും ശുദ്ധീകരിക്കാൻ, കോളജിന്റെ പ്രവേശന കവാടങ്ങളിൽ പോർട്ടബിൾ വാഷ്ബേസിനുകളും ലിക്വിഡ് സോപ്പും ക്രമീകരിക്കണം.കോളജ് കാന്റീൻ പരിസരത്തും ശുചിമുറികളിലും പൊതുടാപ്പ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്തും സാനിറ്റൈസറും ലിക്വിഡ് സോപ്പും വയ്ക്കണം. കോളജ് ലൈബ്രറി, റഫറൻസ് ഹാൾ എന്നിവിടങ്ങളിൽ വിദ്യാർഥികൾ പ്രവേശിക്കും മുൻപ് കൈകൾ വൃത്തിയാക്കാൻ നിർദേശിക്കണം. ഇത്തരം ജാഗ്രത നിർദേശങ്ങൾ സംബന്ധിച്ചു നോട്ടിസ്, ഉച്ചഭാഷണി എന്നിവയിലൂടെ വിദ്യാർഥികളെ ഓർമിപ്പിക്കണം. ഈ ആവശ്യങ്ങൾ നിറവേറ്റാൻ പിടിഎയുടെ സഹായം പ്രിൻസിപ്പൽ തേടണം.


 

click me!